ബജറ്റ് അവതരണം അല്‍പ്പസമയത്തിനുള്ളില്‍; പ്രതീക്ഷയോടെ ഓഹരി വിപണി; വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംമൂഴത്തിലെ നാലാമത്തെ ബജറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്ക് മുന്‍പാണ് അവതരണം എന്നതാണ് ബജറ്റ് 2022 ന്റെ പ്രധാന വെല്ലുവിളി. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്ര ബജറ്റായിരിക്കും ഇത്തവണത്തേതെന്ന സൂചനയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി നല്‍കുന്ന സൂചന

അസാധാരണ സാഹചര്യമെന്ന വിശേഷണത്താല്‍ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ച നിര്‍മലാ സീതാരാമന് മുന്നില്‍ ഇത്തവണയുള്ളത് കഠിനമായ ലക്ഷ്യങ്ങളാണ്. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പേ നടക്കുന്ന മെഗാ തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. ഇവിടെ കാലിടറിയാല്‍ ഭരണതുടര്‍ച്ചയെന്ന നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടുതല്‍ പ്രയാസമേറിയതാകും. അതുകൊണ്ട് രാഷ്ട്രീയലക്ഷ്യം മുന്നില്‍ വെച്ചുള്ള ജനപ്രിയചേരുവകള്‍ ബജറ്റില്‍ വേണ്ടിവരും.

അതേസമയം പുതിയ ഇന്ത്യയെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ വേണ്ട പരിഷ്‌കരണ നടപടികളും തുടരേണ്ടിയിരിക്കുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും ഗുണം പകരുന്ന സര്‍ക്കാര്‍ എന്ന് നരേന്ദ്ര മോദി പറയുന്നുണ്ടെങ്കിലും തൊഴിലില്ലായ്മയാണ് ഇപ്പോഴത്തെ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. അത് പരിഹരിക്കാന്‍ ബജറ്റിലെന്തുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

വിഭവസമാഹരണത്തിനായി ഓഹരി വില്‍പ്പനയും ആസ്തി പണമാക്കലുമെല്ലാം കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും പ്രതീക്ഷിച്ചപോലെ പച്ചതൊട്ടിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം ഏറെ പ്രതീക്ഷയോടെ നോക്കുന്നത് എല്‍ ഐ സിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയെയാണ്. എല്‍ ഐ സി ഓഹരി വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന കണക്കുകൂട്ടല്‍ കേന്ദ്രത്തിനുണ്ട്. ഓഹരി വിപണി മികച്ച മുന്നേറ്റം തുടര്‍ന്നാല്‍ മാത്രമേ ഈ ലക്ഷ്യം നേടാനാവൂ. അതുകൊണ്ട് തന്നെ ഓഹരി വിപണിക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങളും ഘടകങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ഓഹരി വില്‍പ്പന, സ്വകാര്യവല്‍ക്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാകും അവതരിപ്പിക്കപ്പെടുകയെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നുണ്ട്.

(BOLD) സാമ്പത്തിക സര്‍വെ നല്‍കുന്ന ചിത്രം

2022 -23 ലേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേ 2021-22 ലെ കണക്കുകള്‍ പ്രകാരം കോവിഡ് മഹാമാരിയിലും സമ്പദ്ഘടന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചതായി സൂചിപ്പിക്കുന്നു.

മൊത്തം ആഭ്യന്തര ഉല്‍പാദനം വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 9.2 ശതമാനമായിരിക്കുമെന്ന് സര്‍വ്വേ യില്‍ പറയുന്നു . 2022 -23 സാമ്പത്തിക വര്‍ഷം ജി ഡി പി വളര്‍ച്ച 8-8.5 ശതമാനമായിരിക്കും. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ സേവന മേഖലയുടെ പങ്ക് 50 ശതമാനമാണ്. സേവന മേഖലയുടെ വളര്‍ച്ച 8.2 ശതമാനവും, കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.9%, വ്യാവസായിക മേഖലയുടെ വളര്‍ച്ച 11.8 % . 2020 -21 ല്‍ വ്യാവസായിക വളര്‍ച്ച 7 ശതമാനമായിരുന്നു

കോവിഡിന്റെ ആഘാതത്തിലും കാര്‍ഷിക മേഖലയുടെ മൊത്തം മൂല്യ വര്‍ധനവ് 18 ശതമാനമായിരുന്നു.അരി, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവയുടെ 2015-16 മുതല്‍ 2020 -21 കാലയളവില്‍ സംയുക്ത വാര്‍ഷിക ഉല്‍പാദന വളര്‍ച്ചാ നിരക്ക് യഥാക്രമം 2.7 %, 2.9 %, 4.8 ശതമാനമാണ്. പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു, പരുത്തി എന്നിവയില്‍ യഥാക്രമം 7.9 %, 6.1 %, 2.8 % വളര്‍ച്ച കൈവരിച്ചു.

2021 ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 49.7 % വളര്‍ച്ച കൈവരിച്ചു.

റവന്യു വരുമാനം ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ 67.2 % വര്‍ധിച്ചു, മൂലധന ചെലവുകള്‍ 13.5 % വര്‍ധനവ് രേഖപ്പെടുത്തി. ധനകമ്മി ബജറ്റ് എസ്റ്റിമേറ്റിന്റെ 46.2 ശതമാനത്തില്‍ പിടിച്ചു നിറുത്താന്‍ സാധിച്ചു. ഉപഭോക്തൃ വില സൂചികയില്‍ ഉണ്ടായ 5.2 % വര്‍ധനവ് 2020 ല്‍ ഇതേ കാലയളവിനേക്കാള്‍ 1.4 % കുറവായിരുന്നു.

പ്രത്യക്ഷ നികുതിയില്‍ ഏപ്രില്‍ -നവംബറില്‍ 47.2 % വര്‍ധനവും പരോക്ഷ നികുതിയില്‍ 38.6 % വര്‍ധനവും ഉണ്ടായി. നികുതിയേതര വരുമാനം 79.5 % വര്‍ധിച്ചു. ഡിസംബറില്‍ ബാങ്ക് വായ്പയില്‍ 9.2 ശതമാനം വര്‍ധനവ് ഉണ്ടായി. മൊത്തം മൂലധന ചെലവ് 2021-22 ല്‍ 215,058 കോടി രൂപയാണ്.

വരുന്ന സാമ്പത്തിക വര്‍ഷം സ്വകാര്യ മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് ധന മന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. പ്രതിരോധ കുത്തിവെയ്പ് വര്‍ധിക്കുന്നത്, വിതരണ മേഖലയിലെ പരിഷ്‌കാരങ്ങള്‍, വ്യാപാര വ്യാവസായിക നിയന്ത്രണങ്ങളില്‍ ഇളവുകള്‍, കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയും തുടര്‍ന്നുള്ള സമ്പദ് ഘടനയുടെ വളര്‍ച്ചക്ക് ശക്തി പകരുമെന്ന് സാമ്പത്തിക സര്‍വെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചുകൊണ്ട് ധനകാര്യമന്ത്രി പറഞ്ഞു.

ഇത്രയും അനുകൂല ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ എന്തായിരിക്കും ഓരോരുത്തര്‍ക്കും സന്തോഷിക്കാനുണ്ടാവുക? കാത്തിരിക്കാം ഏതാനും മണിക്കൂറുകള്‍ കൂടി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it