മഹാമാരിയുടെ രണ്ടാംവരവ് സംസ്ഥാനത്തെ ബിസിനസ് മേഖല വീണ്ടും തളര്‍ച്ചയിലേക്ക്?

ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ കാര്യങ്ങള്‍ ഒന്നുമെച്ചപ്പെട്ടതായിരുന്നു. ഏപ്രില്‍ വന്നപ്പോള്‍ എല്ലാം പോയി. ഒന്നിനും ഒരു തീര്‍ച്ചയുമില്ല. ബാങ്കില്‍ നിന്ന് ഇളവില്ല. വാടകയ്ക്ക് ഇളവില്ല. ബിസിനസും കുത്തനെ ഇടിഞ്ഞു. നേരത്തെ ബിസിനസിനെ കുറിച്ച് വളരെ വ്യക്തമായി ചിന്തിച്ച് മുന്നോട്ട് പോകാന്‍ പറ്റുമായിരുന്നു. ഇതിപ്പോ ഒന്നും പറ്റുന്നുമില്ല... സ്റ്റീര്‍ ഫാബ്രിക്കേഷന്‍ മുതല്‍ വുഡ് വര്‍ക്കിംഗ് വരെ നിരവധി മേഖലകളില്‍ ചെറുകിട യൂണിറ്റുകള്‍ നടത്തുന്ന സംരംഭകന്റെ വാക്കുകളില്‍ നിരാശ പടരുന്നു. ചെറുകിട ഇടത്തരം മാനുഫാക്ചറിംഗ് മേഖലയില്‍ തുടങ്ങി നിര്‍മാണ മേഖലയെ വരെ എല്ലായിടത്തും നിഴലിക്കുന്ന പ്രതിസന്ധിയുടെ ചെറിയൊരു രൂപം മാത്രമാണ് ഈ വാക്കുകളില്‍ തെളിയുന്നത്.

അസംസ്‌കൃത വസ്തുക്കള്‍ക്ക് പൊള്ളുന്ന വില, കിട്ടാനുമില്ല
ഇന്ധന വിലക്കയറ്റം കേരളത്തിലെ എല്ലാ മേഖലയിലെ സംരംഭകരെയും വല്ലാതെ വലച്ചിരുന്നു. ചരക്ക് കൂലിയില്‍ വന്ന വര്‍ധനയ്ക്ക് പുറമേ പ്ലാസ്റ്റിക്, പി വി സി, പെയ്ന്റ് തുടങ്ങി പല മേഖലയിലുള്ളവരുടെയും അസംസ്‌കൃത വസ്തുക്കളുടെ വിലയും ഇതുമൂലം കുത്തനെ ഉയര്‍ന്നിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലയും ചരക്ക് കൂലിയും കുത്തനെ കൂടിയിട്ടും പല സംരംഭകരും ഉല്‍പ്പന്ന വില വര്‍ധിപ്പിക്കാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. മുന്‍കൂര്‍ സ്വീകരിച്ച ഓര്‍ഡറുകളില്‍ വില വര്‍ധന സാധ്യവുമായിരുന്നില്ല. ചെറുകിട, ഇടത്തരം മാനുഫാക്ടചറിംഗ് കമ്പനികളെല്ലാം തന്നെ തട്ടിയും തടഞ്ഞും ഇങ്ങനെ മുന്നോട്ട് പോകുന്നതിനിടെയാണ് കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായത്. ഉല്‍പ്പാദന ചെലവ് പോലും ഉല്‍പ്പന്നവിലയില്‍ പ്രതിഫലിപ്പിക്കാതെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വന്ന ഇരുട്ടടിയായി കോവിഡിന്റെ രണ്ടാം വ്യാപനമെന്ന് സംരംഭകര്‍ പറയുന്നു.

വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിയന്ത്രണം വരുത്തുന്നതിനെയും ആശങ്കയോടെയാണ് സംരംഭകര്‍ നോക്കുന്നത്. തൃശൂരിലെ ഒരു വ്യവസായ എസ്‌റ്റേറ്റില്‍ മാത്രം ആഴ്ചയില്‍ 200 ഓളം ഓക്‌സിജന്‍ സിലിണ്ടര്‍ വേണം. പല ചെറുകിട, ഇടത്തരം യൂണിറ്റുകളുടെയും പ്രവര്‍ത്തനത്തിനുള്ള ഏറ്റവും അടിസ്ഥാനമായ സ്റ്റീല്‍ പ്ലേറ്റ് കട്ടിംഗിന് തുടങ്ങി ഓക്‌സിജന്‍ സിലിണ്ടര്‍ അനിവാര്യമാണ്. ഓക്‌സിജന്‍ സിലിണ്ടറിന് നേരത്തേ ദൗര്‍ലഭ്യം വന്നപ്പോള്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. ഇനി അത് ലഭിക്കാതെ വന്നാല്‍ മറ്റൊരു കാരണവുമില്ലെങ്കില്‍ പോലും സംസ്ഥാനത്തെ ഒട്ടനവധി യൂണിറ്റുകള്‍ പൂട്ടിയിടേണ്ടി വരും.
ജീവനക്കാര്‍ കുറയുന്നു, ഇതര സംസ്ഥാനത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡും
പൊതുഗതാഗത സംവിധാനങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നതും പലയിടത്തും പ്രാദേശിക ലോക്ക്ഡൗണും 144ലും പ്രഖ്യാപിച്ചതും ചെറുകിട, ിടത്തരം സംരംഭങ്ങളിലേക്ക് ജോലിക്കു വരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഇടയായിട്ടുണ്ട്. പലരുടെയും വീടുകളിലും കോവിഡ് ഉണ്ട്. മറ്റനേകം പേര്‍ പ്രൈമറി കോണ്‍ടാക്റ്റാണ്. രോഗബാധ ഭയന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അടുത്തിടെ ഇവിടെയെത്തിയവരെ യൂണിറ്റില്‍ ജോലിക്ക് നിയോഗിക്കാനും സംരംഭകര്‍ ഭയക്കുകയാണ്.

സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖലയിലും ജോലിക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്. രണ്ടുമാസമായി കണ്ടുവന്ന ഉണര്‍വ് പെട്ടെന്ന് നിലച്ചുവെന്ന് കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പ്പന രംഗത്തുള്ള സംരംഭകന്‍ പറയുന്നു. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരുന്ന ഈ രംഗത്തെ സംരംഭകര്‍ക്ക് വലിയ തിരിച്ചടിയാണ് കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയാല്‍ നിര്‍മാണ ചെലവ് ഇനിയും ഉയരും. ഈ രംഗത്തെ സിവില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ പലരും ഇപ്പോള്‍ തന്നെ കൈ പൊള്ളിയിരിക്കുകയാണ്. പലരും ഏറ്റെടുത്ത കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത് നഷ്ടം സഹിച്ചാണ്.

ഭവന നിര്‍മാണ മേഖലയിലുള്ളവര്‍ നിലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചവയുടെ വില്‍പ്പന തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. കോവിഡിനെ കേരളം ആദ്യഘട്ടത്തില്‍ ശക്തമായ പ്രതിരോധിച്ചത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നാടിനോടുള്ള ഇഷ്ടം കൂട്ടാനും ഇടയാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ വരെ നാട്ടില്‍ വീട് വാങ്ങാനുള്ള അന്വേഷണങ്ങളും നടത്തിയിരുന്നു. എന്നാല്‍ പെട്ടന്ന് സ്ഥിതിഗതികള്‍ വഷളാക്കിയത് വില്‍പ്പനയെയും സ്വാധീനിക്കുന്നുണ്ട്. ''വീടു വാങ്ങാന്‍ ആവശ്യക്കാര്‍ വന്നിരുന്നുവെങ്കിലും പലരും അതിനുള്ള ബജറ്റ് വല്ലാതെ കുറച്ചിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ കുറച്ചിരുന്നില്ല. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ എന്നാല്‍ അവരുടെ ബജറ്റിനുള്ളില്‍ നിന്ന് വീട് നിര്‍മിക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് വീണ്ടും കോവിഡ് കേസുകള്‍ കൂടിയത്. വീട് ബുക്ക് ചെയ്ത ആരൊക്കെ ഇനി പിന്‍മാറുമെന്നും വ്യക്തമല്ല,'' വില്ലകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയുടെ സാരഥി പറയുന്നു.

(BOLD) തിയേറ്ററുകള്‍ തനിയെ അടഞ്ഞോളുമെന്ന് ഉടമകള്‍, സ്ഥിതി വഷളാക്കിയത് രാഷ്ട്രീയക്കാരെന്നും വിമര്‍ശനം

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എല്ലാ നിയന്ത്രണങ്ങളും രാഷ്ട്രീയക്കാര്‍ കാറ്റില്‍ പറത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പല സംരംഭകരും പറയുന്നു. മാസ്‌ക് ധരിക്കാതെ, വെച്ചാല്‍ തന്നെ താടിയില്‍ താഴ്ത്തി വെച്ച് ആള്‍ക്കൂട്ടം നിരത്ത് നിറഞ്ഞപ്പോള്‍ ആരും നിയന്ത്രിക്കാനോ മുന്നറിയിപ്പ് നല്‍കാനോ ഉണ്ടായില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. രാത്രി കര്‍ഫ്യു കച്ചവട കേന്ദ്രങ്ങളിലും സിനിമാ തിയേറ്ററുകളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നോമ്പുകാലത്ത് രാത്രിയില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കുന്നത് മൂലം ബിസിനസ് 50 ശതമാനം ഇടിഞ്ഞിട്ടുണ്ട്. സിനിമാ തിയേറ്ററുകള്‍, വന്‍തുക ചെലവിട്ട് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്നിട്ട് നാളുകള്‍ കുറച്ചേ ആയുള്ളൂ. അതിനിടെ 7.30 വരെ മാത്രമേ സിനിമാ പ്രദര്‍ശനം പാടുള്ളൂ എന്ന നിബന്ധന വന്നതോടെ തിയേറ്ററുകള്‍ തനിയെ പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തിച്ചതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

(BOLD) ഹൗസ്‌ബോട്ട് വ്യവസായം വീണ്ടും ദുരിതക്കയത്തിലേക്ക്

1500 ഓളം സ്വകാര്യ ബോട്ടുകളുള്ള ആലപ്പുഴയിലെ ഹൗസ് ബോട്ട് - മോട്ടോര്‍ ബോട്ട് വ്യവസായ മേഖല കോവിഡ് രണ്ടാം തരംഗത്തോടെ വീണ്ടും പ്രതിസന്ധിയില്‍. മേഖലയിലെ അയ്യായിരത്തോളം പേരാണ് തൊഴില്‍ അനിശ്ചിതത്വത്തിലായി വീടുകളിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ 80 ശതമാനത്തോളം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബോട്ടുടമകള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പാടുപെടുകയാണ്. വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടായേക്കുമെന്ന ആശങ്ക വേറെയും. കഴിഞ്ഞ ലോക്ഡൗണിനുശേഷം ന്യൂ ഇയര്‍ സീസണ്‍ മുതലാണ് ഹൗസ്‌ബോട്ട് മേഖല പച്ചപിടിച്ചത്. കഴിഞ്ഞ ലോക്ഡൗണും അതിനുശേഷം ജനങ്ങളില്‍ ഉണ്ടായ ഭിതിയും മാറി വന്നു തുടങ്ങിയപ്പോഴാണ് ഹൗസ് ബോട്ടുകള്‍ക്ക് അനക്കം വെച്ചതും പലരും കടക്കെണിയുടെ അരികില്‍ നിന്നും തലനാരിഴയ്ക്ക് തിരികെ എത്തിയതും. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഹൗസ് ബോട്ട് മേഖല വീണ്ടും നിശ്ചലമായതായി ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയഷന്‍ അംഗങ്ങള്‍ പറയുന്നു.

ഹൗസ് ബോട്ടിലെ മുറികള്‍ വാടകയ്ക്ക് നല്‍കി വരുമാനം കണ്ടെത്താനുള്ള വഴികളും പലരും നോക്കുന്നുണ്ട്. എന്നാല്‍ അതിനും ആവശ്യക്കാരില്ല. ഹൗസ് ബോട്ടിലെ ജീവനക്കാര്‍, മറ്റ് ഹോട്ടലുകളില്‍ ദിവസ വേതനത്തിന് പാചകക്കാരായും ഹൗസ് കീപ്പിംഗ് ജോലികള്‍ക്കും പോയി ഉപജീവനമാര്‍ഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

(BOLD) കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയോ?

കോവിഡ് രണ്ടാംതരംഗം 100 ദിവസം നീണ്ടുനിന്നേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് ആദ്യഘട്ടത്തിലേതു പോലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചേക്കില്ല. പക്ഷേ അപ്രഖ്യാപിത ലോക്ക്ഡൗണുകള്‍ ഇവിടെ നിലനില്‍ക്കും. ആദ്യഘട്ടത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും അവരുടെ നിര്‍ദേശപ്രകാരം ബാങ്കുകളും ബിസിനസുകാരുടെ രക്ഷയ്ക്ക് എത്തിയെങ്കിലും രണ്ടാം ഘട്ടത്തില്‍ ഇക്കാര്യങ്ങളില്‍ ഒരുറപ്പും പറയാനാകില്ല. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം അത്ര മെച്ചപ്പെട്ടിട്ടില്ല. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കൈവശം ഒഴുക്കാന്‍ അധികം ഫണ്ടുമില്ല. വാക്‌സിനേഷന്‍ 70 ശതമാനം എത്തുന്നതുവരെ അല്ലെങ്കില്‍ അടുത്ത മൂന്നുമാസം വരെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരാന്‍ തന്നെയാണിട.

ബിസിനസുകാര്‍ ഇനിയും കടമെടുത്താല്‍ മുന്നോട്ട് പോക്ക് ബുദ്ധിമുട്ടേറിയതു തന്നെയാകും. സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും അനുഭാവ പൂര്‍ണമായ സമീപനം കൈകൊണ്ടില്ലെങ്കില്‍ സംസ്ഥാനത്തെ ബിസിനസ് സമൂഹം നിലയില്ലാക്കയത്തിലാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it