പ്രതിസന്ധികളെ മറികടക്കാന്‍ ഈ ബജറ്റിന് ആവുമോ?
സാമ്പത്തിക മാന്ദ്യം കശക്കിയെറിഞ്ഞ് വ്യാപാര, വ്യവസായ, വാണിജ്യ മേഖലകളേയും സാധാരണക്കാരുടെ ജീവിതത്തേയും തിരികെപിടിക്കാനുള്ള പ്രഖ്യാപനങ്ങള്‍ തൊട്ടുതീണ്ടാത്തതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റെന്നാണ് പൊതു വിലയിരുത്തല്‍. അതേസമയം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന പദ്ധതികള്‍ വന്നത് ആശാവഹമാണെന്നും സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം ലഘൂകരിക്കാനുള്ള ശ്രമമാണ് ബജറ്റിലുള്ളത്. വ്യാപാര മേഖലയിലെ പ്രമുഖര്‍ അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ നികുതി വരുമാനത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ ഇല്ലെന്നത് ബറ്റിന്റെ പ്രധാന പരമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വ്യാവസായിക പാര്‍ക്കുകള്‍, വിഴിഞ്ഞം പദ്ധതിക്കനുബന്ധമായി അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള 1000 കോടി രൂപയുടെ നീക്കിയിരുപ്പ് തുടങ്ങി പുതിയ സമീപനങ്ങളും ബജറ്റിലുണ്ട്.
സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് ഊര്‍ജം പകരാനായിട്ടുള്ള മേക്ക് ഇന്‍ കേരള പദ്ധതി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധനായ എസ്.ആദികേശവന്റെ അഭിപ്രായം. എന്നാല്‍ 92 ശതമാനം ഉല്‍പന്നങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി എത്രയാണെന്ന് ഊഹിച്ചാല്‍ അറിയാം. അതുകൊണ്ട് ആസ്തികൂട്ടുന്ന വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ പോലും കേരളത്തിലില്ലാത്തതിനാല്‍ മെയ്ക്ക് ഇന്‍ കേരള എന്നത് ദീര്‍ഘകാല സ്വപ്നമാണെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസ് സെബാസ്റ്റിയന്‍ വിലയിരുത്തുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളുടേതിന് തുല്യമായ നികുതി
വാണിജ്യ, വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതിയുടെ തീരുവ ഉയര്‍ത്തിയത് ഈ മേഖലയിലുള്ള സംരംഭകര്‍ക്ക് വലിയ തിരിച്ചടിയാകും. മറ്റു സംസ്ഥാനങ്ങള്‍ ഭൂമിയും വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഫ്രീയായി നല്‍കുമ്പോഴാണ് കേരളം വൈദ്യുതി തീരുവ ഏര്‍പ്പെടുത്തുന്നത്. നിക്ഷേപ സൗഹൃദമല്ലെന്ന ചീത്തപ്പേരുള്ള കേരളത്തിന് ഇത് കൂടുതല്‍ തിരിച്ചടിയാവും. വ്യവസായ മേഖലയ്ക്കായി വകയിരുത്തിയ 1259.66 കോടി രൂപയില്‍ എസ്എംഎഇയെ ഉള്‍പ്പെടുത്തിയിരിക്കുന്നത് സംരംഭകര്‍ക്ക് വലിയ ആശ്വാസമാണ്. ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന ശേഷി വര്‍ധന നടപ്പാക്കുന്ന പദ്ധതിയും ഗുണം ചെയ്യും. ആഭ്യന്തര ഉല്‍പാദനത്തിന്റെ തോത് കൂടിയാലേ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാവൂ. അതിനായി വ്യവസായ സൗഹൃദ സംസ്‌കാരവും വിഭവ സമാഹരണത്തിന് അത്യന്താപേക്ഷികമായ തീരുമാനങ്ങളും കൈക്കൊളളണമെന്നാണ് ജോസ് സെബാസ്റ്റിയന്‍ പറയുന്നത്.
ഉല്‍പാദന മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച പകുതി പോലും എത്തിയിട്ടില്ല. മേഖലയില്‍ കാര്യമായ ചലനമുണ്ടാക്കാതെ കേരള മോഡലിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാനാകില്ല. വികസിത രാജ്യങ്ങളുടെ ചുറ്റുപാടുകളുള്ളത് കൊണ്ട് കാര്യമില്ല മറിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളുടേതിന് തുല്യമായ നികുതിയാണ് കേരളത്തിലുള്ളതെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ.ജെ ജോസഫ് പറയുന്നു. വര്‍ഷങ്ങളായി സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കൊവിഡും പ്രളയവും തടസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്രോള്‍ സെസ് വര്‍ധിപ്പിച്ചത് 57 ലക്ഷം ആളുകള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനാണെന്നത് വസ്തുതയാണ്. നോളജ് ഇക്കോണമിയിലേക്കുള്ള മാറ്റത്തിന്റെ തുടര്‍ച്ച ബജറ്റിലുണ്ടെന്നും കെ.ജെ ജോസഫ് ചൂണ്ടിക്കാട്ടി. പെട്രോളിനും ഡീസലിനും കിഫ്ബിയിലേക്ക് ഇപ്പോള്‍ ഒരു രൂപ സെസ് പിരിക്കുന്നുണ്ട്. 10 ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ 10 രൂപ കിഫ്ബിയിലേക്ക് പോകും. ഇതിനു പുറമേയാണ് നിലവിലെ സാമൂഹ്യ സുരക്ഷാ സെസ്.
എങ്ങനെ മറികടക്കാം
വലിയൊരു ധനകാര്യ പ്രതിസന്ധിയിലേക്ക് പോകുമ്പോള്‍ ഒരു സംസ്ഥാനം ചെയ്യേണ്ടത് ഒന്നുകില്‍ കടമെടുക്കാനുള്ള മാര്‍ഗങ്ങളും അറിഞ്ഞിരിക്കണം. റവന്യു കൂട്ടുക അല്ലെങ്കില്‍ ചെലവ് ചുരുക്കുക എന്നീ വഴികളാണ് ഇപ്പോള്‍ സംസ്ഥാനത്തിന് മുന്നിലുള്ളത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താഴോട്ട് പോയി കൊണ്ടിരിക്കുകയാണ്. മറ്റൊരു പ്രഖ്യാപനമാണ് വസ്തു നികുതി 1000 കോടി രുപ സമാഹരിക്കാനുള്ളത്. അത് പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഏല്‍പ്പിക്കാനാണ് ധനകാര്യ മന്ത്രി ബജറ്റിലൂടെ ശ്രമിക്കുന്നത്. ഈ ശ്രമം പരാജയപ്പെടുകയേ ഉള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചിലവ് ചുരുക്കുക എന്നത് വിഭവ സമാഹരണത്തിന് തുല്യമാണ്. 2900 കോടിയുടെ അധിക വിഭവ സമാഹരണത്തിന് ശ്രമിക്കുന്നതിനു പകരം അതിന് തുല്യമായി ചെലവ് ചുരുക്കിയാല്‍ മതിയായിരിക്കും. ഇപ്പോള്‍ കൂട്ടിയ നികുതില്‍ മദ്യം, ഇന്ധനം, വാഹന രജിസ്ട്രേഷന്‍ എന്നിവ അധികം അധ്വാനമില്ലാതെ പിരിഞ്ഞു കിട്ടുന്നവയാണ്. നേരരെ മറിച്ച് ജി.എസ്.ടിയുടെ കാര്യത്തില്‍ വന്‍തോതിലുള്ള വെട്ടിപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഈ മേഖലയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നികുതി വെട്ടിപ്പ് തടയാന്‍ കഴിയും. വരുമാനം മെച്ചപ്പെടുത്തുക തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡ. അത് എത്രമാത്രം വിജയിക്കുന്നുവോ അത്രത്തോളമാകും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുക. വരുമാനം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രഖ്യാപനങ്ങള്‍ക്ക് കടലാസില്‍ തന്നെ ഉറങ്ങാനാകും വിധി.