ചൈന-പാക് ബന്ധം ഉലയുന്നു; സാമ്പത്തിക ഇടനാഴി പദ്ധതിക്ക് ഇനി പണം നല്‍കില്ലെന്ന് ചൈന

ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) പുതിയ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ച് ചൈന. പദ്ധതിയില്‍ പുരോഗതിയില്ലാത്തതും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പരാജയവുമാണ് പണം നല്‍കാന്‍ ചൈന വിസമ്മതിച്ചതിനുള്ള കാരണം.

തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഈ പദ്ധതിയില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും നിലവില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. അതേസമയം പദ്ധതിക്കായി ചൈന 2,500 കോടി ഡോളറിലധികം ഇതിനോടകം പാക്കിസ്ഥാനില്‍ നിക്ഷേപിച്ചിട്ടുണ്ട്.

താല്‍പര്യക്കുറവില്‍ ചൈന

സി.പി.ഇ.സിക്ക് കീഴിലുള്ള ഊര്‍ജം, ജലം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ നിലവിലുള്ള സഹകരണം വിപുലീകരിക്കാന്‍ ചൈന വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, ഖൈബര്‍-പഖ്തൂണ്‍ഖ്വ, പാക് അധീന കശ്മീര്‍ (പി.ഒ.കെ) എന്നിവിടങ്ങളില്‍ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണത്തിലും ചൈന വിമുഖത കാണിച്ചതായി പറയുന്നു.

നിലവില്‍ ചൈനയ്ക്ക് പണം നല്‍കാനുള്ളതിനാല്‍ പാകിസ്ഥാന്‍ പവര്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ കേള്‍ക്കാനും ചൈന വിസമ്മതിച്ചു. അതേസമയം വര്‍ഷങ്ങളായി പാക്കിസ്ഥാന്റെ വ്യാവസായിക ഉല്‍പ്പാദനത്തെ വരെ പ്രതികൂലമായി ബാധിച്ച വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാന്‍ രാജ്യത്തിന്റെ ദേശീയ ഗ്രിഡിലേക്ക് 8,000 മെഗാവാട്ട് വൈദ്യുതി ഈ പദ്ധതി ചേര്‍ത്തതായി പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ഈ പദ്ധതി പ്രദേശവാസികള്‍ക്ക് ഏകദേശം 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും 1,400 കിലോമീറ്ററിലധികം ഹൈവേകളും റോഡുകളും നിര്‍മിച്ചതായും അവര്‍ പറയുന്നു.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്

ലോകത്തെ 150ല്‍ അധികം രാജ്യങ്ങളിലും അന്താരാഷ്ട്ര സംഘടനകളിലും നിക്ഷേപിക്കുന്നതിനായി 2013ല്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച ഒരു ആഗോള അടിസ്ഥാന സൗകര്യ വികസന തന്ത്രമാണ് 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' പദ്ധതി. ഈ പദ്ധതിക്ക് കീഴിലുള്ളതാണ് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (BRI). ഇതിന്റെ ഭാഗമായി ചൈന 2013ല്‍ അവതരിപ്പിച്ച പദ്ധതിയാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി. സാമ്പത്തിക കണക്റ്റിവിറ്റിക്കുള്ള ഒരു പ്രാദേശിക കേന്ദ്രമായി പാക്കിസ്ഥാനെ മാറ്റുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ചൈനയുടെ സിന്‍ജിയാനിനെ പാകിസ്ഥാന്റെ ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ചെലവ് ഏകദേശം 6,200 കോടി ഡോളറാണ്. 2030ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പാക് അധീന കശ്മീരിന്റെ (പി.ഒ.കെ) ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയിൽ ഇന്ത്യയ്ക്ക് എതിര്‍പ്പുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it