
ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് മേല്‍ യാത്രാ നിയന്ത്രണങ്ങളും കൂടുന്നു. യു.കെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച മുതലാണ് യാത്രാ വിലക്ക്. ജനിതക മാറ്റം സംഭവിച്ച കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യു.കെ വിവിധ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ തന്നെ ഇന്ത്യയെ റെഡ് ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍നിന്നെത്തിയ 103 പേരിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്.
റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനാല്‍ 10 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ച വിദേശപൗരന്മാര്‍ക്ക് യു.കെയില്‍ പ്രവേശിക്കാനാവില്ല. എന്നാല്‍ യു.കെയില്‍ പ്രവേശിക്കുന്നതിന് ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ മതിയാകും. അതേസമയം ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനവും കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി അമേരിക്ക. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയെ ലെവല്‍ - 4 പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യാതൊരു തരത്തിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കഴിയാത്തവരാണെങ്കില്‍ പ്രതിരേധ കുത്തിവയ്പ്പ് എടുക്കണമെന്നും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പൗരന്മാരോട് നിര്‍ദേശിച്ചു.
അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളും ഇന്ത്യക്ക് മേല്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. നിലവില്‍ യു.കെയില്‍ നിരവധി ഇന്ത്യക്കാരാണ് വിദ്യാഭ്യാസ-ബിസിനസ് ആവശ്യങ്ങള്‍ക്കായി പോകുന്നത്. ടൂറിസ്റ്റ് വീസകള്‍, പുതിയ സ്റ്റുഡന്റ് വീസകള്‍, വര്‍ക്ക് പെര്‍മിറ്റ് വീസകള്‍ തുടങ്ങിയവയെയായിരിക്കും ഈ നിയന്ത്രണം കൂടുതലായി ബാധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine