വായ്പാ കാലാവധി: ശ്രീലങ്കയ്ക്ക് സാവകാശം നല്‍കി ഇന്ത്യ
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് നല്‍കിയ 100 കോടി ഡോളറിന്റെ (8,200 കോടി രൂപ) വായ്പാ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ ഇന്ത്യ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്. ഇതോടെ വായ്പാ കാലാവധി 2024 മാര്‍ച്ച് വരെ നീട്ടിയതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി പ്രിയന്ത രത്‌നായകെ പറഞ്ഞു.
വിദേശനാണ്യ ലഭ്യത വര്‍ധിച്ചു
നിലവില്‍ ഇതില്‍ 350 മില്യണ്‍ ഡോളര്‍ (2,870 കോടി രൂപ) ബാക്കിയുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. അത് ഇപ്പോള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. വിപണിയില്‍ വിദേശനാണ്യ ലഭ്യത വര്‍ധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പുറത്തു നിന്നുള്ള പണത്തിന്റെ ആവശ്യങ്ങള്‍ കുറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീലങ്കയ്ക്ക് ഇറക്കുമതി ആവശ്യങ്ങള്‍ക്കായി പണം നല്‍കുന്നതിന് വേണ്ട സഹായവും ഇന്ത്യ അനുവദിച്ചു.
പണപ്പെരുപ്പ നിരക്ക് കുറയുന്നു
ഏപ്രിലിലെ ശ്രീലങ്കയുടെ പ്രധാന പണപ്പെരുപ്പ നിരക്ക് മാര്‍ച്ചിലെ 50.3 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായി കുറഞ്ഞു. കൊളംബോ ഉപഭോക്തൃ വില സൂചികയില്‍ ഭക്ഷ്യ പണപ്പെരുപ്പം മാര്‍ച്ചിലെ 47.6 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 30.6 ശതമാനമായി കുറഞ്ഞു. അതേസമയം ഭക്ഷ്യേതര പണപ്പെരുപ്പം 37.6 ശതമാനത്തിലെത്തി. ഡിസംബര്‍ അവസാനത്തോടെ ശ്രീലങ്കയിലെ പണപ്പെരുപ്പം ഒറ്റ അക്കത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗ പറഞ്ഞു.
മൊത്തം 4 ബില്യണ്‍ ഡോളര്‍
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ഉയര്‍ന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ മൊത്തം 400 കോടി ഡോളര്‍ (32,800 കോടി രൂപ) അടിയന്തര സഹായം ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണ് 1 ബില്യണ്‍ ഡോളറിന്റെ ഈ വായ്പ. മാര്‍ച്ചായിരുന്നു ഈ അടിയന്തര സഹായത്തിന് നല്‍കിയ അവസാന കാലാവധി. ഇതാണ് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. മരുന്നുകള്‍ക്കും ഭക്ഷണത്തിനുമാണ് ഈ തുക കൂടുതലും ഉപയോഗിച്ചിരുന്നത്.