രാജ്യത്തെ കോവിഡ് പ്രതിസന്ധി ജൂലൈ അവസാനം വരെ നീളാമെന്ന് നിതി ആയോഗ്
മെയ് മൂന്നിന് രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ കോവിഡ് കേസുകള്‍ കുത്തനെ ഉയരാനിടയുണ്ടെന്ന നിഗമനം ശക്തമാകുന്നു. ഇതിനനുസരിച്ച് ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുമെന്നും അതോടെ വീണ്ടും കോവിഡ് കേസുകള്‍ കൂടുകയും ചെയ്യുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.
മെയ് മാസത്തിനുശേഷം കോവിഡ് കേസുകളുടെ കൂടുതല്‍ ഹോട്ട് സ്‌പോട്ടുകള്‍ രാജ്യത്തുണ്ടായേക്കാമെന്ന് നിതി ആയോഗ് അംഗം (ഹെല്‍ത്ത്) ഡോ. വി കെ പോള്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ വരെ രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരാനിടയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.
രാജ്യം ഇപ്പോള്‍ രണ്ടുഘട്ടങ്ങളായി 40 ദിവസത്തോളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുമൂലമുണ്ടായ ഗുണം ഒറ്റയടിക്ക് നഷ്ടപ്പെടുത്താനും സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല. അതുകൊണ്ട് മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ പൂര്‍ണമായും മാറ്റാനുള്ള സാധ്യതകളും വിരളമാണ്, ഭാഗികമായാകും ഇളവുകള്‍ നല്‍കുക.
എവിടെ നിന്നെങ്കിലും രോഗവ്യാപന ലക്ഷണം കണ്ടാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കും. ഇപ്പോഴത്തെ നിലയ്ക്ക് ഇത്തരം സാഹചര്യങ്ങള്‍ ജൂലൈ മാസം വരെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline