ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിന്റെ പകുതി പോലും സമാഹരിക്കാനാകാതെ കേന്ദ്രം

നടപ്പ് സാമ്പത്തിക വര്‍ഷം പാതി പിന്നിടുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിന്റെ പകുതി പോലും സമാഹരിക്കാനാകാതെ കേന്ദ്രം. ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് കേന്ദ്രം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 8,000 കോടി രൂപ മാത്രമാണ് ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചത്.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിച്ചേക്കില്ലെന്ന ആശങ്ക രൂക്ഷം. ഇതോടെ കേന്ദ്രം ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം 51,000 കോടി രൂപയില്‍ നിന്ന് 30,000 കോടി രൂപയിലേക്ക് ചുരുക്കിയേക്കുമെന്ന് ഇകണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്തു.

ആശങ്കയില്‍ ഈ ഓഹരി വില്‍പ്പനകള്‍

കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്, ഹഡ്കോ, റെയില്‍ വികാസ് നിഗം, എസ്.ജെ.വി.എന്‍ എന്നിവയിലെ ഓഹരി വിറ്റഴിക്കലിലൂടെയാണ് കേന്ദ്രം 8,000 കോടി രൂപ സമാഹരിച്ചത്. കേന്ദ്രത്തിന് മുന്നില്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെയും എന്‍.എം.ഡി.സി സ്റ്റീലിന്റെയും ഓഹരി വില്‍പ്പനയാണ് പിന്നീട് ഉണ്ടായിരുന്നത്.

ഐ.ഡി.ബി.ഐ ബാങ്കില്‍ സര്‍ക്കാരിന് 30,000 കോടി രൂപ വിലവരുന്ന 45 ശതമാനം ഓഹരികളുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എല്‍.ഐ.സി) 32,100 കോടി മൂല്യമുള്ള 49.24 ശതമാനം ഓഹരികളും. സര്‍ക്കാരിനും എല്‍.ഐ.സിക്കുമായുള്ള മൊത്തം 94.24 ശതമാനം ഓഹരികളില്‍ 60 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ 2024ലെ ഫെഡറല്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഐ.ഡി.ബി.ഐ ഓഹരി വില്‍പ്പനയുടെ സമയക്രമം നീട്ടി.

ഛത്തീസ്ഗഡില്‍ സ്ഥിതി ചെയ്യുന്ന എന്‍.എം.ഡി.സി സ്റ്റീലില്‍ സര്‍ക്കാരിനുള്ള 50.79 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഈ ഓഹരി വില്‍പ്പനയും റിസര്‍വ് ബാങ്ക് മാറ്റിവച്ചിരിക്കുകയാണ്. ഈ കാലയളവില്‍ ചെറിയ ഓഹരി വിറ്റഴിക്കലുകള്‍ നടക്കുമെങ്കിലും മൊത്തത്തിലുള്ള ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയേക്കില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it