ഇന്ത്യക്ക് പ്രതിദിനം നഷ്ടമാകുന്നത് 40,000 കോടി
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പട്ടതിലൂടെ രാജ്യത്തിന് പ്രതിദിനം 35,000 മുതല്‍ 40,000 കോടി രൂപ വരെ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാമെന്ന് കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് 6.3 ലക്ഷം കോടി മുതല്‍ 7.2 ലക്ഷം കോടി രൂപ വരെയാകും. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉല്‍പ്പാദന നഷ്ടം 80 ശതമാനം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഡിപിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 140-150 ലക്ഷം കോടി രൂപയായിരുന്നു ഇക്കാലയളവിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം.
ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലായിരിക്കും ഇത് ഏറെ ആഘാതം ഏല്‍പ്പിക്കുക. ജിഡിപിയില്‍ 4.2-4.8 ലക്ഷം കോടി രൂപയുടെ കുറവ് ഇക്കാലയളവില്‍ ഉണ്ടാകും. പിന്നീടുള്ള പാദങ്ങളിലെ വളര്‍ച്ചയെയും ഇത് ബാധിക്കുമെന്നും ജിഡിപി വളര്‍ച്ച ഇല്ലാതാവുകയോ കുറഞ്ഞ വളര്‍ച്ചയോ ആകാം ഇതിന്റെ ഫലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലോക്ക് ഡൗണ്‍ 21 ദിവസം കൊണ്ട് അവസാനിക്കുമെന്നും പറയാനാവാത്ത സ്ഥിതിയാണ്. ചിലപ്പോള്‍ 30-60 ദിവസം വരെ നീണ്ടു പോയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline