യു.എ.ഇയിലേക്ക് പാകിസ്ഥാനി മാമ്പഴം; ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ?

പാകിസ്ഥാനില്‍ നിന്ന് വിലകുറഞ്ഞ മാമ്പഴങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ യു.എ.ഇ. മേയ് 20 മുതല്‍ ഇവ യു.എ.ഇയില്‍ എത്തുമെന്നാണ് സൂചനകള്‍. ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാകുന്ന നീക്കമാണിത്. വിലയിലും നിലവാരത്തിലും രുചിയിലും ഏറെ മുന്നിലാണ് ഇന്ത്യന്‍ മാമ്പഴങ്ങള്‍. എന്നാല്‍, തീരെക്കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് പാകിസ്ഥാനി മാമ്പഴം വാങ്ങാന്‍ യു.എ.ഇയെ പ്രേരിപ്പിക്കുന്നത്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള സിന്ധ്രി, അല്‍മാസ്, ദസ്സേറി എന്നീയിനങ്ങളാണ് ആദ്യഘട്ടത്തില്‍ യു.എ.ഇയിലെത്തുക. അടുത്തഘട്ടത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ചൗന്‍സ, ലാന്‍ഗ്ര, അന്‍വാര്‍ റതൂല്‍, സരോളി, ഫജ്റി എന്നിയെത്തും.
എന്തുകൊണ്ട് പാകിസ്ഥാനി മാമ്പഴം
നിലവില്‍ ഇന്ത്യന്‍ ഇനങ്ങളും ലോകപ്രശസ്തവുമായ അല്‍ഫോന്‍സോ (Alphonso), ബദാമി, കേസരി, രജപുരി എന്നിവയാണ് യു.എ.ഇ വിപണിയിലെ ശ്രദ്ധേയ മാമ്പഴ ഇനങ്ങള്‍. ഇവയ്ക്ക് മികച്ച ഡിമാന്‍ഡുമുണ്ട്. എന്നാല്‍, ഇവയെ അപേക്ഷിച്ച് പാകിസ്ഥാനി മാമ്പഴങ്ങള്‍ക്ക് വില കുറവാണ്. പാകിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പാകിസ്ഥാനി രൂപയുടെ നിലവാരം യു.എ.ഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത്, യു.എ.ഇയുടെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ കുറയാനും സഹായിക്കും. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനി മാമ്പഴം വന്‍തോതില്‍ വാങ്ങാനുള്ള നീക്കം. ഒരു യു.എ.ഇ ദിര്‍ഹത്തിന് തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം 22.32 ആണ്. എന്നാല്‍, ഒരു ദിര്‍ഹം കൊടുത്താല്‍ 80.87 പാകിസ്ഥാനി രൂപ കിട്ടും.
ഇന്ത്യയ്ക്ക് വെല്ലുവിളി
ലോകത്ത് ഏറ്റവുമധികം മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 'മാമ്പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന അല്‍ഫോന്‍സോ ഇനമാണ് ഇന്ത്യയുടെ കരുത്ത്. ചൈന, തായ്ലന്‍ഡ്, ഇന്‍ഡോനേഷ്യ എന്നിവരാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുള്ളത്. അഞ്ചാംസ്ഥാനമാണ് പാകിസ്ഥാന്.
46 ശതമാനം വിഹിതവുമായി ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് യു.എ.ഇ. 22 ശതമാനവുമായി യു.കെയാണ് രണ്ടാമത്. ഖത്തര്‍ (7 ശതമാനം), ഒമാന്‍ (6 ശതമാനം), കുവൈത്ത് (5 ശതമാനം) എന്നിവരും ഇന്ത്യയുടെ ശ്രദ്ധേയ വിപണികളാണ്. പാകിസ്ഥാനി മാമ്പഴം വന്‍തോതില്‍ എത്തിയാല്‍ യു.എ.ഇയില്‍ ഇന്ത്യയ്്ക്ക് തിരിച്ചടിയാകും. യു.എ.ഇയുടെ പാത മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുമോയെന്ന ആശങ്കയും നിഴലിക്കുന്നു.
വില വ്യത്യാസം
ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് 5 കിലോഗ്രാം ബോക്‌സിന് ശരാശരി 18-25 ദിര്‍ഹമാണ് വില. അല്‍ഫോന്‍സോയ്ക്ക് വില വാരാന്ത്യങ്ങളില്‍ 40-60 ദിര്‍ഹം വരെയാകാറുണ്ട്. ഇക്കുറി ഉത്പാദനം കൂടിയതിനാലും പാകിസ്ഥാനി രൂപയുടെ മൂല്യം ഇടിഞ്ഞതിനാലും പാകിസ്ഥാനി മാമ്പഴത്തിന് ഇന്ത്യന്‍ ഇനത്തേക്കാള്‍ കുറഞ്ഞത് 5 ദിര്‍ഹം വരെ വിലക്കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it