കുറയാതെ കോവിഡ്, രാജ്യത്ത് പുതുതായി 3,82,691 കേസുകള്‍

രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 3,82,691 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെയായി രോഗം ബാധിച്ചവരുടെ എണ്ണം 2,06,58,234 ആയി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം കോവിഡ് ബാധിച്ചത് 26,49,808 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം 3,786 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്തെ നിലവിലെ ആക്ടീവ് കേസുകളുടെ എണ്ണം 34.9 ലക്ഷമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയില്‍ പുതുതായി 51,880 പേര്‍ക്കാണ് രോഗം ബാധിച്ചത്. 891 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങള്‍.
മരണസംഖ്യ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലേക്കെത്തിച്ച കോവിഡ് വരും ആഴ്ചകള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്. മരണസംഖ്യ നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാകുമെന്ന് ചില ഗവേഷണ മാതൃകകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ ജൂണ്‍ 11 നകം 404,000 മരണങ്ങള്‍ സംഭവിക്കുമെന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനില്‍ നിന്നുള്ള ഒരു ഗണിത ശാസ്ത്ര മാതൃക ഇന്ത്യയില്‍ ജൂലൈ അവസാനത്തോടെ 1,018,879 മരണങ്ങള്‍ സംഭവിക്കുമെന്നാണ് പ്രവചിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it