കൊച്ചി സെസ് അപ്രമാദിത്തം തുടരുന്നു; ₹82,000 കോടി കടന്ന് സേവന കയറ്റുമതി

മദ്രാസിനെ പിന്തള്ളി മുംബൈ രണ്ടാമത്
CSEZ logo, Export, Kerala Backwaters
Image : csez.com and Canva
Published on

രാജ്യത്തെ 7 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കിടയില്‍ (Special Economic Zones/SEZ) സോഫ്റ്റ് വെയർ/സേവന കയറ്റുമതയില്‍ അപ്രമാദിത്തത്തോടെ ഒന്നാംസ്ഥാനം നിലനിറുത്തി കൊച്ചി സെസ് (Cochin SEZ). കയറ്റുമതി വരുമാനത്തിൽ  ഇടിവുണ്ടായെങ്കിലും മറ്റ് സെസുകളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയാണ് ഈ വര്‍ഷവും കൊച്ചി സെസ് ഒന്നാംസ്ഥാനത്ത് തുടരുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഇ.ഒ.യു ആന്‍ഡ് സെസ് (ഇ.പി.സി.ഇ.എസ്/EPCES) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ഓഗസ്റ്റില്‍ 992.81 കോടി ഡോളറിന്റെ (82,400 കോടി രൂപ) സോഫ്റ്റ് വെയർ /സേവന കയറ്റുമതിയാണ് കൊച്ചി സെസ് നടത്തിയത്. 2022-23ലെ സമാനകാലത്തെ 1,082.44 കോടി ഡോളറിനേക്കാള്‍ (90,000 കോടി രൂപ) 8 ശതമാനം കുറഞ്ഞു. എന്നാല്‍ കയറ്റുമതിയില്‍ 28 ശതമാനം വിഹിതവുമായി കൊച്ചി സെസ് ഒന്നാംസ്ഥാനം കൈവിടാതെ നിലനിറുത്തി. 

കൊച്ചി സെസിന് കീഴില്‍ കാക്കനാട്ടും കര്‍ണാടകയിലും യൂണിറ്റുകളുണ്ട്. കേരളം, കര്‍ണാടക എന്നിവയ്ക്ക് പുറമേ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകളുടെ (EOU) ലൈസന്‍സിംഗ് അതോറിറ്റിയും കൊച്ചി സെസ് ആണ്.

ചെന്നൈയെ പിന്തള്ളി മുംബൈ രണ്ടാമത്

ചെന്നൈയിലെ മദ്രാസ് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണിനെ (MEPZ SEZ) പിന്തള്ളി ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റില്‍ മുംബൈയിലെ സാന്റാക്രൂസ് ഇലക്ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (SEEPZ) രണ്ടാംസ്ഥാനം നേടി.

മുംബൈക്ക് 19 ശതമാനവും മദ്രാസിന് 18 ശതമാനവുമാണ് വിഹിതം. നാലാമതുള്ള വിശാഖപട്ടണം സെസിനും 18 ശതമാനം വിഹിതമുണ്ട്. നോയിഡ സെസ് (11%), ബംഗാളിലെ ഫാള്‍ട്ട സെസ് (5%), ഗുജറാത്തിലെ കണ്ട്ല സെസ് (1%) എന്നിവയാണ് യഥാക്രമം പിന്നാലെയുള്ളത്.

മുംബൈ സെസിന്റെ കയറ്റുമതി 9 ശതമാനം താഴ്ന്ന് 54,500 കോടി രൂപയാണ്. 54,000 കോടി രൂപയുടെ കയറ്റുമതിയുമായി മദ്രാസ് സെസ് ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവച്ചത്. 52,000 കോടി രൂപയുടെ കയറ്റുമതി വരുമാനം സ്വന്തമാക്കി വിശാഖപട്ടണം സെസും മത്സരം ഉഷാറാക്കി.

മദ്രാസ് സെസ് 9 ശതമാനം ഇടിവ് മുന്‍വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് നേരിട്ടപ്പോള്‍ വിശാഖപട്ടണം നേടിയത് 7 ശതമാനം വളര്‍ച്ചയാണ്. നോയിഡ സെസിന്റെ കയറ്റുമതി വരുമാനം രണ്ട് ശതമാനം താഴ്ന്ന് 30,700 കോടി രൂപയായി.

വളര്‍ച്ചാനിരക്കില്‍ വന്‍ മുന്നേറ്റം നടത്തിയത് ഫാള്‍ട്ട സെസാണ്; 62 ശതമാനം. 16,000 കോടി രൂപയുടെ വരുമാനം ഫാള്‍ട്ട സെസ് നേടി. ഏഴാമതുള്ള കണ്ട്ല സെസ് 3,700 കോടി രൂപയുടെ കയറ്റുമതി നടത്തി; വളര്‍ച്ച മൂന്ന് ശതമാനം.

ചരക്ക് കയറ്റുമതിയില്‍ പിന്നില്‍

സേവന കയറ്റുമതിയില്‍ ഒന്നാമതാണെങ്കില്‍ ചരക്ക് കയറ്റുമതിയില്‍ പക്ഷേ കൊച്ചി സെസ് ഏറ്റവും പിന്നിലാണ്. 7 സെസുകളുടെ പട്ടികയില്‍ കൊച്ചിക്ക് മൂന്ന് ശതമാനം വിഹിതവുമായി ഏഴാംസ്ഥാനം.

59 ശതമാനം വിഹിതവുമായി ഒന്നാമതുള്ള കണ്ട്ല സെസ് ഇക്കുറി ഏപ്രില്‍-ഓഗസ്റ്റില്‍ 1.15 ലക്ഷം കോടി രൂപയുടെ കയറ്റുമതി വരുമാനം നേടിയപ്പോള്‍ കൊച്ചി സെസ് കൈവരിച്ച വരുമാനം 6,800 കോടി രൂപയാണ്.

മറ്റ് സെസുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ചരക്ക് കയറ്റുമതിയില്‍ കണ്ട്ല സെസ്. രണ്ടാമതുള്ള വിശാഖപട്ടണത്തിന്റെ വിഹിതം 12 ശതമാനമാണ്. മുംബയ് (9%), ഫാള്‍ട്ട (6%), മദ്രാസ് (6%), നോയിഡ (5%) എന്നിവയാണ് യഥാക്രമം പിന്നാലെയുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com