തൊഴിലുറപ്പില്‍ ഉഴപ്പില്ല; പണം വീണ്ടും അനുവദിക്കാന്‍ കേന്ദ്രം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) ഈ സാമ്പത്തിക വര്‍ഷത്തേക്ക് അധികമായി അനുവദിച്ച 16,000 കോടി രൂപയും തീരാറായ സാഹചര്യത്തില്‍ വീണ്ടും 12,000-14,000 കോടി രൂപ അനുവദിക്കാനൊരുങ്ങി കേന്ദ്രം.

നടപ്പു വര്‍ഷത്തേക്ക് 76,143 കോടി രൂപയാണ് മൊത്തം വകയിരുത്തിയിരുന്നത്. ഇതില്‍ 92 ശതമാനം അതായത് 70,000 കോടി രൂപയും ഇതിനകം അനുവദിച്ചു കഴിഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 60,000 കോടി രൂപയ്ക്ക് പുറമെ ഡിസംബറില്‍ 16,143 കോടി രൂപ കോടി കൂടി അനുവദിച്ചിരുന്നു. പുതിയ വിഹിതം കൂടി അനുവദിക്കുന്നതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിക്കുള്ള മൊത്തം വകയിരുത്തല്‍ 88,000-90,000 കോടി രൂപയാകും.
പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് പ്രശ്‌നമാകില്ലെന്നും ആവശ്യപ്രകാരം അധിക ഫണ്ട് അനുവദിച്ച് ചെലവുകള്‍ നേരിടാനാകുമെന്നുമാണ് കേന്ദ്ര വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യപദ്ധതികളിലൊന്നായ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിഹിതം 60,000 കോടി രൂപയായി ചുരുക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്.
294 കോടി തൊഴില്‍ ദിനങ്ങള്‍
രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ ജോലി ഉറപ്പു നല്‍കുന്നതിനും ഓഫ് സീസണിലും അവിദഗ്ദ്ധ തൊഴിലുകളില്‍ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്തത്. ഈ വര്‍ഷം ഇതു വരെ 245.41 കോടി തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. മാര്‍ച്ചോടെ ഇത് 294 കോടിയിലെത്തിയേക്കും. 2023 സാമ്പത്തിക വര്‍ഷത്തിലും ഇത്രയും തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
പദ്ധതിയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ വേണ്ട നടപടികളെടുത്തു വരികയാണ് സര്‍ക്കാര്‍. അനുവദിക്കപ്പെടുന്ന ഫണ്ടിന്റെ 30 ശതമാനത്തോളം പാഴാകുന്നുവെന്നാണ് കണക്കാക്കുന്നത്. ഇത് പരിഹരിക്കാന്‍ ജനുവരി ഒന്നു മുതല്‍ തൊഴിലുറപ്പ് കൂലി നല്‍കുന്നതായി ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം(ABPS) അവതരിപ്പിച്ചിരുന്നു. എ.ബി.പി.എസ് പ്രകാരം തൊഴിലുറപ്പ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടും തൊഴിലുറപ്പ് കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കും.
ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴിയാണ് അക്കൗണ്ടുകളില്‍ പണമമെത്തുക. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ തെറ്റായ അക്കൗണ്ടുകളിലേക്കും യോഗ്യരല്ലാത്തവരുടെ അക്കൗണ്ടുകളിലേക്കും മറ്റും പണം പോകുന്നതില്‍ 10 ശതമാനത്തോളം കുറവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it