മധുരം വിളമ്പി നിര്‍മ്മല ബജറ്റ് ഒരുക്കം തുടങ്ങി; എന്താണ് ഹല്‍വ സെറിമണി?

ബജറ്റ് അവതരണത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി
Image courtesy: ministry of finance
Image courtesy: ministry of finance
Published on

ഏതൊരു പുതിയ കാര്യവും ആരംഭിക്കുന്നതിന് മുന്നോടിയായി മധുരം കഴിക്കണമെന്നാണ്. കേന്ദ്ര ബജറ്റിന്റെ കാര്യത്തിലും മധുരം പങ്കിട്ടാണ് തുടക്കം. കേന്ദ്ര ബജറ്റിന് മുന്നോടിയായി എല്ലാ വര്‍ഷവും നടത്തുന്ന ആചാരമായ ഹല്‍വ ചടങ്ങ് (Halwa ceremony) ഡല്‍ഹിയില്‍ നടന്നു. പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലുള്ള ധനകാര്യ മന്ത്രാലയത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഹല്‍വ മധുരം പങ്കുവച്ചു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ബജറ്റ് നിര്‍മ്മാണ പ്രക്രിയയുടെ പൂര്‍ത്തീകരണമാണ് ഹല്‍വ ചടങ്ങ്.

ചടങ്ങില്‍ ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍, സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര, സി.ബി.ഡി.ടി ചെയര്‍മാന്‍ നിതിന്‍ കുമാര്‍ ഗുപ്ത എന്നിവരും ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ധനമന്ത്രി മുതല്‍ ബജറ്റ് തയ്യാറാക്കലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ പരിശ്രമത്തിനുള്ള നന്ദി പ്രകടമാക്കുന്നത് കൂടിയാണിത്. 

രഹസ്യാത്മകത കാത്തുസൂക്ഷിക്കും

ഹല്‍വ ചടങ്ങില്‍ ധനമന്ത്രി ഹല്‍വ വിളമ്പിക്കൊടുക്കുകയും സഹമന്ത്രിമാരും ഉദ്യോഗസ്ഥരും കൂടെ കഴിക്കുകയും ചെയ്യും. ശേഷം ബജറ്റിന്റെ രഹസ്യാത്മകത നിലനിര്‍ത്തുന്നതിനായി ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ ബജറ്റിന്റെ നിര്‍മ്മാണത്തിലോ അച്ചടിയിലോ നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ധനമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റില്‍ ഏകദേശം 10 ദിവസത്തേക്ക് താമസിപ്പിക്കും.

ഈ സമയം നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ഒന്നും ഇവര്‍ക്ക് ഉപയോഗിക്കാനാവില്ല. കുടുംബാംഗങ്ങളോട് പോലും സംസാരിക്കാനാവില്ല. സന്ദര്‍ശകരെയും അനുവദിക്കില്ല. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതുവരെ മുഴുവന്‍ ബജറ്റ് പ്രക്രിയയുടെയും രഹസ്യാത്മകത നിലനിര്‍ത്താനും വിവരങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

ഫെബ്രുവരി ഒന്നിന് ബജറ്റ്

ഹല്‍വ സെറിമണിയോടെ ബജറ്റ് അവതരണത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും കേന്ദ്ര ബജറ്റ് കടലാസ് രഹിതമായിരിക്കും. 2021ലാണ് കേന്ദമന്ത്രി ടാബില്‍ ബജറ്റ് വായിച്ചുതുടങ്ങിയത്. ബജറ്റ് ഡോക്യുമെന്റുകള്‍ കേന്ദ്രത്തിന്റെ യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പില്‍ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com