സൈബര്‍ ആക്രമണ കുരുക്കില്‍ ഓസ്ട്രേലിയ: പിന്നില്‍ ചൈന, അടുത്ത ഭീഷണി ഇന്ത്യയ്ക്ക്

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും നേരെ ഇന്നു നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കിംഗ് ഗ്രൂപ്പാണെന്ന് പ്രാഥമിക നിഗമനം. ആശുപത്രികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേവന സ്ഥാപനങ്ങളും ഉള്‍പ്പെടെ ഇരകളായി. ഈ ഹാക്കര്‍മാര്‍ ഇന്ത്യയെയും ലക്ഷ്യമിട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യ, ചൈന സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കെതിരെ നീക്കങ്ങള്‍ നടത്തിയേക്കാമെന്ന് സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ മുന്നറിയിപ്പു നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്റെയും, പ്രതിരോധ മന്ത്രാലയത്തിന്റെയും, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സൈറ്റുകള്‍ക്കു നേരെയും ആക്രമണം പ്രതീക്ഷിക്കാം.

ഇന്നുണ്ടായ സെബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനയാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വിശ്വസിക്കുന്നതായി ദി ന്യൂ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതോ രാജ്യത്തിന്റെ അറിവും പിന്തുണയുമുള്ള സൈബര്‍ അതിക്രമമാണ് അരങ്ങേറിയതെന്ന് കാന്‍ബെറയില്‍ അടിയന്തിരമായി നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. സര്‍ക്കാര്‍, വ്യവസായം, രാഷ്ട്രീയ സംഘടനകള്‍, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യ സേവന ദാതാക്കള്‍, മറ്റ് നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ഹാക്കര്‍മാര്‍ പ്രവര്‍ത്തനം ലക്ഷ്യമിടുന്നതായി മോറിസണ്‍ ചൂണ്ടിക്കാട്ടി.

ആക്രമണകാരി ചൈനയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ ജെന്നിംഗ്‌സ് പറഞ്ഞു.അതേസമയം ചൈന, റഷ്യ, ഇറാന്‍ എന്നിവയില്‍ ഒരു രാജ്യമാകാം സൈബര്‍ ആക്രമണത്തിനു പിന്നിലെന്ന് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് അറിയിച്ചു.

അതേസമയം, ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു കഴിഞ്ഞ ഒമ്പതു ദിവസമായി ചൈനീസ് ഹാക്കിങ് സമൂഹങ്ങളില്‍ ചര്‍ച്ച നടന്നുവരുന്ന കാര്യം ശ്രദ്ധിച്ചതായി സൈഫേര്‍മയുടെ സ്ഥാപകനായ കുമാര്‍ റിതേഷ് പറഞ്ഞു.ചൈനീസ് ഹാക്കര്‍മാരുടെ സംഭാഷണം മന്‍ഡാരിന്‍ ഭാഷയിലായിരുന്നുവെന്നും അവര്‍ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളെയും സ്വകാര്യ-സര്‍ക്കാര്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കുകളെയും പ്രതിരോധ വകുപ്പിന്റെതടക്കമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളെയും ഫാര്‍മസി കമ്പനികളെയും സ്മാര്‍ട് ഫോണുകളെയും ടയര്‍ കമ്പനികളെ വരെയും ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നും റിതേഷ് അറിയിച്ചു.

ടൈംസ് ഓഫ് ഇന്ത്യാ, റിപ്പബ്ലിക് ടിവി, എന്‍ഡി ടിവി, ഹിന്ദുസ്ഥാന്‍ ടൈംസ്, ആജ് തക്, ദൈനിക ജാഗ്രണ്‍ എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള പദ്ധതി ഡാര്‍ക് വെബ് ഫോറങ്ങളില്‍ പോസ്റ്റു ചെയിതിരുന്നുവെന്ന് റിതേഷ് പറയുന്നു. ജിയോ, എംആര്‍എഫ് ടയേഴ്സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, എയര്‍ടെല്‍, സിപ്ല, ഇന്റെക്സ് ടെക്നോളജീസ്, മൈക്രോമാക്സ്, ബിഎസ്എന്‍എല്‍, അപ്പോളോ ടയേഴ്സ്, എല്‍ ആന്‍ഡ് ടി തുടങ്ങിയവയും അവരുടെ ലിസ്റ്റിലുണ്ട്. അടുത്തിടെ അമേരിക്കയ്ക്കും ഹോങ്കോങിനുമെതിരെ ആക്രമണം നടത്തിയത് ഇവരാണെന്ന് റിതേഷ് പറയുന്നു. സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളാകുന്നതു കൂടാതെ, ഹാക്കര്‍മാര്‍ ചൈനീസ് കമ്പനികള്‍ക്കു വേണ്ടിയും വിവരം ഹാക്കു ചെയ്തു നല്‍കും.

ഈ ഹാക്കിങ് ഗ്രൂപ്പുകള്‍ക്ക് ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഏകദേശം 314,000 പേരുള്ള ഈ ചൈനീസ് സൈബര്‍ ഗ്രൂപ്പുകളാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഹാക്കിങ് സമൂഹം.അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ, മറ്റു ചില ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയൊക്കെ അവരുടെ ലക്ഷ്യങ്ങളാണ്. ചൈനയിലെ 93 ശതമാനം ഹാക്കിങ് ഗ്രൂപ്പുകള്‍ക്കും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോ, ചൈനയുടെ വിദേശകാര്യ വകുപ്പോ പണം നല്‍കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it