സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച നേടുമെന്ന് ധനമന്ത്രാലയം, ആര്‍.ബി.ഐ നയങ്ങള്‍ വളര്‍‌ച്ചയുടെ വേഗത കുറച്ചു

2025 സാമ്പത്തിക വർഷം സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രാലയം. കാർഷിക, വ്യാവസായിക പ്രവർത്തനങ്ങളിലെ നേട്ടമാണ് വളര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയില്‍ വളര്‍ച്ച മങ്ങിയ അവസ്ഥയാണ് രൂപപ്പെട്ടിരുന്നത്.
ആദ്യ പകുതിയിലെ മാന്ദ്യത്തിൻ്റെ കാരണങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) പണ നയ നിലപാടും ധനമന്ത്രാലയത്തിൻ്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ പാദത്തിലെ 6.7 ശതമാനത്തിൽ നിന്നാണ് ഈ താഴ്ച ഉണ്ടായത്. പണപ്പെരുപ്പം ചൂണ്ടിക്കാണിച്ച് 11 തുടർച്ചയായ പണനയ അവലോകന യോഗങ്ങളില്‍ ആര്‍.ബി.ഐ പ്രധാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.

സി.ആർ.ആർ കുറച്ചു

റിസർവ് ബാങ്ക് അവസാന പണനയ അവലോകന യോഗത്തിൽ ക്യാഷ് റിസർവ് റേഷ്യോ (സി.ആർ.ആർ) 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറച്ചത് ഗുണപരമായ സ്വാധീനം ചെലുത്തിയതായും റിപ്പോർട്ടില്‍ പറയുന്നു. ക്രെഡിറ്റ് വളർച്ച വർദ്ധിപ്പിക്കാൻ ഇത് സഹായകരമാണ്. 2025 സാമ്പത്തിക വർഷം ആദ്യ പകുതിയില്‍ ക്രെഡിറ്റ് വളർച്ചയില്‍ കുറവുണ്ടായി. സ്വകാര്യ മേഖലയില്‍ ജോലി അവസരങ്ങള്‍ കുറഞ്ഞത് നഗര ഉപഭോഗ വളർച്ച മന്ദഗതിയിലാക്കി.
ഒക്‌ടോബർ മുതൽ ഡിസംബർ വരെ മികച്ച വളർച്ചാ വീക്ഷണമാണ് പ്രകടിപ്പിക്കുന്നത്. പാദത്തിൻ്റെ ആദ്യ രണ്ട് മാസങ്ങളിൽ ഗ്രാമ-നഗര പ്രദേശങ്ങളില്‍ ശക്തമായ വളര്‍ച്ചയാണ് ഉളളത്. റാബി വിളകൾക്കുള്ള മിനിമം താങ്ങുവില (എം.എസ്.പി) വർദ്ധനവ് മികച്ച തീരുമാനമാണ്. ജല ലഭ്യത, വളം ലഭ്യത തുടങ്ങിയവ റാബി കൃഷിക്ക് അനുകൂലമായ ഘടകങ്ങളാണ്. വ്യാവസായങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കാനുളള സാധ്യതകളാണ് ഉളളത്.

വാഹന വിൽപ്പനയില്‍ വര്‍ധന

സർക്കാർ മൂലധനച്ചെലവിൽ പ്രതീക്ഷിക്കുന്ന വർധന സിമൻറ്, ഇരുമ്പ്, ഉരുക്ക്, ഖനനം, വൈദ്യുതി മേഖലകളെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇരുചക്ര വാഹന വിൽപ്പനയിലും ആഭ്യന്തര ട്രാക്ടർ വിൽപ്പനയിലും യഥാക്രമം 23.2 ശതമാനവും 9.8 ശതമാനവും വളർച്ച കൈവരിച്ചു. പാസഞ്ചർ വാഹന വിൽപ്പന 13.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വളർച്ചയുണ്ടായതായും റിപ്പോർട്ട് പറയുന്നു.
Related Articles
Next Story
Videos
Share it