പൊതു ഗതാഗതത്തിന് വിലക്കു തുടരും; കേന്ദ്ര മാര്‍ഗ നിര്‍ദേശമിറങ്ങി
ലോക്ഡൗണ്‍ കാലത്ത് തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങളില്‍ നേരിയ ഇളവുകള്‍ മാത്രം ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനമിറങ്ങി. കാര്‍ഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല.അവശ്യ സാധന വില്‍പ്പന ശാലകളും ചന്തകളും തുറക്കാന്‍ അനുമതിയുണ്ട്. പക്ഷേ, ബാറുകളും ഷോപ്പിങ് മാളുകളും തുറക്കില്ല. ലോക്ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ നല്‍കരുതെന്നു നിര്‍ദേശത്തില്‍ പറയുന്നു.
ഐടി സ്ഥാപനങ്ങള്‍ക്ക് 50% ജീവനക്കാരുമായി തുറക്കാം. തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍, കശുവണ്ടി സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും 50% ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടത്താം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണ റോഡ്, ജലസേചന, കെട്ടിട നിര്‍മാണങ്ങള്‍ അനുവദിക്കാം. നഗരങ്ങള്‍ക്കു പുറത്തുള്ള തൊഴില്‍ ശാലകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കും.
മെയ് 3 വരെ പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്കു തുടരും. പൊതു ഇടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണമായ വിലക്കുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കി. അന്തര്‍ സംസ്ഥാന, ജില്ലാ മെട്രോ, ബസ് സര്‍വീസുകള്‍ അനുവദിക്കില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു ശിക്ഷാര്‍ഹമായ കുറ്റമാണ്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും തുറക്കാന്‍ അനുമതി നല്‍കി. പോസ്റ്റോഫീസുകള്‍ തുറക്കും.കൊറിയര്‍ എജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം.
2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ നല്‍കരുതെന്നും എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശമുണ്ട്.കേരളത്തിലടക്കം പരിമിതമായി പൊതു ഗതാഗതം പുനരാരംഭിക്കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിവന്ന തയ്യാറെടുപ്പ് ഇതോടെ അനിശ്ചിതത്വത്തിലായി.
ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ തുറക്കരുത്. തിയേറ്റര്‍, ബാര്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവയും അടഞ്ഞുകിടക്കും.കാര്‍ഷിക യന്ത്രങ്ങളും, സ്പെയര്‍ പാര്‍ട്സുകളും വില്‍ക്കാം.ഇലക്ട്രിക്, പ്ലംബിങ്, മരപ്പണികള്‍ അനുവദിക്കും ആരാധാനാലയങ്ങള്‍ തുറക്കരുത്. 20 പേര്‍ക്കു മാത്രമേ മൃത സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാകൂ. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാരെ അനുവദിക്കും.
കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ആംബുലന്‍സുകള്‍, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും. ഗോശാലകളും മറ്റു മൃഗസംരക്ഷണ കേന്ദ്രങ്ങളും തുറക്കാം. അംഗന്‍വാടികള്‍ തുറക്കരുത്. ആഴ്ചയിലൊരിക്കല്‍ കുട്ടികള്‍ക്ക് വീട്ടില്‍ ഭക്ഷണമെത്തിച്ച് നല്‍കണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline