കുതിച്ചുയരുന്ന കോവിഡ്; കേരളത്തില്‍ വരാനിരിക്കുന്നത് ഇതുവരെ കാണാത്ത പ്രതിസന്ധി

ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടായി കേരളം മാറുന്നതായി പ്രതിദിനമുയരുന്ന കോവിഡ് കണക്കുകള്‍. രോഗവ്യാപന നിരക്കില്‍ കേരളം ആണ് ഏറ്റവുമാദ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നാലാമതാണ് കേരളം. പ്രതിദിന വര്‍ദ്ധനവ് നിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. ഛത്തീസ്ഗഡും അരുണാചല്‍ പ്രദേശുമാണ് രോഗവ്യാപനത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍. മൂന്നു ശതമാനമാണ് ഇവിടുത്തെ രോഗവ്യാപനം. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന സംസ്ഥാന മഹാരാഷ്ട്രയാണ്. ആന്ധ്രാപ്രദേശും കര്‍ണ്ണാടകവുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. രോഗ പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി നിന്ന കേരളത്തിന്റെ സ്ഥിതി ഏറെ പരിതാപകരമെന്ന് യഥാര്‍ത്ഥ കണക്കുകള്‍.

കേരളത്തില്‍ സെപ്റ്റംബര്‍ 25ാം തീയതി മാത്രം പരിശോധിച്ചത് 56,057 സാംപിളുകളാണ് പരിശോധനയ്ക്ക് വെച്ചത്. ഇതില്‍ 6477 പോസിറ്റീവ് കേസുകളാണുള്ളത്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വരുന്നയാഴ്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേ സമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരം വരെ ആകാമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഓണത്തിനു ശേഷം രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം പോസിറ്റീവായവരില്‍ 5418 പേരാണ് സമ്പര്‍ക്കം മൂലം രോഗികളായവര്‍. ഇതില്‍ നിന്നു തന്നെ സാമൂഹ്യ വ്യാപനം രൂക്ഷമാകുകയാണെന്നതാണ് വെളിവാകുന്നത്. ഇത്തരത്തിലാണ് സ്ഥിതിഗതികള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ കവിഡ് സമസ്ഥ മേഖലയ്ക്കും വീണ്ടും പ്രഹരമാകുമെന്നതാണ് വിലയിരുത്തല്‍.

മുങ്ങിത്താഴ്ന്ന് ആരോഗ്യ മേഖല

ഇപ്പോള്‍ തന്നെ കോവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ ആകുന്ന രോഗികള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ സിലിണ്ടറോ ഐസിയു യൂണിറ്റുകളോ ഇവിടെ ഡ്യൂട്ടി ചെയ്യേണ്ടതിനായി മതിയായ ആരോഗ്യ പ്രവര്‍ത്തകരോ ഇല്ല എന്നതാണ് ഭീതി ജനകമായ വസ്തുത. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികള്‍ നിറയുന്ന സ്ഥിതിയാണുള്ളത്. മാത്രമല്ല സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല കോവിഡിന്റെ അതി തീവ്ര പരിചരണ ചെലവ്. സാധാരണ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് കോവിഡ് ചികിത്സ ഉള്‍പ്പെടുമെങ്കില്‍ പോലും രോഗികള്‍ക്കായുള്ള ശ്വസന ഉപകരണങ്ങളില്‍ പലതും പിപിഇ കിറ്റുകളുമുള്‍പ്പെടുന്ന സാമഗ്രികളും പല പാക്കേജുകളിലും ലഭ്യമല്ലെന്നാണ് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് ഇന്‍ഷുറന്‍സ് എടുക്കുക എന്നത് ഒരു പരിധി വരെ സഹായകമെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ബാധ്യതയാകുമിത്. വര്‍ധിച്ചു വരുന്ന രോഗികളുടെ കണക്ക് പല സര്‍ക്കാര്‍ ആശുപത്രികളിലും കിടത്തി ചികിത്സ ലഭ്യമല്ല എന്ന അവസ്ഥയിലാണെത്തിക്കുന്നത്. മറ്റസുഖങ്ങളോ തീവ്ര പരിഹരണം വേണ്ടുന്ന അവസ്ഥയോ ഇല്ല എങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റീന്‍ കഴിയേണ്ടി വന്നേക്കാമെന്നും കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. മറ്റൊന്ന് കോവിഡ് കേസുകള്‍ ഭയന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്താന്‍ പലര്‍ക്കും ഭയമാണെന്നിരിക്കെ ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന തുക നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മാത്രമല്ല പ്രൈവറ്റ് ആയുള്ള പരിശോധനകളും ഡോക്ടര്‍മാര്‍ കുറച്ചിട്ടുള്ളതും പരിശോധിക്കുന്നവര്‍ തന്നെ ഇരട്ടി ഫീസ് ഈടാക്കുന്നതും സാധാരണക്കാരെ സാമ്പത്തിക ബാധ്യതയിലാക്കും.

ഉല്‍പ്പാദനം കിതയ്ക്കും

കൂടുതല്‍ ഹോട്ട് സ്‌പോട്ട് എന്നത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്നുവെന്നതാണ് തെളിയിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വ്യവസായങ്ങളെ ഇത് ബാധിക്കും. ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പലതും പൂട്ടിപ്പോകുന്നതോടെ കേരളത്തിന്റെ ഉല്‍പ്പാദന രംഗത്തു നിന്നുള്ള വരുമാനവും കുറയും. പൊതുഗതാഗത സകര്‍വീസുകളെയും മറ്റും ബാധിക്കുന്നത് ജീവനക്കാര്‍ക്കും തൊഴിലിടങ്ങളിലെത്തിച്ചേരാനുള്ളതിന് ബുദ്ധിമുട്ടുണ്ടാക്കും. ഉല്‍പ്പാദനം കുറയുക മാത്രമല്ല വ്യാവസായിക മേഖലയിലെ സകല ക്രയവിക്രയങ്ങളെയും രോഗ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ ബാധിക്കും. കൂടുതല്‍ സംരംഭങ്ങള്‍ നിന്നു പോകാനും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നഷ്ടമാകാനുമെല്ലാം ഇടയാകുന്നതാണ് ഇപ്പോഴത്തെ വര്‍ധിച്ച കണക്കുകളുടെ പ്രത്യാഖാതങ്ങള്‍ എന്നതാണ് സത്യം. ഇത്തരത്തില്‍ പതിനായിരത്തിലേക്ക് രോഗികള്‍ കടക്കുക എന്നത് ജനങ്ങളില്‍ ഭിതിയും സൃഷ്ടിച്ചേക്കും.വ്യവസായ മേഖല സാമ്പത്തികമായി ഞെരുക്കത്തിലാകുന്നത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെയും ബാധിക്കും. കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനോ രോഗവ്യാപനം തടഞ്ഞുകൊണ്ടുള്ള പൊതുഗതാഗത സംവിധാനത്തിനോ കേരളവും അയല്‍ സംസ്ഥാനങ്ങളും സജ്ജമല്ല.

ഈ മേഖലകള്‍ ഇനി എന്നുണരും

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ഇത്തരത്തിലാണ് രോഗവ്യാപനം മുന്നോട്ട് പോകുന്നതെങ്കില്‍ ഈ മേഖല ഇനി എന്നു കരകയറുമെന്നത് പ്രവചനാതീതമാണ്. ആരോഗ്യ സുരക്ഷയെ മുന്നില്‍ കണ്ടാണ് ലോക്ഡൗണ്‍ മുതല്‍ ഇവയ്ക്ക് നിയന്ത്രണമെങ്കിലും കേരളത്തിലെ എഡ്യൂ - ബിസിനസ് രംഗം തന്നെ തളര്‍ച്ചയിലായി. ടൂറിസവും അത് പോലെ തന്നെയാണ്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചെങ്കിലും ഇളവുകള്‍ കേരളത്തെ രോഗവ്യാപനത്തില്‍ ഒന്നാമതാക്കുമ്പോള്‍ എല്ലാ വ്യവസായ രംഗവും പോലെ ടൂറിസവും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. വീണ്ടും ഹോട്ടലുകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ഇനിയത് തുടരാനാകുമോ എന്നത് ഉറപ്പില്ല. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കിലാണെന്നതാണ് ഇതിനും വെല്ലുവിളിയാകുന്നത്.

ലൈഫ്മിഷന്‍ കുരുക്ക്!

കോവിഡ് വ്യാപനം മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി അടക്കമുള്ളവരെ കുരുക്കിലാക്കുന്ന ലൈഫ്മിഷന്‍ പദ്ധതി നിയമലംഖനം കേരളത്തിന്റെ തലപ്പത്ത് എന്തു നടക്കുമെന്ന ആശങ്കയും ജനങ്ങളില്‍ നിറയ്ക്കുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസില്‍ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കാനൊരുങ്ങുകയാണ് സിബിഐ. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കലെന്നതാണ് ലഭ്യമായ റിപ്പോര്‍ട്ട്. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്കു പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നു വ്യക്തമായി കഴിഞ്ഞതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്. കേരളം ഇത്രയേറെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജി പോലും വേണ്ടി വരുന്ന മറ്റൊരു വലിയ പ്രശ്‌നവും നിലനില്‍ക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it