
2020 വര്‍ഷത്തെ ആഗോള സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അന്താരാഷ്ട്ര കമ്പനി മേധാവികള്‍ക്ക് ശുഭപ്രതീക്ഷ കമ്മി. മുന്‍നിര എക്കൗണ്ടിംഗ്, ഉപദേശക സ്ഥാപനമായ പ്രൈസ്വാട്ടര്‍ഹൗസ്‌കൂപ്പേഴ്സ്, ദാവോസിലെ ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പുറത്തുവിട്ട പിഡബ്ല്യുസി സിഇഒ സര്‍വേയുടെ ഫലത്തിലാണ് ബിസിനസ് ലോകത്ത് നിലനില്‍ക്കുന്ന നിരാശ പ്രകടമാവുന്നത്.
പ്രൈസ്വാട്ടര്‍ഹൗസ്‌കൂപ്പേഴ്സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത സിഇഒമാരില്‍ 53 ശതമാനം പേര്‍ 2020 ലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്ന് പ്രവചിക്കുന്നു. 27% സിഇഒമാര്‍ മാത്രമാണ് അടുത്ത 12 മാസത്തില്‍ തങ്ങളുടെ കമ്പനികള്‍ വളര്‍ച്ച കൈവരിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 83 മേഖലകളില്‍ നിന്ന് 1,600 ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തു.
തങ്ങളുടെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് സിഇഒമാര്‍ തെരഞ്ഞെടുത്ത ഏറ്റവും യോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്്. യുഎസ്, ചൈന, ജര്‍മനി എന്നീ രാജ്യങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. 9 % സിഇഓമാരാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. കമ്പനികളുടെ വരുമാന വര്‍ധനവിനേക്കുറിച്ചുള്ള പ്രതീക്ഷയുടെ കാര്യത്തില്‍ 40% ഇന്ത്യന്‍ സിഇഒമാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ചൈനയും ഇന്ത്യയുമാണ് മുന്നിലെത്തിയത്. 45% ചൈനീസ് സിഇഒമാരാണ് വളര്‍ച്ചയുടെ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
വ്യാപാര പിരിമുറുക്കങ്ങള്‍, ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിവയ്ക്കു പുറമേ കാലാവസ്ഥാ വ്യതിയാനം എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള കരാറിന്റെ അഭാവവും കണക്കിലെടുക്കുമ്പോള്‍, സാമ്പത്തിക വളര്‍ച്ചയിലെ ആത്മവിശ്വാസം കുറയുന്നത് ആശ്ചര്യകരമല്ല - പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ബോബ് മോറിറ്റ്‌സ് പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന ഈ വെല്ലുവിളികള്‍ പുതിയതല്ല. എന്നിരുന്നാലും, അവയുടെ അളവു കൂടുന്നു. അവയില്‍ ചിലത് വര്‍ദ്ധിക്കുന്ന വേഗതയും വലുതാണ്. ദാവോസില്‍ ഒത്തുചേരുന്ന നേതാക്കളുടെ പ്രധാന പ്രശ്‌നം ഇക്കാര്യങ്ങള്‍ എങ്ങനെ നേരിടാമെന്നതുതന്നെയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസ്സ് നേതാക്കള്‍ക്കിടയില്‍ റെക്കോര്‍ഡ് അശുഭാപ്തിവിശ്വാസമുണ്ടെങ്കിലും യഥാര്‍ത്ഥ അവസരങ്ങള്‍ ഇപ്പോഴും മാറാതെ അവശേഷിക്കുന്നുവെന്നും മോറിറ്റ്‌സ് അഭിപ്രായപ്പെട്ടു.'ചടുലമായ തന്ത്രം, പങ്കാളികളുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകളിലേക്ക് മൂര്‍ച്ചയുള്ള ശ്രദ്ധ, കഴിഞ്ഞ പത്തു വര്‍ഷമായി വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും വളര്‍ച്ച സാധ്യമാക്കിയ അനുഭവം എന്നിവയിലൂടെ ബിസിനസ്സ് നേതാക്കള്‍ക്ക് സാമ്പത്തിക മാന്ദ്യം നേരിടാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും,'- അദ്ദേഹം പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine