
നെല്‍കര്‍ഷര്‍ക്ക് 2025-26 ഖാരിഫ് സീസണിലേക്കുള്ള മിനിമം താങ്ങുവില 69 രൂപ വര്‍ധിപ്പിച്ച് 2,369 രൂപയാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. മൊത്തം 2.07 ലക്ഷം കോടി രൂപയുടെ മിനിമം താങ്ങുവില പാക്കേജാണ് മന്ത്രിസഭാ സമിതി അംഗീകരിച്ചത്.
നെല്ല്, ചോളം, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി എന്നിവയുള്‍പ്പെടെയുള്ള ഖാരിഫ് വിളകള്‍ക്കാണ് പുതിയ താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ലാഭം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സാധാരണ നെല്ലിനും എ ഗ്രേഡ് നെല്ലിനും ക്വിന്റലിന് 69 രൂപ വീതം വര്‍ധന വരുത്തി. പയര്‍വര്‍ഗങ്ങളില്‍, തുവരയുടെ താങ്ങുവില ക്വിന്റലിന് 450 രൂപ വര്‍ധിപ്പിച്ച് 8,000 രൂപയാക്കി. ഉഴുന്ന് ക്വിന്റലിന് 400 രൂപ വര്‍ധിപ്പിച്ച് 7,800 രൂപയാക്കി, ചെറുപയറിന് ക്വിന്റലിന് 86 രൂപ വര്‍ധിപ്പിച്ച് 8,768 രൂപയാക്കി.
നൈജര്‍ സീഡിനാണ് (ക്വിന്റില് 820 രൂപ) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന മിനിമം താങ്ങുവില ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാഗി ( ക്വിന്റിന് 596 രൂപ), പരുത്തി (589 രൂപ), എള്ള് (579 രൂപ) എന്നിവയാണ് തൊട്ടുപിന്നില്‍.
അഖിലേന്ത്യ ശരാശരി ഉത്പാദന ചെലവിന്റെ 1.5 മടങ്ങ് എങ്കിലും മിനിമം താങ്ങുവില നിശ്ചയിക്കുക എന്ന 2018-19ലെ കേന്ദ്ര ബജറ്റിലെ നയത്തിന് അനുസൃതമായാണ് ഈ വര്‍ധന.
Read DhanamOnline in English
Subscribe to Dhanam Magazine