ചൈന വീണ്ടും പ്രതിസന്ധിയില്‍; ഇറക്കുമതിയിലും കയറ്റുമതിയിലും തിരിച്ചടി
ചൈന വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കയറ്റുമതി വളര്‍ച്ചയിലും തിരിച്ചടിയുണ്ടായി. രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴാണ് ഇറക്കുമതിയില്‍ കുറവുണ്ടാവുന്നത്.
വളര്‍ച്ചാ നിരക്ക് കുറഞ്ഞു
മുന്‍ മാസങ്ങളില്‍ ഇരട്ടയക്ക വളര്‍ച്ച (Double Digit Growth) രേഖപ്പെടുത്തിയിരുന്ന കയറ്റുമതി, ഏപ്രിലില്‍ 8.5 ശതമാനമായി തളര്‍ന്നത് വലിയ തിരിച്ചടിയായി. ഇത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് ഭീഷണിയാകുമെന്നാണ് ബ്ലൂംബെര്‍ഗ് സര്‍വേ റിപ്പോര്‍ട്ട്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡാണ് ഈ വളര്‍ച്ചയെങ്കിലും നേടാന്‍ ചൈനയ്ക്ക് സഹായകമായത്. ഇറക്കുമതി 7.9 ശതമാനം ഇടിഞ്ഞ് 205 ബില്യണ്‍ ഡോളറിലെത്തി (16 ലക്ഷം കോടി രൂപ). വ്യാപാര മിച്ചം (trade suplus) 90 ബില്യണ്‍ ഡോളറും (7.3 ലക്ഷം കോടി രൂപ) രേഖപ്പെടുത്തി.
കുറയാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
കോവിഡിനെ തുടര്‍ന്ന് മങ്ങിയ വിപണി 2022 ലാണ് തിരിച്ചുകറയി തുടങ്ങിയത്. എന്നാല്‍ ഉയര്‍ന്ന കയറ്റുമതി കണക്കുകള്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം കയറ്റുമതി കുറയാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലിശനിരക്ക് ഉയരുന്നതും യുക്രെയ്‌നിലെ യുദ്ധവും ഡിമാന്‍ഡ് കുറയ്ക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മൊത്തത്തിലുള്ള വ്യാപാരം
തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു, ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം 5.6 ശതമാനം വര്‍ധനയോടെ 305 ബില്യണ്‍ ഡോളറിലെത്തി. ഇത് ചൈനയുടെ മൊത്തത്തിലുള്ള വ്യാപാരത്തിന്റെ 15.7 ശതമാനം വരും. യു.എസും ചൈനയും തമ്മിലുള്ള വ്യാപാരം 11.2 ശതമാനം കുറഞ്ഞ് 218 ബില്യണ്‍ ഡോളറായി. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരം 3.5 ശതമാനം കുറഞ്ഞ് 263 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി.