കോവിഡ്: ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കൂടുന്നു; വെന്റിലേറ്ററുകള്‍, ഐസിയു സൗകര്യം അടിയന്തിരമായി കൂട്ടേണ്ടി വരും

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.39 ലക്ഷമായതോടെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം ലഭ്യല്ലാത്ത സ്ഥിതിയാണ്. തൃശൂര്‍, എറണാകുളം ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നിറഞ്ഞുകഴിഞ്ഞു. മറ്റിടങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഐ സി യു കിടക്കകളും ഒഴിവില്ലാത്ത സ്ഥിതിയിലാണ്.

ഇന്നലെ കേരളത്തില്‍ 31,959 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്നലത്തേത്. 28.37 ശതമാനം. അതായത് ടെസ്റ്റ് ചെയ്യുന്ന മൂന്നില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന അവസ്ഥ.

ഒട്ടേറെ ആളുകളില്‍ കോവിഡ് ലഘുവായ ലക്ഷങ്ങളോടെ വന്നുപോകുന്നുണ്ടെങ്കിലും രണ്ടാം തരംഗത്തില്‍ അതിതീവ്ര പരിചരണം വേണ്ടി വരുന്ന രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. കടുത്ത ന്യുമോണിയയും മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും മൂലം ഏറെ പേര്‍ക്ക് ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വേണ്ടിവരുന്നു. മാത്രമല്ല, അതിതീവ്ര പരിചരണവും നിരീക്ഷണവും കുറേ ദിവസങ്ങള്‍ വേണ്ടി വരുന്നതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചവരെ അതിവേഗം മാറ്റാനും സാധിക്കുന്നില്ല. ഇതോടെ സംസ്ഥാനത്ത് കടുത്ത വെന്റിലേറ്റര്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന അവസ്ഥയില്‍ കൂടുതല്‍ താല്‍ക്കാലിക ചികിത്സാകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് അടിയന്തരമായി സ്ഥാപിക്കേണ്ടി വരും. നിലവില്‍ അടഞ്ഞുകിടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഹോട്ടലുകള്‍ എന്നിവ ഏറ്റെടുത്ത് ഇത്തരം താല്‍ക്കാലിക കേന്ദ്രങ്ങള്‍ വ്യാപകമായി ഒരുക്കിയില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത. കോവിഡ് രണ്ടാം തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന കണക്കില്‍ ഇതുവരെ എത്തിയിട്ടില്ലെന്ന നിഗമനം കൂടി കണക്കിലെടുത്ത് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ അടിയന്തിരമായി ഒരുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വേണം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍

അതിതീവ്ര രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും വന്‍തോതില്‍ കൂട്ടേണ്ടിയിരിക്കുന്നു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരെ വന്‍തോതില്‍ സജ്ജമാക്കിയാല്‍ സംസ്ഥാനത്തിന് ഒരു മെഡിക്കല്‍ എമര്‍ജന്‍സിയെ ആത്മവിശ്വാസത്തോടെ നേരിടാനാകും. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും വിദേശത്തുനിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ പ്രൊഫഷണലുകളുടെയും മെഡിക്കല്‍ - നേഴ്‌സിംഗ് - പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയുമെല്ലാം പാനലുണ്ടാക്കി അടിയന്തിര സാഹചര്യത്തില്‍ അവരുടെ സേവനം ഉറപ്പാക്കാനുള്ള സംവിധാനവും വേണം.


Related Articles
Next Story
Videos
Share it