Begin typing your search above and press return to search.
കോവിഡ് വാക്‌സിനേഷന്‍; സ്വകാര്യ മേഖലയ്ക്കും സാധ്യത
കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ക്കിടയില്‍ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയിൽ സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നു.
വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതഗതിയിലാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിലയിരുത്തലില്‍ നിര്‍ദ്ദേശം നല്‍കി. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് താമസിയാതെ വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയെ വാക്‌സിനേഷനില്‍ കൂടുതല്‍ സജീവ പങ്കാളിയാക്കുന്നതിനെ പറ്റിയുള്ള ആലോചനകള്‍ നടക്കുന്നത്.
50 വയസ്സിനു മുകളിലുള്ളവരെ വാക്‌സിനേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതോടെ 27-കോടിയോളം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കേണ്ടി വരും. ഇതിനു പുറമെ കോവിഡ് ഇന്‍ഫെക്ഷന്‍ മൂലം നിലവില്‍ അസുഖങ്ങള്‍ ഉള്ള ഹൈ റിസ്‌ക് ഗണത്തില്‍ പെട്ട 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ട്.
വാക്‌സിനേഷന്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ വിശദാംശങ്ങള്‍ അതിവേഗം തയ്യാറാവുകയാണ്. സ്വകാര്യ മേഖലക്ക് ഈ ഘട്ടത്തില്‍ വലിയ പങ്കാളിത്തമുണ്ടാവും, നിതി ആയോഗില്‍ ആരോഗ്യ വിഷയങ്ങളുടെ ചുമതലയുള്ള ഡോ. വി.കെ പോള്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇപ്പോള്‍ തന്നെ സ്വകാര്യമേഖലയുടെ പങ്കാളിത്തം ലഭ്യമാണ്. ദിവസവും നടക്കുന്ന പതിനായിരത്തോളം വാക്‌സിനേഷനുകളില്‍ 2,000 സ്വകാര്യ മേഖല വഴിയാണ്, അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്റെ വേഗതയും വ്യാപ്തിയും ഉയരുന്നതോടെ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉയരും. അടുത്ത ഘട്ടത്തില്‍ 50,000 വാക്‌സിനേഷനുകളാണ് ദിനം പ്രതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള 67 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും 40 ശതമാനം മുന്‍നിര പ്രവര്‍ത്തകരും ഇതിനകം തന്നെ ഒന്നാം റൗണ്ട് വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതിനു പുറമെ 11.5 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ 40-50 ശതമാനം വരെ വാക്‌സിനേഷനുകള്‍ സ്വകാര്യ മേഖല വഴിയാവുന്നതിനാണ് സാധ്യത.
Next Story
Videos