കോവിഡ് പ്രതിസന്ധി: ഇന്ത്യയുടെ നിക്ഷേപ ഗ്രേഡ് താഴുമോ?

നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനം രാജ്യത്തിന്റെ നിക്ഷേപ ഗ്രേഡിനെ പ്രതികൂലമായി ബാധിക്കുമോ? ലോകത്തിലെ സാമ്പത്തിക സൂപ്പര്‍പവര്‍ പദവി ലക്ഷ്യമിട്ട് മുന്നേറിയ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ നിക്ഷേപ ഗ്രേഡിനെ തന്നെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ നിക്ഷേപ ഗ്രേഡ് ദുര്‍ബലമാണ്. ഇതിനകം എസ് ആന്‍ഡ് പി, മൂഡീസ്, ഫിച്ച് എന്നീ പ്രമുഖ ഏജന്‍സികള്‍ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം കുറയ്ക്കുകയോ കുറയ്ക്കുമെന്ന് മുന്നറിയിപ്പോ നല്‍കുകയോ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാരിന്റെ കടവും വന്‍തോതില്‍ ഉയരുകയാണ്. അതുകൊണ്ട് തന്നെ ഈ റേറ്റിംഗ് ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നെങ്കിലും രാജ്യത്തിന്റെ നിക്ഷേപ ഗ്രേഡ് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നുണ്ട്.

പൊതുകടം സ്ഥിരത നേടാനും പിന്നീട് കുറയാനും രാജ്യം കുറഞ്ഞത് പത്തുശതമാനമെങ്കിലും വളരണമെന്നാണ് യുബിഎസ് അനലിസ്റ്റ് പറയുന്നത്. മൂഡീസ് അടുത്തിടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തിനടുത്തായേക്കുമെന്ന അനുമാനമാണ് നടത്തിയിരിക്കുന്നത്. ''നിക്ഷേപ ഗ്രേഡ് കുറയ്ക്കുക എന്ന റിസ്‌ക് ഞങ്ങള്‍ കാണുന്നുണ്ട്. അത് എന്നായിരിക്കും എന്നത് മാത്രമാണ് ചോദ്യം,'' യുബിഎസ് എമര്‍ജിംഗ് മാര്‍ക്കറ്റ് സ്ട്രാറ്റജി മേധാവി മണിക് നരൈന്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ ധനമന്ത്രാലയവും കേന്ദ്ര സര്‍ക്കാരും ഈ ഭീഷണി മുന്നില്‍ കണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധികള്‍ രാജ്യം നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാജ്യത്തിന്റെ ഇരട്ടയക്കത്തിലുള്ള ധനക്കമ്മിയും പൊതുകടവും പ്രശ്‌നമാണെങ്കിലും അത് രാജ്യത്തിന്റെ നിക്ഷേപ ഗ്രേഡിന് താഴ്ത്താനിടയില്ലെന്ന നിരീക്ഷണമാണ് രാജ്യത്തിന്റെ മുന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പങ്കുവെയ്ക്കുന്നത്. കടം ഏറെയുണ്ടെങ്കിലും അടിസ്ഥാനപരമായി ഇന്ത്യ കരുത്തുറ്റ സാമ്പത്തിക ശക്തിയാണെന്ന് അദ്ദേഹം പറയുന്നു.


Related Articles
Next Story
Videos
Share it