കോവിഡ് 19: ബിപിസിഎല്‍, എല്‍ഐസി, എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനകളെ എങ്ങനെ ബാധിക്കും?
2.1 ട്രില്യണ്‍ രൂപ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ മെഗാ ഓഹരി വിറ്റൊഴിക്കലിനെയും കോവിഡ് 19 തകിടം മറിച്ചിരിക്കുന്നു.
എയര്‍ ഇന്ത്യ, ബി പി സി എല്‍, എല്‍ ഐ സി എന്നിവയുടെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ട വന്‍തുക സമാഹരിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോവിഡ് 19 ഓഹരി വിപണിയില്‍ അസ്ഥിരത കൊണ്ടുവന്നു എന്നു മാത്രമല്ല, ബിസിനസ് സാഹചര്യങ്ങളെ മാറ്റി മറിക്കുകയും ചെയ്തിരിക്കുന്നു.
ജനങ്ങളുടെ യാത്രാശൈലികളില്‍ വന്ന മാറ്റം, രാജ്യാന്തര വിപണിയിലെ എണ്ണ വില ഇടിവ്, കുറഞ്ഞ നികുതി നിരക്കിലേക്ക് മാറാന്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാതിരിക്കുന്നതാണ് നല്ലതെന്ന ജനങ്ങളുടെ കാഴ്ചപ്പാട് തുടങ്ങിയവയൊക്കെയാണ് ഇന്ത്യയുടെ മാനം മുട്ടെയുള്ള ഓഹരി വിറ്റഴിക്കല്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ഇപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഓഹരി വിപണിയിലെ അസ്ഥിരത ഇതിനു പുറമേയുണ്ട്.
എണ്ണ വിലയിടിവ് ബിപിസിഎല്ലിന് തിരിച്ചടിയാകും
ഓഹരി വിറ്റഴിക്കലിന് വിധേയമാകുന്ന രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനം ബിപിസിഎല്‍ ആണ്. രാജ്യമെമ്പാടുമുള്ള ഇന്ധന വിതരണ, വിപണന ശൃംഖല, ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെ സംബന്ധിച്ച ഡാറ്റ ബേസ്, മുുംബൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ വന്‍തോതിലുള്ള ഭൂമി, മറ്റ് ആസ്തികള്‍ എല്ലാമുള്ള ഭീമനാണ് ബിപിസിഎല്‍.
എന്നാല്‍ രാജ്യാന്തരതലത്തില്‍ എണ്ണ വില ബാരലിന് 20 ഡോളറില്‍ താഴെ പോയാലും അത്ഭുതപ്പെടാനില്ല എന്ന സാഹചര്യത്തിലേക്ക് ലോക സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമ്പോള്‍ ബിപിസിഎല്ലിന്റെ ഓഹരി വിലകളിലും അത് ബാധിക്കും.
ലോകത്തിലെ പ്രമുഖ ഇന്ധന വിപണന, വിതരണ കമ്പനികളുടെയും ലാഭക്ഷമത പ്രതിസന്ധിയിലാകുമ്പോള്‍ മോഹവില നല്‍കി ആരാകും ബിപിസിഎല്ലിനെ വാങ്ങുക എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
ഓഹരി വിറ്റഴിക്കല്‍ നടന്നാലും രാജ്യത്തിന്റെ വലിയൊരു പൊതുസമ്പത്ത് വിറ്റൊഴിക്കുമ്പോള്‍ ലഭിക്കേണ്ട മൂല്യം ലഭിക്കുമോയെന്ന കാര്യവും ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ല.
എയര്‍ ട്രാവല്‍ രംഗത്തെ പ്രശ്‌നങ്ങളും ഈ രംഗത്തെ വന്‍കിട കമ്പനികള്‍ കോവിഡ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായതും എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയെയും സ്വാധീനിക്കും.
രാജ്യത്തെ ബജറ്റില്‍ കൊണ്ടുവന്ന പുതിയ ആദായനികുതി സമ്പ്രദായം എല്‍ഐസി പോളിസികളെ നിക്ഷേപവും നികുതി ഇളവിനുള്ള വഴിയുമായി പരിഗണിച്ച ചിലരെയെങ്കിലും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. എല്‍ ഐ സി എന്ന വമ്പന്റെ കൈയിലുള്ള രാജ്യത്തെ ജനങ്ങളുടെ ഡാറ്റ വളരെ വലിയതാണെങ്കിലും മൂല്യനിര്‍ണയം നടക്കുമ്പോള്‍ ജനങ്ങളുടെ മാറിയ അഭിരുചി കൂടി പരിഗണിക്കപ്പെടാന്‍ ഇടയുണ്ട്. അതും എല്‍ ഐ സിയുടെ വില്‍പ്പന മൂല്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ മെഗാ ഓഹരി വിറ്റൊഴിക്കല്‍ വലിയൊരു വിജയകമാകാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദൂര പ്രതീക്ഷകള്‍ മാത്രമാണുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline