എക്‌സൈസ് ഡ്യൂട്ടിയിലൂടെ നേടിയത് 48 ശതമാനം വരുമാന വര്‍ധന കുറയ്ക്കുമോ ഇന്ധന വില?

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ നാലു മാസം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളിലൂടെ നേടിയ എക്‌സൈസ് ഡ്യൂട്ടിയില്‍ 48 ശതമാനം വര്‍ധന! കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സിന്റെ കണക്കനുസരിച്ച് ഏപ്രില്‍-ജൂലൈ കാലയളവില്‍ നേടിയത് ഒരു ലക്ഷം കോടിയിലേറെ രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 67895 കോടി രൂപയായിരുന്നു എക്‌സൈസ് ഡ്യൂട്ടി വരുമാനം.

ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് (ജിഎസ്ടി) ഏര്‍പ്പെടുത്തിയതിന് ശേഷം എയര്‍ ടര്‍ബൈന്‍ ഫ്യുവല്‍, പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം എന്നിവയ്ക്ക് മാത്രമാണ് എക്‌സൈസ് ഡ്യൂട്ടി ബാധകം. ബാക്കി എല്ലാ സാധനങ്ങളും സേവനങ്ങളും ജിഎസ്ടിക്ക് കീഴിലായി.
നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭിക്കുന്ന ഒരു മേഖലയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളിലെ നികുതി വരുമാനം. മറ്റു മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ കുറവ് വന്നതോടെ സര്‍ക്കാരിന് എളുപ്പത്തില്‍ സമാഹരിക്കാന്‍ കഴിയുന്നതും പണത്തിന് ആശ്രയിക്കാന്‍ കഴിയുന്നതുമായ വഴിയായി മാറി ഇത്. അതുകൊണ്ടു തന്നെ നികുതി കുറച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനുള്ള സാധ്യത അടുത്തൊന്നും ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ മാസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍, പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് മുന്‍ സര്‍ക്കാര്‍ വരുത്തി വെച്ച ബാധ്യതകള്‍ വിലങ്ങുതടിയാണെന്ന് പറഞ്ഞിരുന്നു. സബ്‌സിഡി നല്‍കുന്നതിന് ഓയ്ല്‍ ബോണ്ടുകളിലൂടെ മുന്‍ സര്‍ക്കാര്‍ സമാഹരിച്ച തുകയുടെ തിരിച്ചടവിനായി 1.3 ലക്ഷം കോടിയിലേറെ രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതോടെ വലിയ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 19.98 രൂപയില്‍ നിന്ന് 32.9 രൂപയായാണ് കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it