അനധികൃത കുടിയേറ്റക്കാര്‍ക്കും പൗരത്വം നല്‍കാന്‍ കാനഡ; താത്കാലിക വീസക്കാര്‍ക്കും നേട്ടം

മതിയായ രേഖകളില്ലാതെയും അനധികൃതമായും കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കാന്‍ കാനഡ ഒരുങ്ങുന്നു. നിലവില്‍ മൂന്നുലക്ഷം മുതല്‍ ആറുലക്ഷം വരെ അനധികൃത കുടിയേറ്റക്കാര്‍ കാനഡയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

അനധികൃത കുടിയേറ്റക്കാര്‍ക്ക് പുറമേ താത്കാലിക തൊഴില്‍ വീസയിലും പഠനവീസയിലും കാനഡയിലെത്തിയ ശേഷം കാലാവധി കഴിഞ്ഞിട്ടും തുടരുന്നവര്‍ക്കും പൗരത്വം ലഭ്യമാക്കുമെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ പറഞ്ഞു. കാനഡയുടെ ഈ നീക്കത്തില്‍ കൂടുതല്‍ പ്രയോജനം ലഭിക്കുന്നവരില്‍ ഇന്ത്യക്കാരും ഏറെയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
എല്ലാവര്‍ക്കുമില്ല
എല്ലാ അനധികൃത കുടിയേറ്റക്കാര്‍ക്കും പൗരത്വം നല്‍കാന്‍ ഉദ്ദേശ്യമില്ലെന്ന് മാര്‍ക് മില്ലര്‍ പറഞ്ഞു. സമീപകാലത്ത് കുടിയേറിയവരെ പരിഗണിക്കില്ല. പൗരത്വം നല്‍കാനുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.
കാനഡയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുക, നിയന്ത്രണാതീതമായി ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചുകെട്ടുക, തൊഴില്‍ വൈദഗ്ദ്ധ്യമുള്ള വിദേശികളെ ആകര്‍ഷിക്കുക, സമ്പദ്‌വ്യവസ്ഥയുടെ ഉണര്‍വിന് ആനുപാതികമായി യുവാക്കളുടെ ജനസംഖ്യ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാനഡ വന്‍തോതില്‍ വിദേശികളെ ആകര്‍ഷിക്കുന്നത്.
വിദേശികളേ ഇതിലേ... ഇതിലേ...
തൊഴില്‍ വൈദഗ്ദ്ധ്യമുള്ള വിദേശികള്‍, വിദേശ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന വടക്കേ അമേരിക്കന്‍ രാജ്യമാണ് കാനഡ. 2025വരെ സ്വീകരിക്കേണ്ട വിദേശികളുടെ എണ്ണവും കാനഡ നിശ്ചയിച്ചിട്ടുണ്ട്. ഈ വര്‍ഷം 4.65 ലക്ഷം പേരെയും 2024ല്‍ 4.85 ലക്ഷം പേരെയും 2025ല്‍ 5 ലക്ഷം പേരെയും പൗരത്വം നല്‍കി സ്വീകരിക്കാനാണ് കാനഡ ഔദ്യോഗികമായി ലക്ഷ്യമിടുന്നത്. 2026 മുതല്‍ എണ്ണം കുറയ്ക്കുകയും ചെയ്യും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it