കേന്ദ്ര ജീവനക്കാര്‍ക്ക് ' വര്‍ക്ക് ഫ്രം ഹോം ' സൗകര്യം തുടരും
കേന്ദ്ര ജീവനക്കാര്‍ക്കായി 'വര്‍ക്ക് ഫ്രം ഹോം' ശൈലി ഭാഗികമായി തുടരാന്‍ നടപടിയാരംഭിച്ചു. വര്‍ഷത്തില്‍ 15 ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കാനാണ് നീക്കം. കോവിഡിനെത്തുടര്‍ന്ന് 75 മന്ത്രാലയങ്ങള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുള്ള ജോലി നിര്‍ബന്ധമാക്കിയതിന്റെ അനുബന്ധമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനായി വിശദമായ കരടു മാര്‍ഗരേഖ തയ്യാറാക്കി ഈ മാസം 21-നകം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാര്‍ക്കു വര്‍ഷത്തില്‍ 15 ദിവസം വീട്ടിലിരുന്നു ജോലിയെടുക്കാവുന്ന തരത്തില്‍ മന്ത്രാലയങ്ങള്‍ പദ്ധതി തയ്യാറാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശത്തില്‍ ഫയലുകള്‍ ഇ-ഓഫീസിലേക്ക് മാറ്റുന്നതിനെക്കുറിച്ചും പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വീഡിയോ കോണ്‍ഫറന്‍സുകളെക്കുറിച്ചും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ലാപ്ടോപ്പുകള്‍ നല്‍കി ജീവനക്കാര്‍ക്ക് ലോജിസ്റ്റിക് പിന്തുണ നല്‍കുന്നതിനെക്കുറിച്ചും പരാമര്‍ശമുണ്ട്്. ഇനിയുള്ള കാലം സാമൂഹിക അകലം പാലിക്കല്‍ പലപ്പോഴും ആവശ്യമായിവരുമെന്ന നിഗമനമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്.
പല മന്ത്രാലയങ്ങളിലെയും 80 ശതമാനം ജോലികളും ഇ-ഓഫീസ് വഴിയായിക്കഴിഞ്ഞത് 'വര്‍ക്ക് ഫ്രം ഹോം' ശൈലി പ്രായോഗികമാക്കാന്‍ സഹായിക്കും. കേന്ദ്ര മന്ത്രാലയങ്ങളുടെ ഇ-ഓഫീസ് കാര്യക്ഷമമാക്കാനും രഹസ്യസ്വഭാവം ഉറപ്പാക്കാനുമുള്ള സാങ്കേതികസൗകര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചുമതല നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ്.സാങ്കേതിക സഹായം നല്‍കുന്നതിന് ഒരു ഹെല്‍പ്പ് ഡെസ്‌ക് സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം മന്ത്രാലയത്തിനോ വകുപ്പിനോ ആണ്. ജീവനക്കാര്‍ക്ക് ലാപ്ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കണം. ഔദ്യോഗിക ലാപ്ടോപ്പ് നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് അതേ ലാപ്ടോപ്പ് ഉപയോഗിക്കണം.ഓരോ ഫയല്‍ നീങ്ങുമ്പോഴും ഇ-മെയില്‍, എസ്.എം.എസ്. അലര്‍ട്ടുകള്‍ നല്‍കണം. ഉദ്യോഗസ്ഥര്‍ ഓഫീസ് സമയങ്ങളില്‍ ഫോണില്‍ ലഭ്യമായിരിക്കണം.
സുരക്ഷിതമായ നെറ്റ്വര്‍ക്കില്‍ വിദൂരമായി ഇലക്ട്രോണിക് ഫയലുകള്‍ ആക്സസ് ചെയ്യുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കായി ഒരു 'വിപിഎന്‍' (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ) സജ്ജമാക്കാന്‍ കരട് നിര്‍ദ്ദേശിക്കുന്നു. ക്ലാസിഫൈഡ് വിവരങ്ങളൊന്നും ഇ-ഓഫീസ് വഴി കൈകാര്യം ചെയ്യില്ല. പ്രധാനപ്പെട്ട എല്ലാ രേഖകളും ലിങ്കു ചെയ്യുന്നതിന് ഇ-ഓഫീസിലെ നോളജ് മാനേജുമെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാറ്റ ഉപയോഗവുമായി ബന്ധപ്പെട്ട ഏത് ചെലവുകളും ഉദ്യോഗസ്ഥര്‍ക്കു തിരികെ നല്‍കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline