ശ്രീലങ്കയില്‍ വമ്പന്‍ റിഫൈനറിയും പെട്രോള്‍ പമ്പുകളുമായി ചൈന; ഇന്ത്യക്ക് വെല്ലുവിളി

ശ്രീലങ്കയില്‍ 37,400 കോടി രൂപ (450 കോടി ഡോളര്‍) നിക്ഷേപത്തോടെ വമ്പന്‍ റിഫൈനറി സ്ഥാപിക്കാന്‍ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോപെക്കിന്റെ (Sinopec) നീക്കം. 150 റീട്ടെയില്‍ ഇന്ധന ഔട്ട്‌ലെറ്റുകളും (പെട്രോള്‍/ഡീസല്‍) പമ്പുകളും സിനോപെക് സ്ഥാപിക്കും. ഇതിനായുള്ള അനുമതി ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും. ഇതുസംബന്ധിച്ച കരാര്‍ വൈകാതെ ഒപ്പിട്ടേക്കുമെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സിനോപെക്കിന് പുറമേ അമേരിക്കന്‍ കമ്പനിയായ ആര്‍.എം പാര്‍ക്ക്‌സ്, ഓസ്‌ട്രേലിയയിലെ യുണൈറ്റഡ് പെട്രോളിയം എന്നിവയ്ക്കും പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള അനുമതി ശ്രീലങ്ക നല്‍കുമെന്നാണ് അറിയുന്നത്.
കൊവിഡാനന്തരം ടൂറിസം, തേയില കയറ്റുമതി തുടങ്ങി പരമ്പരാഗത വരുമാന സ്രോതസ്സുകള്‍ താറുമാറായതോടെ ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതി കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു. സാമ്പത്തിക മേഖലയുടെ പുനഃക്രമീകരണങ്ങളിലൂടെ വളര്‍ച്ചസ്ഥിരത തിരിച്ചുപിടിക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണ് വിദേശ എണ്ണക്കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നീക്കം.
ഇന്ത്യക്ക് കനത്ത തിരിച്ചടി
നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ ലങ്ക ഐ.ഒ.സിയാണ് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്വകാര്യ എണ്ണവിതരണ കമ്പനി. പിന്നെയുള്ളത് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥാപനമായ സീലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ്.
ശ്രീലങ്കയിലേക്ക് എണ്ണ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതും ഇന്ത്യയാണ്. ഈ സാഹചര്യത്തില്‍ ചൈന ലങ്കയില്‍ വന്‍ റിഫൈനറി സ്ഥാപിക്കുന്നതും 150 റീട്ടെയില്‍ പമ്പുകള്‍ തുറക്കുന്നതും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ ഇന്ത്യയുടെ സ്വാധീനം കുറയാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകള്‍.
ശ്രീലങ്കയില്‍ ചൈനീസ് സ്വാധീനം കൂടുന്നത് ഇന്ത്യക്ക് രാഷ്ട്രീയമായും വെല്ലുവിളിയാണ്. നേരത്തേ ഹമ്പന്‍ടോട്ട (Hambantota) തുറമുഖം ചൈനീസ് കമ്പനിയായ ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരായിരുന്നു. ചൈനയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെട്ടതോടെയാണിത്.
പുറമേ, പ്രധാന തുറമുഖമായ കൊളംബോയ്ക്ക് സമീപം 3,250 കോടി രൂപയുടെ ലോജിസ്റ്റിക്‌സ് ആന്‍ഡ് സ്‌റ്റോറേജ് ഹബ്ബ് സ്ഥാപിക്കാനും ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന് അനുമതിയുണ്ട്.
സിനോപെക്കും ബെല്‍റ്റ് ആന്‍ഡ് റോഡും
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നാണ് സിനോപെക്. പെട്രോകെമിക്കല്‍ രംഗത്തും അതികായരാണ് ഇവര്‍. സൗദി അറേബ്യയില്‍ റിഫൈനറിയും റഷ്യയില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയും കമ്പനിക്കുണ്ട്.
ചൈനയുടെ സുപ്രധാന ചരക്കുനീക്ക പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡിന് കരുത്തേകാന്‍ ശ്രീലങ്കയിലെ സ്വാധീനവും സഹായിക്കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ കണക്കുകൂട്ടലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it