ജിഎസ്ടി നിരക്കുകള്‍ ഉയര്‍ത്തുന്നു, ലക്ഷ്യം അധിക വരുമാനം

ജിഎസ്ടി നിരക്കുകള്‍ കേന്ദ്രം ഉയര്‍ത്തിയേക്കും. 5 ശതമാനം 7 ആക്കിയും 18 ശതമാനം 20 ആക്കിയും ഉയര്‍ത്തുന്നത് കേന്ദ്രം പരിഗണിക്കും. ജിഎസ്ടി പരിക്ഷ്‌കരണങ്ങള്‍ക്കായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയെ ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചിരുന്നു. നവംബര്‍ 27ന് ആണ് സമിതിയുടെ അടുത്ത യോഗം. ഈ യോഗത്തിലെ തീരുമാനങ്ങള്‍ ഡിസംബറിലെ ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും.

സ്ലാബ് ഉയര്‍ത്തുന്നതോടെ 3 ട്രില്യണ്‍ അധിക വരുമാനം ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ വരുമാനം സംസ്ഥാനങ്ങളുമായി തുല്യമായി വീതിക്കും. കോര്‍പറേറ്റ്, വ്യക്തിഗത വരുമാനം, പെട്രോള്‍ ഡീസല്‍ എന്നിവയിലെ നികുതികളില്‍ കേന്ദ്രം ഇളവ് നല്‍കിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് വരുമാനം ഇടിഞ്ഞ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കല്‍ മാത്രമാണ് ഏകമാര്‍ഗം എന്നാണ് വിലയിരുത്തല്‍.

ജിഎസ്ടിയിലെ നിലവിലുള്ള നാല് സ്ലാബുകള്‍( 5%, 12%, 18%, 28%) മൂന്നായി കുറയ്ക്കുന്നതും പരിഗണിക്കും. 12 ശതമാനം , 18 ശതമാനം എന്നീ സ്ലാബുകള്‍ 15 ശതമാനം എന്ന ഒറ്റ സ്ലാബിലേക്ക് മാറ്റാനാണ് സാധ്യത. ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. അതിനാല്‍ ഏത് സ്ലാബുകളാണ് ലയിപ്പിക്കുക എന്ന് കാത്തിരുന്ന് അറിയണം. ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും ജിഎസ്ടി ഉയര്‍ത്തിയത് പുന പരിശോധിക്കണമെന്ന് റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

40 ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകളില്‍ വ്യത്യാസം വന്നേക്കും. ജിഎസ്ടി നഷ്ടപരിഹാം ഒരു ശതമാനത്തില്‍ നിന്ന് 1.5 ശതമാനം ആക്കുക, സ്വര്‍ണം, വെള്ളി ഉള്‍പ്പടെയുള്ള അമൂല്യ ലോഹങ്ങളുടെ ജിഎസ്ടി ഉയകര്‍ത്തുക, കൊവിഡിനെ തുടര്‍ന്ന് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളും നവംബര്‍ 27ലെ യോഗത്തില്‍ ചര്‍ച്ച ചെയ്യും


Related Articles
Next Story
Videos
Share it