Begin typing your search above and press return to search.
കോവിഡ് പട്ടിണിയിലേക്കെത്തിച്ചത് 23 കോടി ജനങ്ങളെയെന്ന് റിപ്പോര്‍ട്ട്
ഒരു വര്‍ഷത്തിലധികമായി താണ്ഡവമാടുന്ന കോവിഡ് മഹാമാരി രാജ്യത്തെ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ പട്ടിണി നിരക്ക് 15 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ ഇത് 20 ശതമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസിം പ്രേംജി സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണമായത്.
ഗതാഗത മേഖലയിലുണ്ടായ 10 ശതമാനം ഇടിവ് വരുമാനത്തില്‍ 7.5 ശതമാനം കുറവ് വരുത്തും. നിലവില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകള്‍ കാരണം സ്ഥിതി കൂടുതല്‍ വഷളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 അവസാനത്തോടെ 15 ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കോവിഡിന് മുമ്പത്തേക്കാള്‍ അപേക്ഷിച്ച് ഗാര്‍ഹിക വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ട്. 2020 ഒക്ടോബറില്‍ പ്രതിശീര്‍ഷ ശരാശരി കുടുംബ വരുമാനം 4,979 രൂപയായി കുറഞ്ഞു. 2020 ജനുവരിയില്‍ ഇത് 5,989 രൂപയായിരുന്നു.
കൂടാതെ, ശരാശരി കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ തൊഴില്‍ നഷ്ടം കൂടുതലാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ തൊഴില്‍രഹിതരായത്.
ആദ്യ വര്‍ഷത്തില്‍ ഉണ്ടായ നഷ്ടം നികത്താനും രണ്ടാം തരംഗത്തിന്റെ ആഘാതം പരിഹരിക്കാനും സര്‍ക്കാര്‍ സഹായം അടിയന്തിരമായി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നടപടികള്‍ക്ക് ഏകദേശം 5.5 ലക്ഷം കോടി രൂപ അധിക ചെലവായി വേണ്ടിവരും.
കോവിഡ് ദുരിതാശ്വാസത്തിനുള്ള മൊത്തം സാമ്പത്തിക വിഹിതം രണ്ട് വര്‍ഷം കൊണ്ട് ജിഡിപിയുടെ 4.5 ശതമാനത്തിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story