പ്രവാസികളില്‍ ആശങ്ക വിതച്ച് കൊവിഡും ക്രൂഡോയ്‌ലും

അറബ് നാടുകളിലെ പ്രവാസി മലയാളികളുടെ ആശങ്കയൊഴിയുന്നില്ല. സ്വദേശിവത്കരണം നിരവധി മലയാളികളുടെ തൊഴിലില്ലാതാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഇടയാക്കിയതിനു പിന്നാലെ ഇരട്ട പ്രഹരമായി കൊവിഡും ക്രൂഡോയ്ല്‍ വിലത്തകര്‍ച്ചയും. കുറേ കാലമായി ക്രൂഡോയ്ല്‍ വില കുറഞ്ഞു വരുന്നതിനെ തുടര്‍ന്ന് മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് നാടുകളെല്ലാം പിടിച്ചു നില്‍ക്കാനുള്ള സകല വഴികളും തേടിക്കൊണ്ടിരിക്കുകയാണ്. എണ്ണയിതര വരുമാന മാര്‍ഗങ്ങളിലേക്ക് പല രാഷ്ട്രങ്ങളും തിരിഞ്ഞിട്ടുണ്ട്. അതിലൊന്ന് നികുതി വര്‍ധിപ്പിക്കുകയും മലയാളികളടക്കമുള്ള വിദേശികള്‍ക്ക് വിവിധ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കുകയുമൊക്കെയാണ്. എനര്‍ജി ഡ്രിങ്കുകളുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് വിപണിയെ ഏറെ ദോഷകരമായും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്വദേശി ജീവനക്കാര്‍ക്കുള്ള പല ഇളവുകളും ഭരണകൂടം ഇല്ലാതാക്കിയിട്ടുണ്ട്. ഓവര്‍ ടൈം തുക, ബോണസ്, കമ്മീഷന്‍ എന്നിവ വെട്ടിക്കുറച്ചപ്പോള്‍, സൗജന്യ വീട്, യാത്ര സൗകര്യങ്ങള്‍ നിര്‍ത്തലാക്കി. ഇതോടെ സ്വദേശികള്‍ അവരുടെ ആഡംബര ജീവിതം ഉപേക്ഷിക്കുകയും ചെലവ് കുറച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് കോഫ് ഷോപ്പുകള്‍, റസ്റ്റൊറന്റുകള്‍, വസ്ത്രക്കടകള്‍ എന്നിവിടങ്ങളിലെല്ലാം വില്‍പ്പനക്കുറവ് നേരിടുന്നുണ്ട്. മലയാളികളുടേതാണ് ഇത്തരത്തിലുള്ള മിക്ക സ്ഥാപനങ്ങളും.


ഇതിനു പിന്നാലെയാണ് കൊവിഡ് 19 ന്റെ വരവ്. ഇതോടെ മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളെല്ലാം പൂട്ടിയിട്ട് വരികയാണ്. താല്‍ക്കാലികമായി ജോലിയില്ലാതായ പ്രവാസി മലയാളികള്‍ തിരിച്ച് കേരളത്തില്‍ വരാനും വരാതിരിക്കാനും കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലേക്ക് മടങ്ങിയ പലര്‍ക്കും തിരിച്ചു പോകാനാകാത്ത സ്ഥിതിയുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയാണ് അവരെ നയിക്കുന്നത്. പലയിടങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയതും തിരിച്ചു പോക്ക് അസാധ്യമാക്കി. കേരളത്തിലേക്ക് മടങ്ങാതെ ജോലിയില്‍ തുടര്‍ന്നവര്‍ക്ക് പലര്‍ക്കും ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് ഗള്‍ഫ് വിപണിയില്‍ വില്‍പ്പന നടത്തുന്നവരില്‍ മലയാളി സംരംഭകര്‍ എറെയാണ് അവരുടെ സംരംഭം പൂര്‍ണമായും നിശ്ചലമായ സ്ഥിതിയിലുമാണ്. മലയാളിയായ റസ്റ്റൊറന്റ് ഉടമയുടെ നിസഹായവസ്ഥ വെളിവാക്കുകായണ് ഈയിടെ ഗള്‍ഫ് സന്ദര്‍ശിച്ച കോഴിക്കോട്ടെ വ്യാപാരി ചാക്കുണ്ണി. നേരത്തെ 20 ദിര്‍ഹത്തിന് മുറി നല്‍കിയിരുന്ന അവര്‍ ഇപ്പോള്‍ 10 ദിര്‍ഹത്തിന് നല്‍കിയിട്ടു പോലും ആളുകള്‍ താമസിക്കാനില്ലാത്ത സ്ഥിതിയാണ്. ഹോട്ടല്‍ ഉടനെ പൂട്ടേണ്ടി വരികയും മലയാളികളടക്കമുള്ള തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും ചെയ്യുമെന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക.

സ്വദേശികളായ കെട്ടിട ഉടമകളാവട്ടെ വ്യാപാരികള്‍ക്കുള്ള വാടകയില്‍ ഒരു കുറവും വരുത്തുന്നുമില്ല. ഈ ആശങ്കകള്‍ എന്നു തീരുമെന്നോ അതിനു ശേഷം എപ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കുമെന്നോ അറിയാതെ പ്രവാസികള്‍ വിഷമസന്ധിയിലായിരിക്കുകയാണെന്ന് പൊതുപ്രവര്‍ത്തകനും ഗള്‍ഫിലെ സംരംഭകനുമായ നാസര്‍ ചെര്‍ക്കളം പറയുന്നു. ഗള്‍ഫിലേക്കുള്ള യാത്ര കുറഞ്ഞതോടെ വിമാനക്കമ്പനികള്‍ മാത്രമല്ല, ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it