വരുന്നൂ മോദിയുടെ പുതുവര്‍ഷ സമ്മാനം! പെട്രോളിനും ഡീസലിനും ഉടന്‍ വില കുറച്ചേക്കും

രാജ്യത്ത് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില മാറാന്‍ കളമൊരുങ്ങി. പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്പേ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 'പുതുവര്‍ഷ സമ്മാന'മെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപവരെ കുറയ്ക്കാമെന്ന ശുപാര്‍ശ പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ടെന്ന ശ്രുതികളുണ്ട്.

എന്തുകൊണ്ട് ഇപ്പോള്‍ വില കുറയ്ക്കുന്നു?
മുഖ്യകാരണം അടുത്തവര്‍ഷം ഏപ്രില്‍-മേയോട് കൂടി നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്നെ. എന്നിരുന്നാലും, ഇന്ധനവില കുറയ്ക്കാന്‍ കണക്കുകളും കേന്ദ്രസര്‍ക്കാരിന് അനുകൂലമാണ്.
2022 ഏപ്രിലിലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍ എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചത്. തുടര്‍ന്ന് ആ വര്‍ഷം മേയില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധന എക്‌സൈസ് നികുതിയും കുറച്ചു.
പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറച്ച് 19.90 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപ കുറച്ച് 15.80 രൂപയുമായാണ് നികുതി കുറച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നവിധം സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലിറ്ററിന് രണ്ടുരൂപ ഇന്ധനസെസ് ഏര്‍പ്പെടുത്തിയിരുന്നു. അതായത് കേരളത്തില്‍ രണ്ടുരൂപ ഉയര്‍ന്നു. അന്നുമുതല്‍ കേരളത്തില്‍ വില പെട്രോള്‍ ലിറ്ററിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് (തിരുവനന്തപുരം).
2022 മേയില്‍ ക്രൂഡോയില്‍ രാജ്യാന്തര വില ബാരലിന് 115-125 ഡോളര്‍ നിരക്കിലായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ ശരാശരി വിലയാകട്ടെ 93.15 ഡോളറും. നടപ്പുവര്‍ഷത്തെ ശരാശരി വില 77.14 ഡോളറാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ആദ്യപാദത്തില്‍ 32,147 കോടി രൂപയുടെ നഷ്ടം എണ്ണ വിതരണക്കമ്പനികള്‍ നേരിട്ടിരുന്നു. ഇത് നികത്താനെന്നോണം തുടര്‍പാദങ്ങളില്‍ ക്രൂഡോയില്‍ വിലകുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിരുന്നില്ല. നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ എണ്ണക്കമ്പനികളുടെ സംയുക്തലാഭം 27,295 കോടി രൂപയാണ്.
2022-23ന്റെ ആദ്യപാദത്തില്‍ പെട്രോള്‍ ലിറ്ററിന് 17 രൂപയും ഡീസല്‍ ലിറ്ററിന് 35 രൂപയും നഷ്ടത്തിലായിരുന്നു വില്‍പന. ഇപ്പോഴാകട്ടെ പെട്രോളിന് 8-10 രൂപയും ഡീസലിന് 3-4 രൂപയും ലാഭമാണ് കമ്പനികള്‍ നേടുന്നത്.
ഇനിയുമുണ്ട് അനുകൂലഘടകങ്ങള്‍
നഷ്ടം മറികടന്ന് ലാഭത്തിലേറിയെന്നത് മാത്രമല്ല ഇന്ധനവില കുറയ്ക്കാന്‍ അനുകൂലമായിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ് 11,340 കോടി ഡോളറായിരുന്നെങ്കില്‍ നടപ്പുവര്‍ഷത്തെ സമാനകാലത്ത് ഇത് 8,710 കോടി ഡോളര്‍ മാത്രമാണ്.
റഷ്യയില്‍ നിന്ന് ബാരലിന് 30 ഡോളര്‍ വരെ ഡിസ്‌കൗണ്ട് നടപ്പുവര്‍ഷം ലഭിച്ചിരുന്നു. ഇപ്പോഴത് ബാരലിന് 5-6 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. എങ്കിലും, ക്രൂഡോയില്‍ വിപണിവില 80 ഡോളറില്‍ താഴെയാണെന്നതിനാല്‍ ഈ കുറഞ്ഞ ഡിസ്‌കൗണ്ട് പോലും എണ്ണക്കമ്പനികള്‍ക്ക് നേട്ടമാണെന്നാണ് വിലയിരുത്തലുകള്‍.
വില കുറയ്ക്കല്‍ എങ്ങനെ?
പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതിയില്‍ ഇളവ് പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് വരുമാനനഷ്ടം ഉണ്ടാകാതിരിക്കുന്നത് ഉന്നമിട്ട് പെട്രോള്‍, ഡീസല്‍ വിപണിവിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതായത്, വിലയിളവ് നല്‍കുന്നത് എണ്ണക്കമ്പനികളുടെ മാത്രം ബാധ്യതയായി മാറും.
നേരത്തേ, കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി (14.2 കിലോഗ്രാം) വില സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതുവഴി എണ്ണക്കമ്പനികള്‍ക്കുണ്ടാകുമെന്ന വരുമാനനഷ്ടം കേന്ദ്രം വീട്ടിയേക്കുമെന്ന് കരുതപ്പെട്ടെങ്കിലും അങ്ങനെയൊരു ആലോചനയില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സമാന നടപടി പെട്രോള്‍, ഡീസല്‍ കുറയ്ക്കുന്നതിലും കേന്ദ്രമെടുത്തേക്കാം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it