'മേരാ യുവ ഭാരത്' സ്വയംഭരണ സ്ഥാപനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ലക്ഷ്യം യുവാക്കള്‍ നയിക്കുന്ന വികസനം

മേരാ യുവ ഭാരത് (MY Bharat) എന്ന സ്വയംഭരണ സ്ഥാപനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. യുവാക്കളുടെ ക്ഷേമവും അവരിലൂടെ രാജ്യത്തിന്റെ വികസനവുമാണ് മേരാ യുവ ഭാരത് എന്ന ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

മേരാ യുവ ഭാരതിന്റെ (MY ഭാരത്) പ്രാഥമിക ലക്ഷ്യം യുവജന വികസനത്തിനായുള്ള ഒരു സര്‍ക്കാര്‍ സംവിധാനം എന്നതാണ്. ഇതിന് കീഴില്‍ രാഷ്ട്രത്തിന്റെ വികസനത്തിനായി യുവാക്കളുടെ ശക്തിയെ വിനിയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്തെ ദേശീയ യുവജന നയത്തിലെ 'യുവജനം' എന്ന നിര്‍വചനത്തില്‍ വരുന്ന 15-29 വയസ് പ്രായമുള്ള യുവാക്കള്‍ക്ക് സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരത് പ്രയോജനപ്പെടും. ഇതിന്റെ ഭാഗമായി 10-19 വയസ് പ്രായമുള്ള കൗമാരക്കാര്‍ക്കായി പ്രത്യേക പദ്ധതികളുമുണ്ടാകും.

പ്രയോജനങ്ങള്‍ ഏറെ

മേരാ യുവ ഭാരത് പോലൊരു സ്വയംഭരണ സ്ഥാപനത്തിന് യുവജനങ്ങളില്‍ നേതൃത്വ വികസനമുണ്ടാക്കാന്‍ കഴിയുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഈ സ്ഥാപനം യുവാക്കള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇടയില്‍ ഒരു ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കും. കൂടാതെ ഇതൊരു കേന്ദ്രീകൃത യുവജന ഡേറ്റാ ബേസ് സൃഷ്ടിക്കും.

Related Articles
Next Story
Videos
Share it