പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 ശതമാനം വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് കേന്ദ്രം

പ്രത്യേക സാമ്പത്തിക മേഖലകളില്‍ (special economic zones) പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങള്‍ക്ക് 2023 ഡിസംബര്‍ 31 വരെ 100 ശതമാനം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ വാണിജ്യ വകുപ്പ് അനുമതി നല്‍കി. ചെറിയ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സേവന മേഖലയിലെ കയറ്റുമതി ഉയര്‍ത്തല്‍ തുടങ്ങിയവയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് കീഴിലുള്ള ഭേദഗതി ചെയ്ത ചട്ടം 43എ പ്രകാരം ഐടി ജീവനക്കാര്‍, ഐടി പ്രാപ്തമാക്കിയ സേവനങ്ങളിലെ ജീവനക്കാര്‍, യാത്ര ചെയ്യുന്ന ജീവനക്കാര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് വീട്ടില്‍ നിന്നോ അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്തോ ജോലി ചെയ്യാന്‍ അനുവദമുണ്ട്.

ജൂലൈയില്‍ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രത്യേക സാമ്പത്തിക മേഖലകളിലെ 50 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോമിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുവരെ പരമാവധി ഒരു വര്‍ഷത്തേക്കാണ് ഇത് അനുവദിച്ചിരുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളുടെ വികസന കമ്മീഷണര്‍മാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനായി കൂടുതല്‍ ആളുകളെ അനുവദിക്കുന്നതിനുള്ള സൗകര്യവും അനുവദിച്ചു.

കൂടാതെ പുതുക്കിയ നിയമപ്രകാരം ജീവനക്കാര്‍ക്ക് ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നല്‍കേണ്ടിവരും. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് നാസ്‌കോമിന്റെ വൈസ് പ്രസിഡന്റും പബ്ലിക് പോളിസി മേധാവിയുമായ ആശിഷ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വര്‍ക്ക് ഫ്രം ഹോം രീതി പല കമ്പനികളും കൂടുതലായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഓഫീസുകള്‍ പലതും അടച്ചു പൂട്ടിയപ്പോള്‍ ജീവനക്കാരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം സഹായിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ജീവനക്കാര്‍ക്കും സൗകര്യപ്രദമാണെന്ന് ചില സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it