കേന്ദ്രത്തില്‍ നിന്ന് ആശ്വാസം! കേരളത്തിന് ₹3,140 കോടി കൂടി കടമെടുക്കാം; മൊത്തം കടം ₹25,000 കോടിയിലേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാരിന് ഒടുവില്‍ താത്കാലിക ആശ്വാസം സമ്മാനിച്ച് കേന്ദ്രസര്‍ക്കാര്‍. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമെടുത്ത വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി തന്നെ കണക്കാക്കുമെന്ന കടുംപിടിത്തത്തില്‍ നേരിയ ഇളവാണ് കേന്ദ്രം അനുവദിച്ചത്.

കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത വായ്പയില്‍ നിന്ന് 3,140.7 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കടമായി കരുതുന്നത് തത്കാലികമായി ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. അതായത്, നടപ്പുവര്‍ഷം 3,140.7 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് കഴിയും. പക്ഷേ, ഈ തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കും.
ഉടനെടുക്കും ₹2,000 കോടിയുടെ കടം
കേന്ദ്രത്തില്‍ നിന്ന് താത്കാലിക ആശ്വാസം കിട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈകാതെ 2,000 കോടി രൂപ കടമെടുക്കും. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടാന്‍ ഈ തുക ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
മൊത്തം കടം ₹25,000 കോടിയിലേക്ക്
നടപ്പുവര്‍ഷം (2023-24) ആകെ 36,940 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുള്ളത്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത കടവും ഈ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയതിനാല്‍ ആകെ കടമെടുക്കാനാവുക 26,931 കോടി രൂപയാണ്.
ഇതില്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവിലേക്കായി അനുവദിച്ച 21,800 കോടി രൂപ നേരത്തെ തന്നെ എടുത്തിരുന്നു. ജനുവരി-മാര്‍ച്ചിലേക്കായി എടുക്കാവുന്ന 5,131 കോടി രൂപയില്‍ 2,000 കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മുന്‍കൂറായി കഴിഞ്ഞയാഴ്ച എടുത്തു. ഈയിനത്തില്‍ ഇനി ബാക്കിയുള്ളത് 3,131 കോടി രൂപയാണ്. ഇതിലേക്കാണ് ഇപ്പോള്‍ 3,140.7 കോടി രൂപ കൂടി എടുക്കാന്‍ അനുവദിച്ചത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 2,000 കോടി രൂപ വായ്പ എടുക്കുക.
ഫലത്തില്‍ ജനുവരി-മാര്‍ച്ച് കാലയളവിലെ ചെലവുകള്‍ക്കായി 4,000 കോടിയോളം രൂപ കേരളത്തിന് കടമെടുക്കാനാകും. എന്നാല്‍, ഈ മാസങ്ങളിലെ ചെലവുകള്‍ക്ക് മൊത്തം 30,000 കോടിയോളം രൂപ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടുതല്‍ കടമെടുക്കാന്‍ കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ജനുവരി-മാര്‍ച്ചിലെ ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
വരുമാനവും ചെലവും
15,000 കോടി രൂപയാണ് കേരള സര്‍ക്കാരിന്റെ പ്രതിമാസ ശരാശരി ചെലവ്. വരുമാനമാകട്ടെ ശരാശരി 12,000 കോടി രൂപയേയുള്ളൂ. ബാക്കിച്ചെലവിനായി കടമെടുക്കുകയാണ് പതിവ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it