കൈവിട്ട് കോവിഡ്; കേരളത്തിലും ചികിത്സാ സൗകര്യങ്ങള്‍ അവതാളത്തിലാകും

സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നത് ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. ആശുപത്രി കിടക്കകള്‍, ഐ സി യു, വെന്റിലേറ്റര്‍ എന്നീ സൗകര്യങ്ങള്‍ കിട്ടാതെ വരുന്ന സ്ഥിതി കേരളത്തിലും ഉണ്ടായേക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്, ലക്ഷങ്ങള്‍ ചെലവിട്ട് ആംബുലന്‍സില്‍ കുടുംബാംഗങ്ങള്‍ ഒന്നാകെ കേരളത്തിലേക്ക്് വരുന്നുണ്ട്. ഇതുകൂടാതെ, ഇതര സംസ്ഥാനങ്ങളില്‍ മരുന്നും ആശുപത്രി കിടക്കയും ലഭിക്കാത്തത് അവിടങ്ങളില്‍ ജീവിക്കുന്ന മലയാളികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇവരും അതിവേഗം കേരളത്തിലേക്ക് എത്തും. ഇതോടൊപ്പം കേരളത്തിലെ കോവിഡ് കേസുകളും കുത്തനെ ഉയരുകയാണ്. പ്രതിദിനം 20,000 കോവിഡ് കേസുകള്‍ കുറച്ചുദിവസം തുടര്‍ച്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ സംവിധാനം താറുമാറാകും.

ലക്ഷങ്ങള്‍ ചെലവിട്ട് ആംബുലന്‍സിലെത്തുന്ന രോഗികള്‍
അടുത്തിടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പൂനെയില്‍ നിന്നൊരു കുടുംബമെത്തി. കുടുംബാംഗങ്ങള്‍ മുഴുവന്‍ കോവിഡ് ബാധിതര്‍. റോഡ് മാര്‍ഗം ആംബുലന്‍സിലായിരുന്നു അവരുടെ യാത്ര. പരിചരത്തിന് വാഹനത്തില്‍ ഒരു നേഴ്‌സ് ഉള്‍പ്പടെ ആ യാത്രക്കായി ആംബുലന്‍സ് വാടക ഇനത്തില്‍ കുടുംബം ചെലവിട്ടത് രണ്ടര ലക്ഷം രൂപ. സ്വകാര്യ ആശുപത്രിയില്‍ ആ കുടുംബത്തിന്റെ ചികിത്സ കൂടി കഴിയുമ്പോള്‍ ചെലവ് ഇനിയും ഏറെ ലക്ഷങ്ങളാകും.

കോവിഡ് ബാധിതര്‍ക്ക് മരുന്ന് കിട്ടാനും ആശുപത്രി സൗകര്യം ലഭിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ പറയുമ്പോഴും അത് കേരളത്തിലുണ്ടാകില്ലെന്ന ധാരണയാണ് പലര്‍ക്കും. പക്ഷേ, പ്രതിദിന കോവിഡ് കേസുകള്‍ പിടിവിട്ട് മുന്നോട്ട് പോയാല്‍ ആരോഗ്യപരിരക്ഷാ സംവിധാനം താറുമാറാകുമെന്നതാണ് വാസ്തവം. നിലവില്‍ ഐ സി യു, വെന്റിലേറ്റര്‍ എന്നിവയുടെ കാര്യത്തില്‍ വെല്ലുവിളിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, കോവിഡ് കേസുകള്‍ കൂടുകയും അതോടൊപ്പം മറ്റ് അസുഖ ബാധിതരും കൂടിയാകുമ്പോള്‍ സ്ഥിതി രൂക്ഷമാകാന്‍ തന്നെയാണ് സാധ്യത.
ചികിത്സയ്ക്ക് ഭാരിച്ച ചെലവ്
കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത ശതമാനം കിടക്കകള്‍ കോവിഡ് കേസുകള്‍ക്കായി മാറ്റി വെച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഭാരിച്ച ചികിത്സാ ചെലവാണ്. ഹോസ്പിറ്റല്‍ മുറികള്‍ക്ക് തോന്നിയ പോലെയാണ് വാടക ഈടാക്കുന്നത് . ആയിരം രൂപ വാങ്ങിയിരുന്ന മുറികള്‍ക്ക് നാലായിരം വരെ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പലയിടത്തും പ്രതിദിന ബില്‍ 10,000 രൂപ വരെയൊക്കെയായിട്ടുണ്ട്. ഐ. സി. യു, വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിച്ചാല്‍ മിക്ക രോഗികള്‍ക്കും ശരാശരി അഞ്ചു ലക്ഷം രൂപക്ക് മുകളിലാണ് ബില്ല് വരുന്നത്. മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ ആരും പരാതിപ്പെടാറില്ല.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 2714 ഐസിയുകളും 1423 വെന്റിലേറ്ററുകളുമാണുള്ളതെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു. സ്വകാര്യ ആശുപത്രികളില്‍ 6213 ഐ സി യുകളും 1579 വെന്റിലേറ്ററുകളുമാണുള്ളതെന്നാണ് കണക്കുകള്‍. കോവിഡിന്റെ ഒന്നാം തരംഗത്തിലേതു പോലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ പുതുതായി ഇപ്പോള്‍ തുടങ്ങിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുകയും അവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ കൂടുതലായി വേണ്ടിവരുകയും ചെയ്താല്‍ കേരളത്തിലെ ആരോഗ്യ സംവിധാനം താറുമാറാകാന്‍ ഇടയുണ്ടെന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ പങ്കുവെയ്ക്കുന്നുണ്ട്.


George Mathew
George Mathew  

Related Articles

Next Story

Videos

Share it