Begin typing your search above and press return to search.
കേന്ദ്രത്തിന്റെ 50 വര്‍ഷ പലിശരഹിത വായ്പ: ലിസ്റ്റില്‍ കേരളമില്ല
അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷക്കാലാവധിയില്‍ പലിശരഹിത വായ്പ ലഭ്യമാക്കുന്ന 2023-24ലേക്കുള്ള ഗുണഭോക്തൃ പട്ടികയില്‍ കേരളമില്ല. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക പിന്തുണയായി സഹായം അനുവദിക്കുന്നതാണ് പദ്ധതി.
സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2023-24 പ്രകാരം 16 സംസ്ഥാനങ്ങള്‍ക്കായി 56,415 കോടി രൂപയാണ് ഇപ്പോള്‍ അനുവദിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മൊത്തം 1.3 ലക്ഷം കോടി രൂപ പദ്ധതിക്കായി ഈ വര്‍ഷത്തേക്ക് കേന്ദ്രം വകയിരുത്തുന്നുണ്ട്.
അടിസ്ഥാന സൗകര്യ വായ്പ
ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കുടിവെള്ള വിതരണം, ഊര്‍ജം, റോഡ്, പാലം, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനാണ് വായ്പ അനുവദിക്കുന്നതെങ്കിലും ചില നിബന്ധനകളുമുണ്ട്. സര്‍ക്കാരിന്റെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങുക, നഗരാസൂത്രണം, പൊലീസ് സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി പൊലീസുകാര്‍ക്ക് താമസ സൗകര്യമൊരുക്കല്‍ എന്നിവയ്ക്കും തുക ഉപയോഗിക്കാം.
ടൂറിസം കേന്ദ്രങ്ങളിലോ വാണിജ്യ തലസ്ഥാനങ്ങളിലോ യൂണിറ്റി മാളുകളുടെ നിര്‍മ്മാണം എന്നിവയ്ക്കും പണം ഉപയോഗിക്കണം. ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതിയുടെ പ്രോത്സാഹനത്തിനുള്ളതാണ് യൂണിറ്റി മാളുകള്‍. ജല്‍ ജീവന്‍ മിഷന്‍, പ്രധാനമന്ത്രി ഗ്രാം സഡക് യോജന എന്നിവയ്ക്ക് സംസ്ഥാനത്തിന്റെ വിഹിതമായും തുക വിനിയോഗിക്കാം.
മുന്നില്‍ ബിഹാറും മദ്ധ്യപ്രദേശും ബംഗാളും
അരുണാചല്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മിസോറം, ഒഡീഷ, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ബംഗാള്‍ സംസ്ഥാനങ്ങളാണ് ഇക്കുറി കേന്ദ്രത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചത്.
ഇതില്‍ ഏറ്റവുമധികം തുക നേടുന്നത് ബിഹാറും (9,640 കോടി രൂപ) മദ്ധ്യപ്രദേശും (7,850 കോടി രൂപ), ബംഗാളുമാണ് (7,523 കോടി രൂപ).
പണം ചെലവഴിക്കാതെ സംസ്ഥാനങ്ങള്‍
കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ബജറ്റില്‍ ലക്ഷ്യമിട്ട മൂലധന നിക്ഷേപം നടത്തുന്നതില്‍ അലസത കാണിച്ചുവെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രം മൂലധന പിന്തുണ പ്രഖ്യാപിച്ചതെന്ന കൗതുകമുണ്ട്.
മൂലധന നിക്ഷേപ ലക്ഷ്യത്തിന്റെ 69.4 ശതമാനം തുക മാത്രം പ്രയോജനപ്പെടുത്താനേ കഴിഞ്ഞവര്‍ഷം കേരളത്തിന് കഴിഞ്ഞുള്ളൂ. ഇക്കുറി കേന്ദ്രത്തില്‍ നിന്ന് ഏറ്റവുമധികം തുക നേടുന്ന ബിഹാര്‍ കഴിഞ്ഞവര്‍ഷം നടത്തിയ മൂലധന നിക്ഷേപം 100 ശതമാനത്തിന് മുകളിലാണ്.
Next Story
Videos