

ജൂലൈ മാസത്തിലെ കേന്ദ്ര ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന. ചരക്ക് സേവന നികുതിയിൽ (GST) നിന്നുള്ള മൊത്ത വരുമാനം ജൂലൈയിൽ 1.96 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലെ കളക്ഷനേക്കാൾ 7.5 ശതമാനം കൂടുതലാണിത്. 2025 ജൂണിലെ കളക്ഷനേക്കാൾ 6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ജി.എസ്.ടി സംവിധാനത്തിന് കീഴിലുള്ള റീഫണ്ടുകൾ കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 2025 ജൂലൈയിൽ ഏകദേശം 67 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,147 കോടി രൂപയാണ് ജൂലൈയില്‍ റീഫണ്ടുകളായി അനുവദിച്ചത്.
ബിസിനസുകളിലെ പണമൊഴുക്കിനെ സഹായിക്കുന്നതാണ് റീഫണ്ടുകളിലുളള വർദ്ധന. കയറ്റുമതിയെ കൂടാതെ ആഭ്യന്തരമായും ജിഎസ്ടി റീഫണ്ടുകൾ വർദ്ധിച്ചുവരുന്നത് മികച്ച പ്രവണതയായാണ് വിലയിരുത്തുന്നത്. പക്വമായ ജിഎസ്ടി വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. അധിക നികുതി പേയ്‌മെന്റുകൾ, വിപരീത തീരുവ ഘടനകൾ (inverted duty structure, സാധനങ്ങള്‍ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻപുട്ടുകളുടെ നികുതി നിരക്ക് പൂർത്തിയായ ഉൽപ്പന്നത്തിന്റെ നികുതി നിരക്കിനേക്കാൾ കൂടുതലാകുക), മറ്റ് ക്രമീകരണങ്ങൾ തുടങ്ങിയവയാണ് ആഭ്യന്തരമായി ഉയർന്ന റീഫണ്ടുകൾ സംഭവിക്കാനുളള കാരണങ്ങള്‍.
റീഫണ്ടുകൾ കിഴിച്ചുളള സർക്കാരിന്റെ മൊത്തം ജിഎസ്ടി വരുമാനം 1.7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ശേഖരിച്ച തുകയേക്കാൾ 1.7 ശതമാനം കൂടുതലാണിത്.
2025 ജൂലൈയിലെ മൊത്ത ആഭ്യന്തര ജി.എസ്.ടി വരുമാനം 1.43 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയേക്കാൾ 6.7 ശതമാനം കൂടുതലാണിത്. ഇറക്കുമതി ജി.എസ്.ടി വരുമാനം (import revenue) മുൻ വർഷത്തേക്കാൾ 9.7 ശതമാനം വര്‍ധിച്ച് 52,712 കോടി രൂപയിലെത്തി.
Central GST revenue in July 2025 rose to ₹1.96 lakh crore with a significant 67% growth in refunds, indicating a maturing tax ecosystem.
Read DhanamOnline in English
Subscribe to Dhanam Magazine