ഇന്ത്യയില്‍ പണപ്പെരുപ്പം കൂടുന്നു,​ കേരളത്തിൽ കുറയുന്നു; കുറഞ്ഞ വിലക്കയറ്റമുള്ള 3 സംസ്ഥാനങ്ങളിലൊന്ന് കേരളം

സാധാരണക്കാര്‍ക്കും സാമ്പത്തികലോകത്തിനും ഒരുപോലെ തിരിച്ചടിയായി ഡിസംബറില്‍ രാജ്യത്തെ നിത്യോപയോഗ സാധാനങ്ങളുടെ വിലക്കയറ്റത്തോത് കുത്തനെ കൂടി. ഉപഭോക്തൃവില (റീറ്റെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation) നവംബറിലെ 5.55 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 4-മാസത്തെ ഉയരമായ 5.69 ശതമാനത്തിലേക്കാണ് കുതിച്ചുകയറിയത്. ഒക്ടോബറില്‍ പണപ്പെരുപ്പം 5-മാസത്തെ താഴ്ചയായ 4.87 ശതമാനം മാത്രമായിരുന്നു.

ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം കഴിഞ്ഞമാസം നവംബറിലെ 5.85 ശതമാനത്തില്‍ നിന്ന് 5.93 ശതമാനത്തിലേക്കും നഗരമേഖലകളിലേത് 5.26 ശതമാനത്തില്‍ നിന്ന് 5.46 ശതമാനത്തിലേക്കും കൂടി.
കത്തിക്കയറി ഭക്ഷ്യവിലപ്പെരുപ്പം
റീറ്റെയ്ല്‍ പണപ്പെരുപ്പം കൂടുന്നത് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും തിരിച്ചടിയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം കൂടുന്നതാണ് ഇവരെ കൂടുതല്‍ ആശങ്കയിലാക്കുക. ഒക്ടോബറില്‍ 6.61 ശതമാനവും നവംബറില്‍ 8.70 ശതമാനവുമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) ഡിസംബറില്‍ 9.53 ശതമാനത്തിലേക്ക് കത്തിക്കയറി.
പച്ചക്കറികളുടെ വിലനിലവാരം നവംബറിലെ 17.7 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 27.64 ശതമാനത്തിലേക്ക് കൂടിയതാണ് പ്രധാന തിരിച്ചടി.
കനത്ത വെല്ലുവിളി; പലിശഭാരത്തെ ഉയര്‍ത്തുമോ?
റീറ്റെയ്ല്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റസിര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാറുള്ളത്. റീറ്റെയ്ല്‍ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (MPC) ലക്ഷ്യം.
ഡിസംബറിലും പണപ്പെരുപ്പം ഈ സഹനപരിധിക്കുള്ളിലാണെങ്കിലും തുടര്‍ച്ചയായി കൂടുന്നതും ഭക്ഷ്യവിലപ്പെരുപ്പം കുതിക്കുന്നതും എം.പി.സിയെ ആശങ്കപ്പെടുത്തിയേക്കാം.
2024ല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്നാണ് കഴിഞ്ഞമാസങ്ങളില്‍ വിലയിരുത്തപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍, പലിശ കുറയ്ക്കാന്‍ കാലതാമസമെടുത്തേക്കാം. അതായത്, നിലവിലുള്ള ഉയര്‍ന്ന പലിശഭാരം ഏറെക്കാലത്തേക്ക് തുടരുക തന്നെ ചെയ്യും.
പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടില്‍
രാജ്യം വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേയുള്ള ഈ അവശ്യവസ്തുക്കളുടെ വിലക്കയറ്റം കേന്ദ്രത്തെ അലോസരപ്പെടുത്തും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരുപക്ഷേ, പണപ്പെരുപ്പം കുറയ്ക്കാനും ജനരോഷത്തിന് തടയിടാനും ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചേക്കാം.
പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്കിനോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ഇതുപരിഗണിച്ചാല്‍ തുടര്‍ച്ചയായ 51-ാം മാസമാണ് റീറ്റെയ്ല്‍ പണപ്പെരുപ്പം കേന്ദ്രത്തിന്റെ ഈ 'ലക്ഷ്മണരേഖ' കടന്ന് കുതിക്കുന്നത്.
കേരളത്തില്‍ വിലക്കയറ്റം താഴേക്ക്
ദേശീയതലത്തിലെ ട്രെന്‍ഡിന് കടകവിരുദ്ധമായി കേരളത്തില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം ഡിസംബറില്‍ കുത്തനെ കുറഞ്ഞത് ശ്രദ്ധേയമായി. നവംബറിലെ 4.80 ശതമാനത്തില്‍ നിന്ന് 4.28 ശതമാനമായാണ് കേരളത്തിലെ വിലക്കയറ്റത്തോത് താഴ്ന്നത്. ഗ്രാമങ്ങളിലെ വിലക്കയറ്റം 4.57 ശതമാനത്തില്‍ നിന്ന് 4.21 ശതമാനത്തിലേക്കും നഗരങ്ങളിലേത് 5.22 ശതമാനത്തില്‍ നിന്ന് 4.48 ശതമാനത്തിലേക്കും താഴ്ന്നതും കേരളത്തിന് നേട്ടമായി.
രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് കേരളം. ഡല്‍ഹി (2.95%), ജമ്മു കശ്മീര്‍ (4.15%) എന്നിവ മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. വിലക്കയറ്റം ഏറ്റവും രൂക്ഷം ഒഡീഷയിലും (8.73%), ഗുജറാത്തിലുമാണ് (7.07%). ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലും പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it