

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്ക പ്രഖ്യാപനത്തിന്റെ ആഘാതം ശ്രദ്ധാപൂര്‍വം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. താരിഫ് പ്രഖ്യാപനത്തെക്കുറിച്ച് ഇന്ത്യന്‍ വ്യവസായ പ്രതിനിധികള്‍, കയറ്റുമതിക്കാര്‍ തുടങ്ങി ഈ രംഗത്തുള്ളവരുമായി വാണിജ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്.
യുഎസ് വ്യാപാര നയത്തിലെ ഈ പുതിയ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന അവസരങ്ങളെക്കുറിച്ചും വകുപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 27 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയത്. യുഎസിന് 4,600 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് ഇന്ത്യയുമായുളളത്.
പരസ്പരം പ്രയോജനകരവും വിശാലവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാർ വേഗത്തില്‍ സാധ്യമാക്കുന്നതിന് ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സപ്ലൈ ചെയിൻ സംവിധാനങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നത് ഉൾപ്പെടെയുളള നിരവധി വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം തുടങ്ങിയവ വളർത്താൻ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുന്നതായിരിക്കും കരാര്‍. ട്രംപ് ഭരണകൂടവുമായി ഇന്ത്യ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 5 മുതൽ യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം അടിസ്ഥാന തീരുവയും ഏപ്രിൽ 9 മുതൽ 17 ശതമാനം അധിക തീരുവയും ഉൾപ്പെടെയാണ് ഇന്ത്യയ്ക്ക് മേൽ യുഎസ് 27 ശതമാനം തത്തുല്യ ചുങ്കം ഏർപ്പെടുത്തിയത്.
അതേസമയം, ട്രംപിന്റെ താരിഫ് ഉത്തരവ് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാണിജ്യ മന്ത്രാലയം, നീതി ആയോഗ്, വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്‌സാഹന വകുപ്പ് തുടങ്ങിയവയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine