പ്രതിദിനം 2 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; അഞ്ച് ലക്ഷം ആയേക്കുമെന്ന് മുന്നറിയിപ്പ്

കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നതോടെ വൈറസിന്റെ ശക്തമായ പിടിയിലേക്ക് രാജ്യം. അവസാന 24 മണിക്കൂറില്‍ 2,00,739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തെ കണക്കു പ്രകാരം 1,038 പേരാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ രോഗപര്യവേക്ഷകനായ ബി മുഖർജീ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രതിദിന നിരക്ക് അഞ്ച് ലക്ഷമായി ഉയർന്നേക്കും എന്നാണ് ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചത്. നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.

ഡല്‍ഹിയില്‍ മാത്രം 17,282 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗികളായി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളതും ഡല്‍ഹിയിലാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. 767438 കോവിഡ് രോഗികളാണ് ഡല്‍ഹിയില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11540 രോഗികളാണ് ഇതില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂര്‍ മാത്രം 102 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഡല്‍ഹിയിലെബാങ്കെറ്റ് ഹാളുകളും ഹോട്ടലുകളും കഴിഞ്ഞ ദിവസം ആശുപത്രികളുമായി ബന്ധിപ്പിച്ചുകൊണ്ട് കോവിഡ് രോഗികള്‍ക്കായുള്ള 3269 ഓളം ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 718 ഓളം പുതിയ ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ ഉള്‍പ്പെടുന്ന 28 ഐസിയും 187 ഐസിയു ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.
ഹരിയാന സര്‍ക്കാരും കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ തേടുകയാണ്. നളന്ദ ഹോസ്പിറ്റല്‍, പാട്‌ന മെഡിക്കല്‍ കോളെജ്, എയിംസ് എന്നിവയെല്ലാം കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. മരണമടഞ്ഞ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനും സൗകര്യങ്ങളില്ലാതെ പ്രതിസന്ധിയുണ്ട്. ഓരോ ആഴ്ചയും 50 മരണം വീതമാണ് ഹരിയാനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഉയരാനിടയുണ്ടെന്നാണ് ഇപ്പോഴുളള റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ആകെ 1,40,74,564 രോഗികള്‍ ആണ് ഇതുവരെ കോവിഡ് ബാധ മൂലം ചികിത്സയില്‍ ആയിരുന്നത്. ഇവരില്‍ 1,24,29,564 പേര്‍ ഇതിനോടകം രോഗ മുക്തി നേടിയിട്ടുണ്ട്. അതുവരെ 11,44,93,238 പേര്‍ക്ക് വാക്‌സിനേഷന്‍ എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ 26,20,03,415 സാംപിളുകള്‍ പരിശോധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇന്നലെ മാത്രം 13,84,549 സാംപിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍
കേരളത്തില്‍ കോവിഡ് രൂക്ഷമാകുകയാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളും കോവിഡ് മരണങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇവരില്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൊവിഡ് ബാധിതരാകുന്ന ഇവരില്‍ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ നല്‍കുന്നതിന്റെ പ്രായപരിധി പുന: പരിശോധിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ച 4836 മരണങ്ങളില്‍ 96.98 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചതെന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ വ്യക്തികള്‍ തന്നെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്താണ്. മരണ നിരക്കും ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. തൊട്ടുപിന്നില്‍ കോഴിക്കോടും തൃശ്ശൂരും. രോഗ നിരക്കിന് ആനുപാതികമായ മരണങ്ങളും തിരുവനന്തരപുരം ജില്ലയിലാണ് കൂടുതല്‍. 0.8 ശതമാനം.


Related Articles
Next Story
Videos
Share it