പൊതുമേഖലാ ഓഹരി വില്‍പന പാളിയ കേന്ദ്രത്തിന് ലാഭവിഹിതമായി കിട്ടുന്നത് ബമ്പര്‍ ലോട്ടറി!

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പുവര്‍ഷം (2023-24) കേന്ദ്രസര്‍ക്കാര്‍ കീശയിലാക്കാന്‍ ഉന്നമിട്ട വരുമാനം 51,000 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കേ, ഇതുവരെ സമാഹരിക്കാനായത് വെറും 10,052 കോടി രൂപയാണ്.

എന്നാല്‍, നേരേമറിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ നേട്ടം കൊയ്യുകയാണ് കേന്ദ്രം. നടപ്പുവര്‍ഷം 43,000 കോടി രൂപയാണ് ബജറ്റില്‍ ഉന്നമിട്ട പൊതുമേഖലാ ലാഭവിഹിതം. ഇതിനകം തന്നെ ഇത് 43,843 കോടി രൂപ കവിഞ്ഞു. വര്‍ഷാന്ത്യത്തോടെ ലാഭവിഹിതം 50,000 കോടി രൂപ ഭേദിക്കുമെന്നാണ് വിലയിരുത്തലുകള്‍.
തുടര്‍ച്ചയായ മൂന്നാംവര്‍ഷവും നേട്ടം
നടപ്പുവര്‍ഷവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം 50,000 കോടി രൂപ കവിഞ്ഞാല്‍ കേന്ദ്രത്തിന് അതൊരു 'ഹാട്രിക്' നേട്ടമാകും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ലാഭവിഹിതം 50,000 കോടി രൂപ കവിഞ്ഞിരുന്നു.
2021-22ല്‍ 46,000 കോടി രൂപ ലക്ഷ്യമിട്ടയിടത്ത് 59,294 കോടി രൂപ ലഭിച്ചു. 2022-23ലെ ലക്ഷ്യം 43,000 കോടി രൂപയായിരുന്നെങ്കിലും ലഭിച്ചത് 59,533 കോടി രൂപ. കൊവിഡ് പ്രതിസന്ധി നിറഞ്ഞ 2020-21 സാമ്പത്തിക വര്‍ഷം ബജറ്റിലെ ലാഭവിഹിത ലക്ഷ്യം 34,717 കോടി രൂപയായിരുന്നു. ലഭിച്ചത് 39,607 കോടി രൂപ.
പാളുന്ന പൊതുമേഖലാ ഓഹരി വില്‍പന
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന നീക്കം തുടര്‍ച്ചയായി പാളുന്ന കാഴ്ചയാണുള്ളത്. 2021-22ല്‍ 78,000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും സമാഹരിക്കാനായത് വെറും 13,534 കോടി രൂപയായിരുന്നു. 2022-23ല്‍ 50,000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും കിട്ടിയത് 35,293 കോടി രൂപ മാത്രം.
നടപ്പുവര്‍ഷത്തെ ലക്ഷ്യമായ 51,000 കോടി രൂപ സമാഹരിക്കാന്‍ ഇനി മൂന്നുമാസം അവശേഷിക്കുന്നുണ്ട്. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, എന്‍.എല്‍.സി ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) എന്നിവയുടെ 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നുണ്ട്. ഇതുവഴി 21,200 കോടി രൂപയാണ് ഉന്നമിടുന്നത്.
ഐ.ഡി.ബി.ഐ ബാങ്ക്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ബെമല്‍, എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍, എന്‍.എം.ഡി.സി തുടങ്ങിയ കമ്പനികളുടെ ഓഹരി വില്‍പനയാണ് നടപ്പുവര്‍ഷത്തേക്കായി കേന്ദ്രം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പ്രതികൂല സാഹചര്യങ്ങള്‍ തിരിച്ചടിയാവുകയായിരുന്നു. ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി വില്‍പന 2024-25 സാമ്പത്തിക വര്‍ഷമേ നടക്കൂവെന്ന് ഉറപ്പായിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it