Begin typing your search above and press return to search.
ബജറ്റും ഹല്‍വയും പിന്നെ ഉദ്യോഗസ്ഥരുടെ ഐസൊലേഷനും
തീ പുകയ്ക്കുന്ന ബജറ്റ് പ്രതീക്ഷാ ചര്‍ച്ചയ്ക്കിടയില്‍ ഹല്‍വയ്ക്കെന്താണ് കാര്യമെന്നാണോ? എന്നാല്‍ കാര്യമുണ്ട്. ഹല്‍വയ്ക്ക് നല്ലൊറു റോള്‍ തന്നെയുണ്ട് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട്.
ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലുള്ള ധനകാര്യ മന്ത്രാലയത്തില്‍ ഒരു ഹല്‍വ സല്‍ക്കാരമുണ്ട്. ബജറ്റ് തയ്യാറാക്കലൊക്കെ കഴിഞ്ഞ്, അച്ചടിക്കായി പ്രസില്‍ പോകുന്ന സമയത്താണ് ഈ ഹല്‍വ വിളമ്പല്‍ പരിപാടി. ഹല്‍വ സെറിമണി എന്നു തന്നെയാണ് ഇത് അറിയപ്പെടുന്നത്. ധനമന്ത്രി വിളമ്പിക്കൊടുക്കുകയും സഹമന്ത്രിമാരും ഉദ്യോഗസ്ഥരും കൂടെ കഴിക്കുകയും അച്ചടി ആരംഭിക്കുകയും ചെയ്യും. എല്ലാവര്‍ക്കും കഴിക്കാന്‍ മാത്രം വലിയ ചെമ്പിലാണ് ഹല്‍വ പാചകം ചെയ്യുന്നത്. കഴിഞ്ഞ 70 വര്‍ഷമായി ഈ പരിപാടി നടക്കുന്നു. എന്നാല്‍ ഇത്തവണ ഹല്‍വ സെറിമണി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ്.
നോര്‍ത്ത് ബ്ലോക്കും ഐസൊലേഷനും
ഹല്‍വയും തിന്ന് പുറത്തേക്ക് പോകാനൊന്നുമാവില്ല. പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാതെയാണ് ബജറ്റ് തയ്യാറാക്കല്‍ മുതല്‍ അവതരണം വരെ നോര്‍ത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ കഴിയുക. ഫോണ്‍ ചെയ്യാന്‍, ഔദ്യോഗിക ടെലിഫോണ്‍ മാത്രം. മുഴുസമയം ഐബി നിരീക്ഷണത്തിലായിരിക്കും ഓരോരുത്തരും. കുടുംബക്കാരെ പോലും അടുപ്പിക്കാതെയാണ് ഈ ഐസൊലേഷന്‍. കൊറോണയ്ക്കും മുമ്പേ, അതിലും കഠിനമായി ഐസൊലേഷന്‍ അനുഭവിക്കുന്നവരാണ് ധന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് ചുരുക്കം.
'ക്വാറന്റൈന്‍ ഏരിയ' എന്നാണ് ഇതറിയപ്പെടുന്നത്. ഇരുനൂറോളം ഉദ്യോഗസ്ഥരാണ് ഇതിനകത്ത് ബജറ്റ് പണികളുമായി ബന്ധപ്പെട്ട് ഉണ്ടാവുക. തീറ്റയും കുടിയും എല്ലാം അകത്തു തന്നെ. എന്തിനേറെ, ആംബുലന്‍സ് അടക്കമുള്ള ചികിത്സാ സംവിധാനങ്ങള്‍ വരെ സജ്ജീകരിച്ചിരിക്കും. ഗെയ്റ്റില്‍ സദാസമയം കാവലിനായി പോലീസും ഐബി ഉദ്യോഗസ്ഥരുമുണ്ടാവും. വിവരങ്ങള്‍ ലീക്കായാല്‍ പോയില്ലേ... അതിനാണ് ഇത്രയും സാഹസം.
Next Story
Videos