വീണ്ടും നോട്ടു നിരോധനം? 10 രൂപയുടെ നോട്ടു മാത്രം മതിയെന്ന്! പ്രധാനമന്ത്രിക്ക് ഉപദേശവുമായി ബേണ്‍സ്റ്റീന്‍

അഞ്ചു വര്‍ഷം കൊണ്ട് വലിയ കറന്‍സി നോട്ടുകള്‍ ശരിക്കും കുറയ്ക്കണം. 10 രൂപയുടെ നോട്ടും മറ്റും മതി. മറ്റ് ഉയര്‍ന്ന തുകയുടെ കറന്‍സിയൊന്നും വേണ്ട. അങ്ങനെയൊക്കെ പറഞ്ഞ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ബേണ്‍സ്റ്റീന്‍
വീണ്ടും നോട്ടു നിരോധനം?
 10 രൂപയുടെ നോട്ടു മാത്രം മതിയെന്ന്! പ്രധാനമന്ത്രിക്ക് ഉപദേശവുമായി ബേണ്‍സ്റ്റീന്‍
Published on

10 വര്‍ഷം കടന്നു പോയിട്ടും മറക്കാന്‍ കഴിയാത്ത ദുരനുഭവമാണ് അത്. നോട്ടു നിരോധനം. ഓര്‍മയില്ലേ, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയത്? അതോര്‍ക്കുന്ന ആരും ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ വേണ്ട, ഡിജിറ്റല്‍ ഇടപാട് മതിയെന്ന് അടുത്ത കാലത്തെങ്ങും പറയുമെന്നു തോന്നുന്നില്ല. 2016ല്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് നോട്ടുനിരോധനം വിളംബരം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇനിയൊരിക്കല്‍ അത്തരത്തിലൊന്ന് ചെയ്യുമെന്നു തോന്നുന്നില്ല. ജനം കഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഒരു വിധം തടി രക്ഷിച്ചു എന്നതാണ് പഴയ നോട്ടു നിരോധനത്തിന്റെ കഥ.

ബേണ്‍സ്റ്റീന്‍ വരുന്നു

അന്നേരം ദാ, ബേണ്‍സ്റ്റീന്‍ വരുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമാണ്. അവരുടെ പുതിയ ആഹ്വാനം ഇതാണ്. കറന്‍സിയുടെ ഇടപാട് കുറക്കണം. ഡിജിറ്റല്‍ ഇടപാടിലേക്ക് ഇന്ത്യ മാറണം. അങ്ങനെ പണമിടപാട് കൂടുതല്‍ സുതാര്യമാക്കണം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഏകോപിതമാക്കണം. നികുതി സംവിധാനം വിപുലപ്പെടുത്തണം. സാങ്കേതിക മുന്നേറ്റത്തിന്റെ ഉപയോക്താവായല്ല, നിയന്ത്രകരായി ഇന്ത്യ മാറണം.

ഡിജിറ്റല്‍ പേമെന്റ് വ്യാപകമായി എന്നതൊക്കെ ശരി. എന്നാല്‍ അനൗപചാരിക പണമിടപാടും കറന്‍സിയുടെ വലിയ തോതിലുള്ള ഉപയോഗവും ഇന്ത്യയില്‍ ഇപ്പോഴും നടക്കുന്നതു കൊണ്ട് സുതാര്യത കുറയുന്നു എന്നാണ് ബേണ്‍സ്റ്റീനിന്റെ പക്ഷം. അതുകൊണ്ട് ഇനി എന്തു ചെയ്യണം? അഞ്ചു വര്‍ഷം കൊണ്ട് വലിയ കറന്‍സി നോട്ടുകള്‍ ശരിക്കും കുറയ്ക്കണം. 10 രൂപയുടെ നോട്ടും മറ്റും മതി. മറ്റ് ഉയര്‍ന്ന തുകയുടെ കറന്‍സിയൊന്നും വേണ്ട. അങ്ങനെയൊക്കെ പറഞ്ഞ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ബേണ്‍സ്റ്റീന്‍.

ഇന്ത്യക്ക് കഴിയുമോ?

കറന്‍സി നോട്ട് വേണ്ട, നമുക്ക് ക്യൂ.ആര്‍ കോഡ് മതി. അതുവെച്ചുള്ള പണമിടപാടു മതി എന്നു തീരുമാനിക്കാന്‍ ഇപ്പോഴും ഇന്ത്യക്ക് കഴിയുമോ? പണമിടപാട് ഡിജിറ്റലായും കറന്‍സിയായും നടത്താന്‍ സൗകര്യം ചെയ്തു കൊടുക്കാനേ ഇന്നത്തെ നിലയില്‍ ഇന്ത്യയില്‍ ഏതൊരു സര്‍ക്കാറിനും സാധിക്കൂ. അതുകൊണ്ടാണ്, നിരോധിച്ച 500നു പകരം പുതിയ 500 രൂപ നോട്ടുകള്‍ ഇറക്കിയത്. 2,000 രൂപ നോട്ടിന്റെ പരീക്ഷണം നടത്തിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും ഒറ്റയടിക്ക് 2016ല്‍ സര്‍ക്കാര്‍ പിന്‍വലിച്ചതാണ്. ഡിജിറ്റല്‍ പേമെന്റ് സൗകര്യം വന്നിട്ടും, നിരോധിച്ചതിനേക്കാള്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചു വിതരണം ചെയ്യേണ്ടി വന്നു എന്നതാണ് നോട്ടു നിരോധനത്തിന്റെ മറ്റൊരു വശം.

2016ലെ പാഠം

ഇന്ന് ചായക്കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെ ക്യു.ആര്‍ കോഡാണ്. ചേയ്ഞ്ച് ഇല്ല എന്ന പ്രശ്‌നം മിക്കവാറും ഇല്ല. പണം അയക്കുന്നത് വാട്‌സാപ് മെസേജ് അയക്കുന്നതു പോലെ ഈസി. യു.പി.ഐ ഇല്ലാതെ ഇന്നത്തെ ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. പക്ഷേ, 2016ലെ പാഠം മറക്കണ്ട. നോട്ട് നിരോധനത്തിന് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു: ബ്ലാക്ക് മണി കുറയ്ക്കുക, കാഷ് ഉപയോഗം കുറയ്ക്കുക, നികുതി വരുമാനം വര്‍ധിപ്പിക്കുക എന്നിവ അതില്‍ പ്രധാനം പക്ഷേ, പക്ഷേ സംഭവിച്ചത് അതൊന്നുമല്ല. പഴയ നോട്ടുകളുടെ ഭൂരിഭാഗവും ബാങ്കിലേയ്ക്ക് തിരിച്ചു വന്നു. കാഷ് വീണ്ടും സിസ്റ്റത്തിലേക്ക് തിരിച്ചു കയറി. അനൗപചാരിക സമ്പദ്‌വ്യവസ്ഥ മിക്കവാറും അതേപടി നിലനിന്നു. അതുകൊണ്ട് ബേണ്‍സ്റ്റീന്റെ നിര്‍ദേശം കേള്‍ക്കുന്ന പലര്‍ക്കും തോന്നുക, ഇതെല്ലാം ഇതിനകം പരീക്ഷിച്ചു പരാജയപ്പെട്ടതല്ലേ എന്നാണ്. യഥാര്‍ഥത്തില്‍ ഇന്ത്യക്ക് ക്യാഷ്‌ലെസ് ആകാന്‍ കഴിയില്ല. ഇന്ന് ഒരു കൈയില്‍ യു.പി.ഐ ആപും മറുകൈയില്‍ ക്യാഷുമായി നില്‍ക്കുകയാണ് ഇന്ത്യക്കാര്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ.ആര്‍ സ്‌കാന്‍. ഓട്ടോറിക്ഷയില്‍ ക്യാഷ് മാത്രം. അതായത് ഇന്ത്യക്ക് ക്യാഷും വേണം, ഡിജിറ്റലും വേണം.

കറന്‍സി തന്നെ രാജാവ്

ഈ കഥയില്‍ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. 2016ല്‍ നോട്ടു നിരോധനം സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങള്‍ അനുഭവിച്ചു, പിന്നെ അഡ്ജസ്റ്റ് ചെയ്തു. എന്നാല്‍ ബേണ്‍സ്റ്റീന്‍ പറയുന്ന പോലൊരു മാറ്റത്തിന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പോരാ. ജനം തയാറായാല്‍ മാത്രമേ അത്തരമൊരു മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിയൂ. കാരണം, ഇന്ത്യയില്‍ നയപ്രഖ്യാപനം മാത്രം പോരാ, ഓട്ടോറിക്ഷക്കാരനും വീട്ടമ്മയും പലചരക്കു കടക്കാരനുമെല്ലാം ഡിജിറ്റല്‍ മാറ്റത്തിന് സമ്മതം മൂളുന്ന ഘട്ടത്തില്‍ മാത്രമാണ് 'ക്യാഷ്‌ലെസ്' ഇക്കോണമിയിലേക്ക് ചുവടുവെക്കാന്‍ ഇന്ത്യക്ക് കഴിയുക. ഡിജിറ്റല്‍ എത്ര വളര്‍ന്നാലും അതു വരെ ഇന്ത്യയില്‍ കറന്‍സി തന്നെ രാജാവ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com