സമ്പദ് വ്യവസ്ഥയും ഉലയുന്നു; ഭീതി പങ്കുവച്ച് കേരളം

കോവിഡ് 19 ആശങ്ക കേരളത്തില്‍ മുറുകുമ്പോള്‍ ബിസിനസ് മേഖലകളുടനീളം പിരിമുറുക്കത്തിലേക്ക്. വിവിധ കാരണങ്ങളാല്‍ കുറേക്കാലമായി സംസ്ഥാനം നേരിട്ടുവരുന്ന സാമ്പത്തികത്തളര്‍ച്ച കൂടുതല്‍ ഗുരുതര സ്വഭാവത്തിലേക്കു മാറുമെന്നുറപ്പായിക്കഴിഞ്ഞു. ജി എസ് ടി നഷ്ടം ഏറുന്നതോടെ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത് പുതിയ വെല്ലുവിളികള്‍.

ജി.എസ്.ടി വന്നതോടെ കേരളത്തിനു വരുമാനം കൂടുമെന്ന നിഗമനം മുമ്പേ പാളിയിരുന്നു. 2019ല്‍ ജി.എസ്.ടി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജി.എസ്.ടി വരുമാന നഷ്ടം കേന്ദ്രം പരിഹരിക്കണമെന്ന ആവശ്യം ഭാഗികമായേ ഫലമുളവാക്കിയിട്ടുള്ളൂ. ഇനിയും വരാവുന്ന നികുതി വരുമാനത്താഴ്ച കേന്ദ്രത്തേക്കാള്‍ സംസ്ഥാനത്തെയാകും വിഷമത്തിലാക്കുക

ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലേക്ക് പടര്‍ന്നുകയറുന്നതിന്റെ കനത്ത ആശങ്ക വ്യാപകമായിട്ടുണ്ട്. ബിസിനസ് മേഖലകളെല്ലാം കൊറോണ ഭീതിയുടെ ആഘാതത്തിലാണ്. തൊഴില്‍ രംഗങ്ങളില്‍ അസ്വാസ്ഥ്യം പടരുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍, പച്ചക്കറി കയറ്റുമതി, പൗള്‍ട്രി, സമുദ്രോല്‍പ്പന്ന കയറ്റുമതി, സിനിമ, ടാക്സി ബിസിനസ് മേഖലകളിലെല്ലാം വലിയ തിരിച്ചടിയേറ്റുതുടങ്ങി. ഐ ടി മേഖല നേരിടുന്നതും വന്‍ ബിസിനസ് നഷ്ടം. പ്രവാസി സമൂഹത്തെ വലയം ചെയ്യുന്ന പ്രതിസന്ധിയുടെ ഫലവും സംസ്ഥാനം നേരിട്ടുതുടങ്ങി. അടിസ്ഥാന മേഖലകളിലെല്ലാം ഭീതി പരന്നുകഴിഞ്ഞു. വൈറസിനെ നേരിടാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ചെലവ് ആവശ്യമായിരിക്കവേ തന്നെ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നികുതി വരുമാനവും ഇതുമൂലം കുറയുമെന്നു തീര്‍ച്ചയായി.

സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിദേശ സഞ്ചാരികള്‍ മാത്രമല്ല, ആഭ്യന്തര സഞ്ചാരികളും കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണ്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ വരെ, രാജ്യത്തിനകത്തും പുറത്തേക്കുമുള്ള ഗ്രൂപ്പ് വിനോദയാത്രകള്‍ ഏതാണ്ട് പൂര്‍ണമായും റദ്ദായിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് എമിറേറ്റ്സ് വഴി മാത്രം ബുക്ക് ചെയ്തിരുന്ന യൂറോപ്പിലേക്കും ഗള്‍ഫിലേക്കുമുള്ള ആയിരത്തോളം ഗ്രൂപ്പ് ടൂറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ പേരില്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍ കമ്പനികള്‍ക്കുണ്ടാകുന്നത് ഭീമന്‍ നഷ്ടമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുമൊക്കെയുള്ള സര്‍വീസുകള്‍ ധാരാളം റദ്ദാക്കിയിട്ടുണ്ട്.

ടൂറിസം മേഖലകള്‍ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആരും എത്താത്ത അവസ്ഥയായി.കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ 75% എണ്ണം മാത്രമേ ഇപ്പോഴുള്ളൂ. ഇവയില്‍ത്തന്നെ യാത്രക്കാര്‍ വളരെ കുറവ്. ആഭ്യന്തര സെക്ടറില്‍ പല വിമാനങ്ങളിലും ഇവിടെനിന്നു പോകാന്‍ തീരെ ആളില്ല.

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായിട്ടള്ള കുറവ് 40 ശതമാനം വരും. തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 20 ശതമാനത്തോളം കുറഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകള്‍ ധാരാളം റദ്ദാകുകയാണ്. വരും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് ഏതാണ്ട് പൂര്‍ണമായി റദ്ദാക്കുന്ന അവസ്ഥയാണുള്ളതെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. പഠനത്തിനോ ജോലിക്കോ പോകേണ്ട അത്യാവശ്യക്കാരോ അല്ലാതെ ബാക്കിയുള്ളവരെല്ലാം യാത്രകള്‍ റദ്ദാക്കുകയാണ്.

സൗദി അറേബ്യയിലേക്കുള്ള എയര്‍ ഇന്ത്യ, സൗദിയ സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള പച്ചക്കറി കയറ്റുമതിയില്‍ പ്രതിദിനം ശരാശരി 20 ടണ്ണിന്റെ കുറവാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെയാണ് ഇടിയുന്നത്. സംസ്ഥാനത്തെ ഫാമുകളില്‍നിന്നുള്ള കോഴിയിറച്ചിയുടെ മൊത്തവില 42 രൂപയായി കുറഞ്ഞു. 65 രൂപയാണ് വിപണികളിലെ ശരാശരി വില. വില പകുതിയായി താഴ്ന്നു.

കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍, മത്സ്യ കയറ്റുമതി വ്യാപാരവും വല്ലാത്ത പരിഭ്രാന്തിയിലാണ്. അമേരിക്കയിലേക്കുള്ള ചെമ്മീന്‍ ഇറക്കുമതി തടഞ്ഞശേഷം കേരളം പ്രതീക്ഷയര്‍പ്പിച്ചുപോന്നിരുന്ന പ്രധാന രാജ്യം ചൈനയാണ്. ചെമ്മീനു പുറമേ ജീവനുള്ള ഞണ്ടും വന്‍ വില നല്‍കി ചൈന മുന്‍ കാലങ്ങളില്‍ ഇറക്കുമതി ചെയ്തിരുന്നു. 1500 രൂപ വരെ വാങ്ങി ചൈന വാങ്ങിയിരുന്ന ഞണ്ട് 200-300 രൂപയ്ക്ക് നാട്ടില്‍ വില്‍ക്കേണ്ട ഗതികേടാണ് ഇക്കുറി വന്നിരിക്കുന്നതെന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഈ മേഖലയിലുള്ളവര്‍ പറയുന്നു. വൈറസ് ഭീതി പരന്നതോടെ നാട്ടുകാരും ഞണ്ടിനോട് അനിഷ്ടം കാണിച്ചു തുടങ്ങി.

കേരളത്തിലെ വിദേശവാണിജ്യം പ്രധാനമായും കൊച്ചി തുറമുഖം മുഖേനയാണ് നടക്കുന്നത്. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതോടെ കൊച്ചി തുറമുഖം വഴിയുള്ള വ്യാപാരം താറുമാറാകും. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപാര ഇടപടലില്‍ ഗണ്യമായ കുറവ് സംഭവിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ നല്ലൊരുഭാഗം സംഭാവന ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ കയറ്റുമതിയില്‍ കേരളം പ്രധാന പങ്ക് വഹിക്കുന്നു. ഈ വ്യാപാര മേഖലയ്ക്കെല്ലാം കൊറോണ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കുറേക്കാലമായി സംസ്ഥാനത്ത് മിക്ക ഉല്‍പന്നങ്ങളുടെയും ഉപഭോഗത്തില്‍ കനത്ത ഇടിവ് അനുഭവപ്പെട്ടിരുന്നു.ഇതിനും പുറമേ, ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൂടുതല്‍ താറുമാറാകുന്നതിനുള്ള സാധ്യതയാണ് വൈറസിലൂടെ വന്നുചേരുന്നത്. സംസ്ഥാനം പേറുന്ന 1,57,558 കോടി രൂപയുടെ പൊതുകടം ഉയരാന്‍ ഇടയാക്കും കോവിഡ് 19 എന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. ഓരോ കേരളീയന്റെയും കടം 45,728 രൂപയെന്നത് വൈറസ് കടന്നുപോയശേഷം എത്രയായി ഉയരുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവര്‍ക്കാകുന്നില്ല. കടത്തെ ചുറ്റിയുള്ള ഞാണിന്മേല്‍ കളിയാണ് കേരളം നടത്തുന്നതെന്ന് പറഞ്ഞ സംസ്ഥാന ധനമന്ത്രിക്ക് പുതിയ വെല്ലുവിളിയാണ് കോവിഡ് 19 എന്ന് അവര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it