Begin typing your search above and press return to search.
വരുന്നു പി.എം കുസും പമ്പ്! പുരപ്പുറ സോളാറിന് പിന്നാലെ കര്‍ഷകര്‍ക്കായി കേന്ദ്രത്തിന്റെ സോളാര്‍ സബ്‌സിഡി പദ്ധതി
രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സോളാര്‍ശോഭ പകരുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പി.എം സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയുടെ ചുവടുപിടിച്ച്, കര്‍ഷകര്‍ക്കായും പുത്തന്‍ സോളാര്‍ പദ്ധതി വരുന്നു.
പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുന്നതാണ് 60 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പി.എം സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന എങ്കില്‍, പൂര്‍ണമായും കര്‍ഷകരെ ഉന്നമിടുന്നതാണ് പി.എം കുസും (PM KUSUM) പദ്ധതിയുടെ കീഴില്‍ അവതരിപ്പിക്കുന്ന പുതിയ സോളാര്‍ സബ്‌സിഡി സ്‌കീം.
എന്താണ് പുതിയ പദ്ധതി?
കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. പി.എം കുസും യോജനയുടെ കീഴിലാണിത് നടപ്പാക്കുക. പി.എം സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജനയിലേത് പോലെ ദേശീയതല പ്രത്യേക പോര്‍ട്ടല്‍ വഴിയാകും പി.എം കുസും സബ്‌സിഡി പദ്ധതിയും നടപ്പാക്കുന്നത്.
പി.എം സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജനയില്‍ അപേക്ഷിച്ചത് പോലെ ദേശീയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴി കര്‍ഷകര്‍ക്കും സോളാര്‍ പമ്പുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാം. വിതരണക്കാരെയും തിരഞ്ഞെടുക്കാം.
20 ലക്ഷം പമ്പുകള്‍
മൂന്ന് പ്രവര്‍ത്തനശ്രേണികളാണ് പി.എം കുസും സോളാര്‍ പമ്പ് സബ്‌സിഡി പദ്ധതിയിലുണ്ടാവുകയെന്ന് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. 10,000 മെഗാവാട്ടിന്റെ സോളാര്‍ പവര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ് ഒന്ന്.
20 ലക്ഷം സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതാണ് രണ്ടാമത്തേത്. കാര്‍ഷികാവശ്യത്തിനുള്ള 15 ലക്ഷം പമ്പുകളെ സോളാറിലേക്ക് മാറ്റുന്നതാണ് മൂന്നാമത്തേത്. മൂന്ന് കാര്യങ്ങള്‍ക്കുമായി കേന്ദ്രം 34,422 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്.
സബ്‌സിഡിയും നേടാം
പി.എം കുസും പദ്ധതിയില്‍ സോളാര്‍ പമ്പ് സ്ഥാപിക്കുന്ന ചെലവില്‍ 30 ശതമാനം സബ്‌സിഡി കേന്ദ്രം നല്‍കും. സംസ്ഥാന സര്‍ക്കാരും കുറഞ്ഞത് 30 ശതമാനം സബ്‌സിഡി നല്‍കണം. ബാക്കി 40 ശതമാനം തുക കര്‍ഷകന്‍ തന്നെ വഹിക്കണം.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, സിക്കിം, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കേന്ദ്രം 50 ശതമാനം സബ്‌സിഡി നല്‍കും. സംസ്ഥാന ഭരണകൂടം 30 ശതമാനം സബ്‌സിഡിയും നല്‍കണം. ബാക്കി 20 ശതമാനം കര്‍ഷകന്‍ വഹിച്ചാല്‍ മതി.
പി.എം കുസും യോജന
പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉധ്യാന്‍ മഹാഭിയാന്‍ എന്നാണ് പി.എം കുസും എന്നതിന്റെ പൂര്‍ണനാമം. 2019 മാര്‍ച്ചിലാണ് കേന്ദ്രം പി.എം കുസും യോജന അവതരിപ്പിച്ചത്. കാര്‍ഷികാവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, കാര്‍ഷികമേഖലയില്‍ ഡീസലിന്റെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ അവതരിപ്പിച്ച പദ്ധതിയാണിത്.
Next Story
Videos