Begin typing your search above and press return to search.
കേന്ദ്രത്തിന്റെ പൊതുമേഖലാ ഓഹരി വില്‍പന തന്ത്രം പാളുന്നു; ഈ വര്‍ഷവും ലക്ഷ്യം കാണുക പ്രയാസം
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന ധനസമാഹരണം 51,000 കോടി രൂപയാണ്. എന്നാല്‍, ഈ വര്‍ഷം ആറുമാസം പിന്നിട്ടപ്പോഴേക്കും സമാഹരിച്ചത് 8,000 കോടി രൂപ മാത്രം. ലക്ഷ്യമിട്ട മൊത്തം തുകയുടെ 16 ശതമാനമാണിത്.
ഓഹരി വിറ്റഴിക്കാനുദ്ദേശിക്കുന്ന പല കമ്പനികളുടെയും വില്‍പന നടപടിക്രമങ്ങള്‍ യോജിച്ച നിക്ഷേപകരെ ലഭിക്കാത്തതിനാലും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും മറ്റും മൂലമുള്ള സാമ്പത്തിക ഞെരുക്കത്താലും വൈകുകയാണ്.
പാളുന്ന നീക്കങ്ങള്‍
കേന്ദ്ര പൊതുമേഖലാ ഖനന കമ്പനിയായ എന്‍.എം.ഡി.സിയുടെ ഉപസ്ഥാപനമായ ഛത്തീസ്ഗഡിലെ എന്‍.എം.ഡി.സി സ്റ്റീലിന്റെ 50.72 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 11,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പിന്നീട് 2024 വരെ കേന്ദ്രം നിറുത്തിവച്ചു.
കേന്ദ്രത്തിന്റെയും എല്‍.ഐ.സിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള 'സ്വകാര്യബാങ്കായ' ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കവും വൈകുകയാണ്. നേരത്തേ കോട്ടക് മഹീന്ദ്ര ബാങ്ക്, തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് തുടങ്ങിയവ ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ (CONCOR), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വില്‍പന നടപടികളും എങ്ങുമെത്തിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കേ, പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യം കാണുക സര്‍ക്കാരിന് പ്രയാസമാകുമെന്നാണ് വിലയിരുത്തലുകള്‍. മാത്രമല്ല, ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകരെ വലിയ ഏറ്റെടുക്കലുകളില്‍ നിന്ന് അകറ്റിനിറുത്തുകയാണ്.
Next Story
Videos