

കോവിഡിന് ശേഷം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേറെയും വിദേശപഠനത്തോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ലോണെടുത്തും ഉള്ളതെല്ലാം വിറ്റും വിദേശത്തേക്ക് കയറിപ്പോകുന്ന കുട്ടികളുടെ എണ്ണം അമ്പരപ്പിക്കുന്നതായിരുന്നു. കോവിഡില്‍ സാമ്പത്തിക സ്ഥിതി മോശമായിരുന്ന വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള കുട്ടികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
വിദേശപഠനത്തിന്റെ നല്ലനാളുകള്‍ അവസാനിക്കുന്നുവെന്ന സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. വിവിധ രാജ്യങ്ങള്‍ സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ക്കായുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. മലയാളികള്‍ ഏറെയും വിദേശ പഠനത്തിനായി തിരഞ്ഞെടുത്തിരുന്നത് കാനഡയും യു.കെയും ആയിരുന്നു.
തുടക്കത്തില്‍ ഇന്ത്യക്കാര്‍ക്കായി വാതില്‍ തുറന്നിട്ട കാനഡ ഇപ്പോള്‍ നിയമങ്ങളെല്ലാം കര്‍ശനമാക്കിയെന്ന് മാത്രമല്ല അപേക്ഷകളിലേറെയും നിരസിക്കുകയാണ്. വിദേശികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടിയതും താമസസൗകര്യത്തിലെ ലഭ്യത കുറവുമാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ നയം മാറ്റാന്‍ പ്രേരിപ്പിച്ചത്. കാനഡയിലേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ട അവസ്ഥയാകും വരിക.
മലയാളി വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി
2024ല്‍ 485,000 ലക്ഷം സ്റ്റഡി പെര്‍മിറ്റ് മാത്രമാകും നല്‍കുക. അപേക്ഷിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും പെര്‍മിറ്റ് കിട്ടില്ലെന്നര്‍ത്ഥം. 2023ല്‍ 5,60,000 വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ എത്താന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവ് വന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കും.
കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നവരില്‍ മുന്നിലുള്ളത് പഞ്ചാബില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തിന് കുറവുവരുത്തും.
ബ്രിട്ടീഷ് കൊളംബിയ, ഒന്‍ഡാറിയോ, ക്യൂബെക് പ്രവിശ്യകളിലെല്ലാം ഇത്തവണ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. മിക്ക പ്രവിശ്യകളിലും ആവശ്യത്തിന് താമസ സൗകര്യങ്ങളില്ലെന്നതും വാടകയില്‍ ഉള്‍പ്പെടെ വലിയ വര്‍ധന വന്നതും അപേക്ഷകള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമായി.
വിദേശ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ വന്നതോടെ തദ്ദേശീയരായ ആളുകള്‍ക്കും വാടകയിനത്തില്‍ വലിയ വര്‍ധന നേരിടേണ്ടി വന്നു. ഇത് അന്നാട്ടുകാരില്‍ സര്‍ക്കാരിനെതിരേ രോഷം ഉയര്‍ന്നു വരാന്‍ കാരണമായി. അടുത്ത വര്‍ഷം കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കും. കുടിയേറ്റം പരിധിവിട്ടു ഉയരുന്നത് സ്വന്തം നാട്ടുകാരുടെ എതിര്‍പ്പ് വര്‍ധിപ്പിക്കുമെന്നതും നയംമാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന ട്യൂഷന്‍ ഫീസും മറ്റും ചുമത്തി തട്ടിക്കൂട്ട് കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വരും. വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട തുക 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 ഡോളറായി (12,64732 ലക്ഷം ഇന്ത്യന്‍ രൂപ) നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine