18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ; വാക്‌സിന് വില കൂടും, ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് വരും

രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം പ്രത്യക്ഷത്തില്‍ കയ്യടി നേടുമ്പോഴും അത് വിജയകരമായി നടപ്പാക്കപ്പെടുന്നതില്‍ സംശയങ്ങള്‍ ഏറെ. കോവിഡ് വ്യാപനം തടയാന്‍ രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിനേഷനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റ് മേധാവികളും നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ടായിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ച് മെയ് ഒന്നുമുതല്‍ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവരിലേക്കും വാക്‌സിന്‍ കുത്തിവെയ്പ്പ് വ്യാപിപ്പിക്കുകയാണ്. ഇതോടെ കോവിഡ് വാക്‌സിനേഷന്റെ മൂന്നാംഘട്ടത്തിന് രാജ്യത്ത് തുടക്കമാകും.

മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുന്നത്, വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
വാക്‌സിന്‍ നയത്തിലെ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കും?
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനത്തിനൊപ്പം വാക്‌സിന്‍ നയത്തില്‍ നിര്‍ണായകമായ ചില തീരുമാനങ്ങളും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കൈകൊണ്ടിട്ടുണ്ട്. അവ,

$ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ വില്‍പ്പന അനുവദിച്ചു.

$ വാക്‌സിന്‍ നേരിട്ട് വാങ്ങുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്കുമെല്ലാം വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന്് നേരിട്ട് വാക്‌സിന്‍ വാങ്ങാം.

$ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ ഉല്‍പ്പാദ ശേഷി വര്‍ധിപ്പിക്കാനും പുതിയ ദേശീയ, രാജ്യാന്തര കമ്പനികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും ഇളവുകള്‍ നല്‍കും.

ഏപ്രില്‍ ഒന്നുമുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങിയപ്പോള്‍ മുതല്‍ രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം രൂക്ഷമാണ്. കേരളത്തില്‍ തന്നെയുള്ള ആയിരത്തിലേറെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഇന്നലെയും എത്തിയിട്ടില്ല.

രാജ്യത്തെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോട്ടെക്കിനും 300 ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിച്ച് നല്‍കാനായി മുന്‍കൂറായി കേന്ദ്രം 4500 കോടി രൂപ നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പണം ലഭിച്ചതുകൊണ്ട് മാത്രം വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവാണ്. അമേരിക്ക ഇത്തരം വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ നിര്‍മാണം കൂട്ടാന്‍ അസംസ്‌കൃത വസ്തുക്കള്‍ക്കായി ചൈനയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

വാക്‌സിന്‍ നിര്‍മാണം കുത്തനെ കൂട്ടാനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും സമയമെടുക്കും. അതുകൊണ്ട് പണം ലഭ്യമാക്കിയാല്‍ ഇരുട്ടി വെളുക്കുമ്പോള്‍ ഇന്ത്യയിലെ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ യഥേഷ്ടം വിപണിയില്‍ എത്താന്‍ സാധ്യതയില്ല. അതിന് കുറച്ചു സമയമെടുക്കുക തന്നെ ചെയ്യും.

കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാമെന്ന തീരുമാനം ഭാവിയില്‍ വാക്‌സിന്‍ ക്ഷാമത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്് കേന്ദ്ര സര്‍ക്കാരിന്് തലയൂരാനുള്ള മറയാകും. ഓരോ സംസ്ഥാനത്തെയും സാഹചര്യം പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നിരിക്കെ, കേന്ദ്രത്തെ പഴിചാരുന്നത് എന്തിന് എന്ന വാദം ഇനി ഉയരാം. വാക്‌സിന്‍ ക്ഷാമം രാജ്യത്ത് വരാനിടയുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തന്നെയാണ് കേന്ദ്രം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.

ഇനി കമ്പനികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്കും വാക്‌സിന്‍ നേരിട്ട് വാങ്ങാം. ഇതോടെ വന്‍കിട കമ്പനികള്‍, ഐറ്റി കമ്പനികള്‍ ഉള്‍പ്പടെ, തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ അവ വന്‍തോതില്‍ വാങ്ങും. മാത്രമല്ല, വാക്‌സിന്‍ വില കമ്പനികള്‍ക്ക് തീരുമാനിക്കാം. സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി ഇ ഒ അദാര്‍ പൂനാവാല, മുന്‍പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലെല്ലാം കോവിഡ് വാക്‌സിന്‍ ഒരു ഡോസ് നിര്‍മിച്ച് വിതരണം ചെയ്യാന്‍ 1000 രൂപ വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കോവിഡ് വാക്‌സിന് 250 രൂപ എന്ന വില നിയന്ത്രണം ഉണ്ട്. മെയ് ഒന്നുമുതല്‍ ഈ വില നിയന്ത്രണം എടുത്തുകളയുമ്പോള്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ വില കൂട്ടാം.

ഇപ്പോള്‍ തന്നെ സൗജന്യ വാക്‌സിനേഷന്‍ ക്യാംപുകളില്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ട്. ഉല്‍പ്പാദനം ഗണ്യമായി കൂടാതെ വാക്‌സിന്‍ ലഭ്യത കൂടില്ല. പൊതുവിപണിയില്‍ ഉയര്‍ന്ന വിലയക്ക് വാക്‌സിന്‍ വില്‍ക്കാമെന്നിരിക്കെ കമ്പനികള്‍ അതിന് മുന്‍തൂക്കം നല്‍കിയാല്‍, സൗജന്യ വാക്‌സിനേഷന് താളം തെറ്റും. ഇത് സമൂഹത്തിലെ സാധാരണക്കാര്‍ക്കും താഴെ തട്ടില്‍ കഴിയുന്നവര്‍ക്കുമുള്ള വാക്‌സിന്‍ വിതരണം താറുമാറാക്കാനും ഇടയാക്കിയേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it